സാധാരണ കഴിക്കുന്ന വെള്ള ഇടിയപ്പത്തില്‍ നിന്നും വ്യത്യസ്തമായി, ഇക്കുറി സ്വര്‍ണനിറമുള്ള ഒരു ഇടിയപ്പം ആയാലോ? അരിപ്പൊടിയില്‍ മത്തങ്ങ കൂടി ചേര്‍ത്താണ് ഈ സ്പെഷ്യല്‍ വിഭവം ഉണ്ടാക്കുന്നത്.
നന്നായി പഴുത്ത മത്തങ്ങ ഉടച്ചത് – 1 കപ്പ്
വറുത്ത അരിപ്പൊടി – 1 കപ്പ്
ഉപ്പ് – ആവശ്യത്തിന്
ചിരകിയ തേങ്ങ – ആവശ്യത്തിന്
തയാറാക്കുന്ന വിധം
ആദ്യമായി മത്തങ്ങ തൊലി കളഞ്ഞ് കഷണങ്ങളാക്കി മുറിക്കുക. ഇത് മിക്സിയിൽ ഇട്ട് നന്നായി അടിച്ചെടുക്കാം. കഷ്ണങ്ങൾ വേവിച്ച ശേഷം ഉടച്ചെടുത്താലും മതിയാകും. പ്യൂരി അടിച്ചെടുക്കുമ്പോൾ വെള്ളം അധികമാകാതെ ശ്രദ്ധിക്കണം. തയ്യാറാക്കിയ മത്തങ്ങ പ്യൂരി ഒരു പാത്രത്തിലെടുത്ത് അടുപ്പത്ത് വെച്ച് കുറഞ്ഞ തീയിൽ ഏകദേശം രണ്ട് മിനിറ്റ് തിളപ്പിക്കുക. മത്തങ്ങയുടെ പച്ചമണം മാറാനും മാവ് നല്ല പാകത്തിന് കിട്ടാനും ഇത് സഹായിക്കും.പ്യൂരി തിളച്ചു വരുമ്പോൾ തീ ഓഫ് ചെയ്യുക. ഇതിലേക്ക് ആവശ്യത്തിന് ഉപ്പും അരിപ്പൊടിയും പതുക്കെ ചേർത്ത് കൊടുക്കാം.
ഒരു തവി ഉപയോഗിച്ച് നന്നായി ഇളക്കി യോജിപ്പിക്കുക. കൈകൊണ്ട് തൊടാൻ പറ്റുന്ന ചൂടാകുമ്പോൾ നല്ല മയമുള്ള മാവാക്കി കുഴച്ചെടുക്കുക. വെള്ളം വേറെ ചേർക്കേണ്ടതില്ല, മത്തങ്ങയിലെ ഈർപ്പം തന്നെ ധാരാളമാണ്. ഇടിയപ്പത്തിന്റെ അച്ചിൽ അല്പം എണ്ണ തടവിയ ശേഷം മാവ് അതിൽ നിറയ്ക്കുക. ഇഡ്ഡലി തട്ടിലോ ഇടിയപ്പ തട്ടിലോ അല്പം തേങ്ങ ചിരകിയത് ഇട്ട ശേഷം അതിനു മുകളിലേക്ക് മാവ് ചുറ്റിച്ചെടുക്കുക. ഏകദേശം 5 മുതൽ 8 മിനിറ്റ് വരെ ആവിയിൽ വേവിച്ചാൽ സ്വാദിഷ്ടമായ മത്തങ്ങ ഇടിയപ്പം റെഡി!
















