ദിവസവും നട്‌സ് കഴിക്കുന്നവരാണ് നമ്മളിൽ പലരും. ബദാം, നിലക്കടല, കശുവണ്ടിപ്പരിപ്പ് തുടങ്ങി പല നട്‌സ് ആണ് മിക്കവരും കഴിക്കുന്നത്. എന്നാൽ റോസ്റ്റ് ചെയ്താണോ ചെയ്യാതെയാണോ നട്‌സ് കഴിക്കേണ്ടത് എന്ന കാര്യത്തിൽ സംശയം തോന്നിയിട്ടുണ്ടോ?
നട്‌സ് വറുത്തും അല്ലാതെയും കഴിക്കുന്നത് പോഷകങ്ങൾ, രുചി, ആരോഗ്യ ഗുണങ്ങൾ എന്നിവയിൽ എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു എന്ന് പരിശോധിക്കാം. റോസ്റ്റ് ചെയ്ത നട്‌സിന്റെയും ചെയ്യാത്തതിന്റെയും ഗുണങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം.
പോഷകങ്ങൾ
വറുക്കാത്ത നട്‌സുകളിൽ വിറ്റാമിൻ ഇ, ആന്റിഓക്‌സിഡന്റുകൾ പോലുള്ള പോഷകങ്ങൾ കൂടുതലാണ്. നട്‌സ് വറുക്കുന്നത് പോഷകങ്ങൾ ചെറുതായി നഷ്ടപ്പെടാനും പോളിഅൺസാച്ചുറേറ്റഡ് കൊഴുപ്പുകളുടെ ഓക്‌സിഡേഷൻ വർധിപ്പിക്കാനും ഇടയാക്കുമെന്നും എന്നാൽ ഈ മാറ്റങ്ങൾ അവയുടെ പോഷകമൂല്യത്തെ കാര്യമായി ബാധിക്കില്ലെന്നുമാണ് ഹെൽത്ത് ലൈൻ റിപ്പോർട്ട് ചെയ്യുന്നത്. ആന്റിഓക്‌സിഡന്റ് ലഭ്യതയ്ക്ക് മുൻഗണന നൽകുന്നവർക്ക് വറുക്കാത്ത നട്‌സ് കഴിക്കുന്നതാണ് നല്ലത്.
രുചിയും ദഹനവും
വറുത്ത നട്‌സ് രുചികരമാണ്. നട്‌സ് വറുക്കുന്നത് നല്ല രുചി, മണം, മൊരിഞ്ഞ ഘടന എന്നിവ നൽകുന്നു. വറുത്ത നട്‌സ് കഴിക്കുന്നത് ഫൈറ്റിക് ആസിഡ് പോലുള്ള ആന്റിന്യൂട്രിയന്റുകൾ കുറയ്ക്കുകയും ഇത് ധാതുക്കളുടെ ആഗിരണത്തെ മെച്ചപ്പെടുത്തുകയും ചില ആളുകളിൽ ദഹനം എളുപ്പമാകുകയും ചെയ്യും.
എണ്ണയും കൊഴുപ്പും
വറുത്ത നട്‌സിലും വറുക്കാത്ത നട്‌സിലും സ്വാഭാവിക കൊഴുപ്പുകൾ ഏതാണ്ട് തുല്യമായ അളവിലാണ് അടങ്ങിയിരിക്കുന്നത്. എന്നാൽ കടയിൽനിന്ന് വാങ്ങുന്ന വറുത്ത നട്‌സിൽ അധികമായി എണ്ണയും ഉപ്പും ചേർത്തിരിക്കാം. പാക്കേജ് ചെയ്തവയിൽ ചേർക്കുന്ന എണ്ണകൾ കലോറി സാന്ദ്രത വർധിപ്പിക്കുന്നതിനാൽ അവ ദൈനംദിന ലഘുഭക്ഷണത്തിന് അനുയോജ്യമല്ല.
സുരക്ഷാ പ്രശ്‌നങ്ങൾ
വറുക്കാത്ത നട്‌സിൽ ബാക്ടീരിയയുടെ വ്യാപനമുണ്ടാകാനുള്ള സാധ്യത അല്പം കൂടുതലാണ്. വറുക്കുന്നത് ഈർപ്പം കുറയ്ക്കുകയും സാൽമൊണെല്ല പോലുള്ള ഹാനികരമായ ബാക്ടീരിയകളെ നശിപ്പിക്കുകയും ചെയ്യുന്നതിനാൽ, വറുത്ത നട്‌സുകൾ സൂക്ഷിച്ചുവെക്കുന്നതിന് സുരക്ഷിതമാണെന്നാണ് മെഡിക്കൽ ന്യൂസ് ടുഡേ വിശദീകരിക്കുന്നത്.
















