വാഹനാപകടങ്ങളിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് മോട്ടോർ വാഹന നിയമപ്രകാരം ലഭിക്കുന്ന നഷ്ടപരിഹാര തുകയിൽ നിന്ന്, തൊഴിലുടമ നൽകിയ ഗ്രൂപ്പ് ഇൻഷുറൻസ് തുകയോ മറ്റ് സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങളോ കുറയ്ക്കാൻ പാടില്ലെന്ന് സുപ്രീം കോടതി വിധിച്ചു. കേരള, കർണാടക ഹൈക്കോടതികളുടെ ഉത്തരവുകൾ ശരിവെച്ചുകൊണ്ടാണ് സുപ്രീം കോടതി ഈ സുപ്രധാനമായ നിലപാട് വ്യക്തമാക്കിയത്. ഹൈക്കോടതികളുടെ വിധി ചോദ്യം ചെയ്ത് സമർപ്പിച്ച അപ്പീൽ തള്ളിക്കൊണ്ടാണ് കോടതി ഇക്കാര്യം ആവർത്തിച്ചത്.
തൊഴിലുടമ നൽകുന്ന ഗ്രൂപ്പ് ഇൻഷുറൻസ് ആനുകൂല്യം എന്നത് ഉടമയും ജീവനക്കാരനും തമ്മിലുള്ള സ്വതന്ത്രമായ കരാർ ബന്ധത്തിന്റെ ഭാഗമാണെന്ന് കോടതി നിരീക്ഷിച്ചു. ഇത് ജീവനക്കാരന്റെ സേവന വ്യവസ്ഥകളുടെ ഭാഗമായി ലഭിക്കുന്നതാണ്. അതിനാൽ തന്നെ, മോട്ടോർ വാഹന നിയമപ്രകാരം അപകടമുണ്ടാക്കിയ കക്ഷിയിൽ നിന്നോ ഇൻഷുറൻസ് കമ്പനിയിൽ നിന്നോ ലഭിക്കേണ്ട നഷ്ടപരിഹാരവുമായി ഇതിനെ ബന്ധിപ്പിക്കാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി.
ഇൻഷുറൻസ് തുകകൾക്ക് പുറമെ പെൻഷൻ ആനുകൂല്യങ്ങൾ, ഗ്രാറ്റുവിറ്റി എന്നിവയും നഷ്ടപരിഹാര തുകയിൽ നിന്ന് കിഴിവ് ചെയ്യാൻ പാടുള്ളതല്ല. കൂടാതെ, മരിച്ചയാളുടെ ബന്ധുവിന് ലഭിക്കുന്ന ആശ്രിത നിയമനം കാരണമായി നഷ്ടപരിഹാരത്തിൽ കുറവ് വരുത്താൻ പാടില്ലെന്നും സുപ്രീം കോടതി ഉത്തരവിൽ ചൂണ്ടിക്കാട്ടി. ഇത്തരം ആനുകൂല്യങ്ങൾ മോട്ടോർ വാഹന നിയമപ്രകാരം കുറയ്ക്കാവുന്ന ഗണത്തിൽ പെടുന്നവയല്ലെന്നും കോടതി വിശദീകരിച്ചു.
അപകടത്തിൽ മരിച്ചവർക്ക് അർഹമായ നഷ്ടപരിഹാരം നൽകുമ്പോൾ ഇൻഷുറൻസ് കമ്പനികൾ പലപ്പോഴും മറ്റ് ആനുകൂല്യങ്ങൾ ചൂണ്ടിക്കാട്ടി തുക കുറയ്ക്കാൻ ശ്രമിക്കാറുണ്ട്. ഇതിന് തടയിടുന്നതാണ് സുപ്രീം കോടതിയുടെ പുതിയ വിധി. മോട്ടോർ വാഹന നിയമം വിഭാവനം ചെയ്യുന്ന ‘നീതിയുക്തമായ നഷ്ടപരിഹാരം’ എന്ന തത്വത്തിന് വിരുദ്ധമാണ് ഇത്തരം കിഴിവുകളെന്ന് കോടതി നിരീക്ഷിച്ചു.
















