മസാല ദോശ കൂടുതൽ ഹെൽത്തിയാക്കാം, ഇനി ഇങ്ങനെ തയ്യാറാക്കി നോക്കൂ. സിംപിൾ റെസിപ്പിയാണ്.
ചേരുവകൾ
ഉരുളക്കിഴങ്ങ്
പച്ചമുളക്
സവാള
മഞ്ഞൾപ്പൊടി
ഉഴുന്ന്
കടുക്
ഇഞ്ചി
കറിവേപ്പില
വെള്ളം
വയലറ്റ് കാബേജ്
ഗ്രീൻപീസ്
ഉപ്പ്
തയ്യാറാക്കുന്ന വിധം
ഒരു പാത്രം അടുപ്പിൽ വച്ച് അൽപ്പം എണ്ണ ഒഴിച്ചു ചൂടാക്കുക. അതിലേക്ക് കുറച്ച് കടുക് ചേർത്ത് പൊട്ടിക്കുക. കടുക് പൊട്ടിയതിനു ശേഷം കുറച്ച് ഉഴുന്ന്, ഇഞ്ചി ചെറുതായി അരിഞ്ഞത്, പച്ചമുളക്, കറിവേപ്പില എന്നിവ ചേർത്ത് വഴറ്റുക. അതിലേയ്ക്ക് സവാള ചേർത്ത് വഴറ്റുക. സവാളയുടെ നിറം മാറി വരുമ്പോൾ അൽപ്പം മഞ്ഞൾപ്പൊടിയും, കഷ്ണങ്ങളാക്കിയ ഉരുളക്കിഴങ്ങും ചേർത്തിളക്കി യോജിപ്പിച്ച് അടച്ചു വച്ച് വേവിക്കുക. വയലറ്റ് കാബേജിൻ്റെ പകുതി, നീളത്തിൽ അരിഞ്ഞെടുക്കുക. അതിലേയ്ക്ക് വെള്ളത്തിൽ കുതിർത്തു വച്ച ഗ്രീൻ പീസ് കൂടി ചേർത്ത് അടുപ്പിൽ വെച്ച് വേവിക്കുക. ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിക്കാം.
ഇതിലേക്ക് ഉരുളക്കിഴങ്ങ് മസാല ചേർത്തിളക്കി യോജിപ്പിക്കുക. ഒരു പാൻ അടുപ്പിൽ വച്ച് അൽപ്പം എണ്ണ പുരട്ടി ദോശ മാവ് ഒഴിച്ച് ചുട്ടെടുക്കാം. ഉള്ളിൽ തയ്യാറാക്കിയ മസാല വച്ച് മടക്കിയെടുക്കുക.
















