ശരീരത്തെ ആരോഗ്യമുള്ളതാക്കാൻ കരൾ ഉൽപാദിപ്പിക്കുന്ന കൊളസ്ട്രോൾ ആവശ്യമാണ്. എന്നാൽ ഇതിന്റെ അളവ് കൂടുന്നത് ആരോഗ്യത്തിന് ദോഷകരമാണ്. ഹൃദയാഘാതത്തിനുള്ള സാധ്യത ഇത് കൂട്ടും. എൽഡിഎൽ അഥവാ ചീത്ത കൊളസ്ട്രോൾ ധമനികളിൽ പറ്റിപ്പിടിക്കുകയും ഹൃദ്രോഗത്തിനും പക്ഷാഘാതത്തിനും ഉള്ള സാധ്യത കൂട്ടുകയും ചെയ്യും. അനാരോഗ്യകരമായ ജീവിതശൈലിയും കൊളസ്ട്രോൾ കൂടാൻ കാരണമാകുന്നു. ശരിയായ ഭക്ഷണം കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും. അവ ഏതൊക്കെ എന്നറിയാം.
കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന ഒന്നാണ് ഓട്സ്. പ്രഭാതഭക്ഷണത്തിൽ ഓട്സ് ഉൾപ്പെടുത്താം. മറ്റ് മുഴുധാന്യങ്ങളായ ബാർലി, ബ്രൗൺ റൈസ്, ക്വിനോവ, തവിടു കളയാത്ത ഗോതമ്പ് ഇവയിൽ സോല്യുബിൾ ഫൈബറും ഇൻസോല്യുബിൾ ഫൈബറും ഉണ്ട്. ഇവ കൊളസ്ട്രോൾ കുറയ്ക്കുകയും ദഹനം സുഗമമാക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുകയും ചെയ്യുന്നു.
ആപ്പിൾ, പെയർ, ബെറിപ്പഴങ്ങൾ, ഓറഞ്ച് ഇവയിലെല്ലാം സോല്യുബിൾ ഫൈബർ ഉണ്ട്. ഇലക്കറികളായ ചീര, കേൽ, പച്ചക്കറികളായ ബ്രൊക്കോളി, ബ്രസൽ സ്പ്രൗട്ട്സ് തുടങ്ങിയവയിൽ വൈറ്റമിനുകളും ധാതുക്കളും സസ്യസംയുക്തങ്ങളും ഉണ്ട്. ഇവ ധമനികളിൽ കൊളസ്ട്രോൾ അടിഞ്ഞു കൂടുന്നതിനെ തടയുന്നു. പഴങ്ങളും പച്ചക്കറികളും ധാരാളം കഴിക്കുന്നവരിൽ ചീത്ത കൊളസ്ട്രോൾ കുറവായിരിക്കുമെന്നു മാത്രമല്ല ഇവരുടെ ഹൃദയാരോഗ്യവും മെച്ചപ്പെട്ടതായിരിക്കും.
ബദാം, വാൾനട്ട് തുടങ്ങിയ നട്സുകളും നിലക്കടലയും പോഷകങ്ങൾ അടങ്ങിയതും ആരോഗ്യത്തിന് നല്ലതുമാണ്. സാലഡിൽ ചേർത്തോ ലഘുഭക്ഷണമായോ ഇവ കഴിക്കുന്നത് ചീത്ത കൊളസ്ട്രോൾ കുറയ്ക്കും. ദിവസവും ഒരുപിടി നട്സ് കഴിക്കുന്നത് കൊളസ്ട്രോൾ കുറയാൻ സഹായിക്കും.
ടോഫു കഴിക്കുന്നതും സോയ മിൽക്ക് കഴിക്കുന്നതും കൊളസ്ട്രോൾ കുറയ്ക്കും. ഒമേഗ 3 ഫാറ്റി ആസിഡ് ധാരാളം അടങ്ങിയതിനാൽ ആഴ്ചയിൽ രണ്ടു ദിവസം മത്സ്യം കഴിക്കുന്നതും കൊളസ്ട്രോൾ കുറയാൻ സഹായിക്കും.
ഇവയിൽ സോല്യുബിൾ ഫൈബറും പ്ലാന്റ് പ്രോട്ടീനും ധാരാളമുണ്ട്. പയർവർഗങ്ങൾ കഴിക്കുന്നത് ചീത്ത കൊളസ്ട്രോൾ കുറയ്ക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കും. പയർ വർഗങ്ങളിൽ ധാരാളം സോല്യുബിൾ ഫൈബർ ഉണ്ട്. ഇവ ഏറെ നേരം വയർ നിറഞ്ഞ തോന്നലുണ്ടാക്കും.
















