തമിഴ് സംവിധായകനിൽനിന്ന് നേരിടേണ്ടിവന്ന മോശം അനുഭവത്തെ കുറിച്ച് വെളിപ്പെടുത്തി നടി ലാവണ്യ ത്രിപാഠി. അടുത്തിടെ നടന്ന ഒരു ആരാധക സംഗമത്തിലാണ് താരം ഇക്കാര്യം തുറന്നുപറഞ്ഞത്. 10 വർഷങ്ങൾക്ക് മുമ്പ് നടന്ന ഈ സംഭവം തന്നെ എത്രത്തോളം തളർത്തിയെന്നും എന്നാൽ എങ്ങനെയാണ് അതിനെ അതിജീവിച്ചതെന്നും ലാവണ്യ പറഞ്ഞു .
ഒരു തമിഴ് സിനിമയിൽ അഭിനയിക്കാൻ കരാറായ സമയത്ത് ആ ചിത്രത്തിന്റെ സംവിധായകൻ തന്നെ അസ്വസ്ഥയാക്കുന്ന തരത്തിൽ പെരുമാറിയതായി ലാവണ്യ പറഞ്ഞു. ഇത് ശരിയല്ലെന്ന് തോന്നിയതിനെത്തുടർന്ന് ആ സിനിമയിൽ അഭിനയിക്കില്ലെന്ന് തീരുമാനിച്ചു. തന്റെ നിലപാട് വ്യക്തമാക്കിയതോടെ സംവിധായകനും കൂട്ടരും തനിക്കെതിരെ കേസ് കൊടുക്കുകയും പത്രങ്ങളിൽ തെറ്റായ വാർത്തകൾ നൽകി അപമാനിക്കാൻ ശ്രമിക്കുകയും ചെയ്തു എന്ന് ലാവണ്യ വെളിപ്പെടുത്തി.
“അന്ന് ഞാൻ ആരോടും ഒന്നും പറഞ്ഞില്ല. ആരോടും സഹായം ചോദിച്ചില്ല. പക്ഷേ ആ സമ്മർദ്ദം കാരണം, ഒരു ദിവസം ഞാൻ വീട്ടിൽ വന്ന് കരഞ്ഞു. സാധാരണ ഞാൻ കരയാറില്ല. കരഞ്ഞതിന് ശേഷം ഞാൻ എഴുന്നേറ്റ് ഒരു ചായ ഉണ്ടാക്കിക്കുടിച്ച് സ്വയം ആശ്വസിപ്പിച്ചു. കരയുന്നത് നല്ലതാണ്, പ്രശ്നമില്ല. ഞാൻ അത്തരം സാഹചര്യങ്ങൾ അഭിമുഖീകരിച്ചിട്ടുണ്ട്. ഇതെല്ലാം നിങ്ങളെ വളരെ ശക്തരാക്കുന്നു. എനിക്ക് ആ വ്യക്തിയോടൊപ്പം പ്രവർത്തിക്കാൻ സുഖമായി തോന്നിയില്ല. അതുകൊണ്ട് ഞാൻ ‘ഇല്ല’ എന്ന് പറഞ്ഞു. അതിനുശേഷവും അവർ എന്നെ ശല്യപ്പെടുത്തി.” ലാവണ്യ പറഞ്ഞു. “നിങ്ങൾ നരകത്തിലൂടെയാണ് കടന്നുപോകുന്നതെങ്കിൽ മുന്നോട്ട് തന്നെ നീങ്ങുക” എന്ന തത്വമാണ് താൻ സ്വീകരിച്ചതെന്ന് അവർ വ്യക്തമാക്കി.
2012-ൽ ഹനു രാഘവപുടിയുടെ ഹിറ്റ് ചിത്രമായ ‘അന്താല രാക്ഷസി’യിലൂടെയാണ് ലാവണ്യ തന്റെ കരിയർ ആരംഭിച്ചത്. രാഹുൽ രവീന്ദ്രൻ, നവീൻ ചന്ദ്ര എന്നിവരും ചിത്രത്തിൽ അഭിനയിച്ചിരുന്നു. 2014-ൽ സോക്രട്ടീസ് സംവിധാനം ചെയ്ത ‘ബ്രഹ്മൻ’ എന്ന ചിത്രത്തിലൂടെയാണ് താരം തമിഴിൽ അരങ്ങേറ്റം കുറിച്ചത്. ശശികുമാർ, നവീൻ എന്നിവരായിരുന്നു ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. അഥർവ നായകനായ ‘ടണൽ’ എന്ന തമിഴ് ചിത്രത്തിലാണ് ലാവണ്യ ഒടുവിൽ അഭിനയിച്ചത്. ദേവ് മോഹൻ നായകനാകുന്ന ‘സതി ലീലാവതി’ എന്ന ചിത്രമാണ് ലാവണ്യ നായികയായി അണിയറയിൽ ഒരുങ്ങുന്ന ചിത്രം.
















