കരുനാഗപ്പള്ളിയിൽ ഗുണ്ടാത്തലവൻ അലുവ അതുൽ കൊല്ലപ്പെട്ട കേസിൽ നിർണ്ണായക കണ്ടെത്തലുകളുമായി പൊലീസ്. കൃത്യത്തിനായി പ്രതികൾ ഉപയോഗിച്ച രണ്ട് കാറുകൾ പൊലീസ് കസ്റ്റഡിയിലെടുത്തു. കൃത്യത്തിന് പിന്നിൽ വലിയ രീതിയിലുള്ള ആസൂത്രണം നടന്നതായാണ് പൊലീസിന്റെ കണ്ടെത്തൽ.
എട്ടുപേരടങ്ങുന്ന സംഘം രണ്ട് കാറുകളിലായി അതുലിനെ പിന്തുടരുകയും നീക്കങ്ങൾ കൃത്യമായി നിരീക്ഷിക്കുകയും ചെയ്തിരുന്നു. നിയന്ത്രണം വിട്ട കാർ നിർമ്മാണം നടക്കുന്ന റോഡിന്റെ താഴ്ചയിലേക്ക് മറിഞ്ഞതിന് പിന്നാലെ ആയുധങ്ങളുമായെത്തിയ നാലംഗ സംഘം അതുലിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
സംഭവത്തിൽ നേരിട്ട് പങ്കെടുത്ത നാല് പേരെ ഇടുക്കി മുണ്ടക്കയത്തിന് സമീപത്തുനിന്നാണ് പൊലീസ് പിടികൂടിയത്. ഇതോടെ കേസിലെ ആകെ എട്ട് പ്രതികളും പിടിയിലായതായി കൊല്ലം സിറ്റി പൊലീസ് അറിയിച്ചു. ജിം സന്തോഷ് വധക്കേസിൽ ജാമ്യത്തിലിറങ്ങിയ അതുൽ സ്റ്റേഷനിൽ ഒപ്പിട്ട് മടങ്ങുന്നതിനിടെയാണ് ആക്രമണം നേരിട്ടത്. കൂടെയുണ്ടായിരുന്ന മനു എന്ന യുവാവിനും ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്.
കടത്തൂർ – വയനകം ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള നിലനിൽക്കുന്ന കടുത്ത കുടിപ്പകയാണ് ഈ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് ലഭിക്കുന്ന വിവരം. ജിം സന്തോഷ് കൊല്ലപ്പെട്ട് കൃത്യം ഒരു വർഷം തികയാനിരിക്കെയാണ് അതേ ശൈലിയിലുള്ള പകപോക്കൽ കരുനാഗപ്പള്ളിയിൽ അരങ്ങേറിയത്.
















