തെന്നിന്ത്യൻ സിനിമാലോകത്ത് ആരാധകർ ഏറെയുള്ള നായികയാണ് അനുഷ്ക ഷെട്ടി. അടുത്തിടെ താരത്തിന്റെ വിവാഹത്തെക്കുറിച്ചുള്ള വാർത്തകൾ വന്നിരുന്നു. അവർ ഒരു ബിസിനസുകാരനെ വിവാഹം കഴിക്കാൻ പോകുന്നു എന്ന വാർത്തകൾ ആണ് പുറത്തുവന്നിരുന്നത്. ഇപ്പോഴിതാ ഇതിൽ പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് അനുഷ്‍കയുടെ ടീം.
‘ദിവസവും ഒരു വ്യക്തിയുടെ സ്വകാര്യ ജീവിതം തലക്കെട്ടാക്കുമ്പോള്‍ കുറഞ്ഞ പക്ഷം ഔദ്യോഗിക സ്ഥിരീകരണം വരുന്നത് വരെയെങ്കിലും കാത്തിരിക്കണം. സ്ഥിരീകരിച്ചിട്ടില്ലാത്ത ഒരു കാര്യം എഴുതുന്നതും പ്രചരിപ്പിക്കുന്നതും പങ്കുവയ്ക്കുന്നതും അല്ല പത്രപ്രവര്‍ത്തനം. ഏറ്റവും കൂടുതല്‍ നിരാശ തോന്നിയത് അനുഷ്‌കയുടെ പ്രായത്തില്‍ തട്ടി നില്‍ക്കുന്ന തലക്കെട്ടുകളാണ്. എന്തുകൊണ്ട് 44 വയസ്സ് എന്ന് ഏകദേശം എല്ലാ തലക്കെട്ടുകളും ഹൈലൈറ്റ് ചെയ്ത് പറയുന്നു, അത് എന്തെങ്കിലും തരത്തിലുള്ള വിശദീകരണമോ വിവാദമോ ആണോ. ഇത് ഒരു തരത്തില്‍ അവരുടെ പ്രായത്തെ അധിക്ഷേപിക്കുന്നതിന് തുല്യമാണ്. അങ്ങനെ പ്രായം ഒരു വലിയ പ്രശ്‌നമാണെങ്കില്‍, എന്തുകൊണ്ട് നടന്മാരുടെ കാര്യത്തില്‍ എത്തുമ്പോള്‍ ഈ എനര്‍ജി കാണിക്കുന്നില്ല. എന്തുകൊണ്ട് ഒരു നടിയുടെ കാര്യം പറയുമ്പോള്‍ മാത്രം പ്രായം എടുത്ത് മുന്നില്‍ വയ്ക്കുന്നു.
വിവാഹം എന്നത് തീര്‍ത്തും വ്യക്തിപരമായ ഒന്നാണ്. അതൊരു ബ്രേക്കിങ് ന്യൂസും ട്രെന്റുമല്ല, പ്രത്യേകിച്ചും ഒരു സെന്‍സേഷണല്‍ എന്‍ഗേജുമെന്റുമല്ല. നിരന്തരം ഇത്തരം ഗോസിപ്പുകള്‍ നല്‍കന്നത് അതത് പ്ലാറ്റ്‌ഫോമുകളുടെയും ക്രെഡിബിളിറ്റി കളയുന്ന ഒന്നാണ്. പ്രധാനമായും, നടന്മാര്‍ക്ക് നല്‍കുന്ന അതേ മാന്യതയും ബഹുമാനവും നടിമാര്‍ക്കും നല്‍കു,’ എന്നാണ് അനുഷ്‍കയുടെ ടീമിന്റെ വിശദീകരണം.
















