ചെമ്മീൻ പനീർ മസാല കഴിച്ചിട്ടുണ്ടോ ? പനീർ മസാല സുപരിചിതമായിരിക്കും. എന്നാൽ ഈ കറിയിൽ ചെമ്മീനാണ് താരം. ഉച്ചയൂണിന് വ്യത്യസ്തമായ കറി വേണമെങ്കിൽ ഉറപ്പായും ഇതൊന്ന് ട്രൈ ചെയ്തു നോക്കൂ. കവിത സുരേൻ തൻ്റെ ഇൻസ്റ്റ്ഗ്രാം പേജിലൂടെയാണ് ഈ ചെമ്മീൻ കറിയുടെ റെസിപ്പി പരിചയപ്പെടുത്തി തരുന്നത്.
ചേരുവകൾ
ജീരകം
മല്ലി
എള്ള്
കടലുപരിപ്പ്
വറ്റൽമുളക്
ചെമ്മീൻ
മുളുപൊടി
മഞ്ഞൾപ്പൊടി
ഇഞ്ചി
വെളുത്തുള്ളി
ഉപ്പ്
എണ്ണ
കടുക്
ഏലയ്ക്ക
കറുവാപ്പട്ട
ഗ്രാമ്പൂ
കറിവേപ്പില
സവാള
തക്കാളി
ഗരംമസാല
പനീർ
വെളിച്ചെണ്ണ
തയ്യാറാക്കുന്ന വിധം
ഒരു പാൻ അടുപ്പിൽ വെച്ച് അര ടേബിൾസ്പൂൺ ജീരകം, ഒരു ടേബിൾസ്പൂൺ മല്ലി, ഒരു ടേബിൾസ്പൂൺ കടലപരിപ്പ്, അര ടേബിൾസ്പൂൺ വെളുത്ത എള്ള്, രണ്ട് വറ്റൽമുളക് എന്നിവ വറുത്ത് പൊടിച്ച് മാറ്റി വെയ്ക്കുക. ഒരു ബൗളിലേയ്ക്ക് 300ഗ്രാം ചെമ്മീൻ എടുത്ത് ഒരു ടേബിൾസ്പൂൺ മുളകുപൊടി, കാൽ ടേബിൾസ്പൂൺ മഞ്ഞൾപ്പൊടി, അര ടേബിൾസ്പൂൺ ഇഞ്ചിയും വെളുത്തുള്ളിയും അരച്ചതും, അൽപ്പം ഉപ്പും ചേർത്തിളക്കി ഇരുപത് മിനിറ്റ് മാറ്റി വെയ്ക്കുക. ഒരു പാനിലേയ്ക്ക് നാല് ടേബിൾസ്പൂൺ എണ്ണ ഒഴിച്ചു ചൂടാക്കി ഒരു ടീസ്പൂൺ കടുക്, ഒരു ഏലയ്ക്ക, അര ഇഞ്ച് കറുവാപ്പട്ട, രണ്ട് ഗ്രാമ്പൂ, അൽപ്പം കറിവേപ്പില, എന്നിവ ചേർത്ത് വറുക്കുക.
ഇതിലേയ്ക്ക് രണ്ട് സവാള ചെറുതായി അരിഞ്ഞത്, ഒരു ടേബിൾസ്പൂൺ ഇഞ്ചിയും വെളുത്തുള്ളിയും അരച്ചത് എന്നിവ ചേർത്തിളക്കുക.
രണ്ട് തക്കാളി ചെറുതായി അരിഞ്ഞതും ചേർത്ത് മൂന്ന് മിനിറ്റ് വഴറ്റുക.
കാൽ ടേബിൾസ്പൂൺ ഗരംമസാലയും, മസാല പുരട്ടി മാറ്റി വെച്ചിരിക്കുന്ന ചെമ്മീനും, അൽപ്പം ഉപ്പും ചേർത്ത് നന്നായി ഇളക്കുക. വെന്തു വരുമ്പോൾ പൊടിച്ചു വെച്ചിരിക്കുന്ന മസാല കൂടി ചേർത്തിളക്കുക. ഒരു ബൗളിലേയ്ക്ക് അര കപ്പ് പനീർ എടുത്ത് രണ്ട് ടേബിൾസ്പൂൺ വെളിച്ചെണ്ണ ചേർത്തിളക്കുക. ഇത് പാനിലേയ്ക്ക് ചേർത്തിളക്കുക. വെന്തതിനു ശേഷം അടുപ്പിൽ നിന്നു മാറ്റുക.
















