നിരവധി ആരോഗ്യഗുണങ്ങളുള്ള ഒന്നാണ് മുരിങ്ങയില. നൂറ്റാണ്ടുകളായി ആയുർവേദത്തിൽ ഔഷധമായി ഉപയോഗിക്കുന്ന മുരിങ്ങയിലയ്ക്ക് ഫാറ്റിലിവർ സാധ്യത കുറയ്ക്കാൻ ഉള്ള കഴിവുണ്ടെന്ന് ഗവേഷകർ പറയുന്നു. പ്രോട്ടീൻ ധാരാളമടങ്ങിയ മുരിങ്ങയില, വൈറ്റമിനുകളുടെയും ധാതുക്കളുടെയും കലവറയാണ്. വൈറ്റമിൻ എ, സി, ഇ എന്നിവയും കാൽസ്യം, പൊട്ടാസ്യം, അയൺ എന്നിവയും മുരിങ്ങയിലയിൽ ധാരാളമുണ്ട്.
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കും എന്നതിനാൽ പ്രമേഹരോഗികൾക്കും മുരിങ്ങയില ഗുണം ചെയ്യും. മുരിങ്ങയിലയിൽ ക്യുവർസെറ്റിൻ, ക്ലോറോജെനിക് ആസിഡ് തുടങ്ങിയ ആന്റിഓക്സിഡന്റുകളും, വൈറ്റമിൻ സി, ബീറ്റാകരോട്ടിൻ, അയൺ, കാൽസ്യം, ആന്റിഇൻഫ്ലമേറ്ററി സംയുക്തങ്ങൾ എന്നിവയും ധാരാളമുണ്ട്. ഫാറ്റിലിവർ കൂടാൻ പ്രധാനകാരണം ഓക്സീകരണ സമ്മർദവും ഇൻഫ്ലമേഷനും ആയതുകൊണ്ട് ഈ പോഷകങ്ങൾ ഏറെ പ്രധാനമാണ്.
വിഷാംശങ്ങളും രോഗങ്ങളും ഉണ്ടാക്കുന്ന ക്ഷതങ്ങളിൽ നിന്ന് മുരിങ്ങയില കരളിനെ സംരക്ഷിക്കും എന്ന് പഠനങ്ങൾ പറയുന്നു. കരളിന്റെ പ്രവർത്തനം മെച്ചപ്പെടുത്താനും വിഷാംശങ്ങളെ നീക്കം ചെയ്യുന്ന പ്രക്രിയയ്ക്കും (detoxification) മുരിങ്ങയില സഹായകമാണ്. കരളിലെ കൊഴുപ്പ് കുറയ്ക്കാനും കരളിലെ എൻസൈമുകളുടെ അളവ് മെച്ചപ്പെടുത്താനും മുരിങ്ങയില സഹായിക്കുമെന്ന് മൃഗങ്ങളിൽ നടത്തിയ പഠനം പറയുന്നു. മനുഷ്യരിൽ ഇതു സംബന്ധിച്ച പഠനങ്ങൾ നടക്കുകയാണ്. മുരിങ്ങയില ഒരു ഔഷധമെന്നതിലുപരി ഭക്ഷണത്തിൽ പതിവായി ഉൾപ്പെടുത്തണമെന്ന് വിദഗ്ധർ പറയുന്നു.
ഓക്സീകരണ സമ്മർദം, കരളിലെ കോശങ്ങൾക്ക് ക്ഷതം വരുത്തും. കൂടാതെ കൊഴുപ്പ് വർധിച്ച തോതിൽ അടിഞ്ഞുകൂടാനും ഇത് കാരണമാകുന്നു. മുരിങ്ങയിലയിൽ ധാരാളമായടങ്ങിയ ആന്റിഓക്സിഡന്റുകൾ ഫ്രീറാഡിക്കലുകളെ നിർവീര്യമാക്കുകയും കരളിലെ കല (tissue) കളെ സംരക്ഷിക്കുകയും ചെയ്യുന്നു.
നോൺ ആൽഹോളിക് ഫാറ്റിലിവർ ഡിസീസിന്റെ (NAFLD) പ്രധാനകാരണങ്ങളിലൊന്നാണ് ഇൻസുലിൻ പ്രതിരോധം. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് കുറയ്ക്കാനും മുരിങ്ങയില സഹായിക്കുമെന്ന് പഠനങ്ങളിൽ പറയുന്നു.
ട്രൈഗ്ലിസറൈഡിന്റെ അളവ് കൂടുന്നത് ഫാറ്റിലിവറിന് കാരണമാകും. മുരിങ്ങയില സത്ത്, ആകെയുള്ള കൊളസ്ട്രോളും ചീത്ത കൊളസ്ട്രോൾ കുറയ്ക്കുകയും മെറ്റബോളിക് ഹെൽത്ത് മെച്ചപ്പെടുത്തുകയും ചെയ്യുമെന്ന് പഠനങ്ങൾ പറയുന്നു.
ഏറെക്കാലം നീണ്ടുനിൽക്കുന്ന ഇൻഫ്ലമേഷൻ, ഫാറ്റിലിവറിനെ ഗുരുതരമായ നോൺ ആൽക്കഹോളിക് സ്റ്റീറ്റോ ഹെപ്പറ്റൈറ്റിസ് (NASH) ആയി മാറ്റുന്നു. ഇൻഫ്ലമേഷൻ കുറയ്ക്കാൻ മുരിങ്ങയില സഹായിക്കും.
















