ഉച്ചയൂണ് തയ്യാറാക്കുക എന്നു പറയുന്നതു തന്നെ അൽപ്പം മിനക്കെടേണ്ട പരിപാടിയാണ് എന്ന തോന്നാറുണ്ടോ. ചോറും അതിനൊപ്പം നാനാവിധം കറികളും, അങ്ങനെ ആകപ്പാടെ സമയം മുഴുവൻ അടുക്കളയിൽ തന്നെ ചിലവായി തീരും. എന്നാൽ ഇനി അതോത്ത് വിഷമിക്കേണ്ട. തമിഴ്നാട് സ്റ്റൈലിൽ ഒരു സാദം തയ്യാറാക്കിക്കോളൂ.
ചേരുവകൾ
എണ്ണ
കടുക്
ഉഴുന്നു പരിപ്പ്
കടലപരിപ്പ്
നിലക്കടല
സവാള
പച്ചമുളക്
കറിവേപ്പില
വറ്റൽമുളക്
ഇഞ്ചി
വെളുത്തുള്ളി
തക്കാളി
മഞ്ഞൾപ്പൊടി
മുളകുപൊടി
കാശ്മീരിമുളകുപൊടി
മല്ലിപ്പൊടി
ഗരംമസാല
ഉപ്പ്
വെണ്ടയ്ക്ക
അരി
തയ്യാറാക്കുന്ന വിധം
അടി കട്ടിയുള്ള ഒരു പാത്രം അടുപ്പിൽ വെച്ച് രണ്ട് ടേബിൾസ്പൂൺ എണ്ണയൊഴിച്ചു ചൂടാക്കി ഒരു ടീസ്പൂൺ കടുക് പൊട്ടിക്കുക. ഇതിലേയ്ക്ക് ഒരു ടീസ്പൂൺ ഉഴുന്നു പരിപ്പ്, ഒരു ടീസ്പൂൺ കടലപരിപ്പ്, രണ്ട് ടേബിൾസ്പൂൺ നിലക്കടല എന്നിവ ചേർത്തു വറുക്കുക. ഒരു വലിയ സവാള ചെറുതായി അരിഞ്ഞതും, രണ്ട് പച്ചമുളകും, കുറച്ച് കറിവേപ്പിലയും ചേർത്ത് വഴറ്റുക.ഒരു വറ്റൽമുളകും, ഒരു ടീസ്പൂൺ ഇഞ്ചിയും വെളുത്തുള്ളിയും ചതച്ചതും ചേർത്തിളക്കുക. ഇതിലേയ്ക്ക് ഒരു വലിയ തക്കാളി ചെറുതായി അരിഞ്ഞതു ചേത്ത് വഴറ്റുക.
തക്കാളി വെന്തു വരുമ്പോൾ അര ടീസ്പൂൺ മഞ്ഞൾപ്പൊടിയും, ഒരു ടീസ്പൂൺ മുളകുപൊടിയും, ഒരു ടീസ്പൂൺ കാശ്മീരിമുളകുപൊടിയും, അര ടീസ്പൂൺ മല്ലിപ്പൊടിയും, ഒരു ടീസ്പൂൺ ഗരംമസാലയും ചേർത്തിളക്കുക.ആവശ്യത്തിന് ഉപ്പു കൂടി ചേർക്കാം.ചെറുതായി അരിഞ്ഞ വെണ്ടയ്ക്ക ചേർത്തിളക്കുക.വെണ്ടയ്ക്ക് അൽപ്പം ക്രിസ്പ്പിയായി വരുമ്പോൾ വേവിച്ചു വെച്ചിരിക്കുന്ന ചോറ് ചേർത്തിളക്കുക. ശേഷം അടുപ്പിൽ നിന്നു മാറ്റി ചൂടോടെ കഴിക്കാം.
















