വളരെ പെട്ടെന്ന് കേടാകുന്ന ഒരു പച്ചക്കറിയാണ് തക്കാളി. കുറച്ചധികം തക്കാളി കിട്ടിയാൽ അവ നന്നായി കഴുകി തുടച്ചെടുക്കാം. നല്ലെണ്ണ ചേർത്ത് കുറുക്കി രുചികരമായ അച്ചാർ തയ്യാറാക്കാം.
ചേരുവകള്‍
വാളൻപുളി – 30 ഗ്രാം
തക്കാളി- 1 കിലോ ഗ്രാം
ഉലുവ – 1 ടീ സ്പൂണ്‍
നല്ലെണ്ണ- 200 മില്ലി
കടുക് – 1 ടീസ്പൂണ്‍
വെളുത്തുളളി- 10 അല്ലി
കാശ്മീരി മുളകുപൊടി – 50 ഗ്രാം
ഉപ്പ് – ആവശ്യത്തിന്
കായപ്പൊടി- 1 ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
പഴുത്ത തക്കാളി ഒരു കിലോ, 30 ഗ്രാം വരുന്ന വാളൻപുളി എന്നിവ ആവിയിൽ വേവിക്കാം.
ഒരു പാൻ അടുപ്പിൽ വച്ച് ഉലുവയും കടുകും വറുത്തെടുക്കാം, അത് പൊടിച്ച് മാറ്റി വച്ചോളൂ.
വേവിച്ചെടുത്ത തക്കാളിയുടെ തൊലി കളഞ്ഞ് പുളി ചേർത്ത് അരച്ചെടുക്കാം. ഒരു പാൻ അടുപ്പിൽ വച്ച് ആവശ്യത്തിന് നല്ലെണ്ണ ഒഴിക്കാം. അതിലേക്ക് ഒരു ടീസ്പൂൺ കടുക് ചേർത്ത് പൊട്ടിക്കുക. ഇതിലേക്ക് 10 അല്ലി വെളുത്തുള്ളി കഷ്ണങ്ങളാക്കിയതു ചേർക്കാം.
എരിവിനനുസരിച്ച് മുളകുപൊടി, ഒരു ടീസ്പൂൺ കായപ്പൊടി, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്തിളക്കാം.അരച്ചെടുത്ത തക്കാളിയും ഉലുവയും കടുകും പൊടിച്ചതും ചേർത്തിളക്കി യോജിപ്പിക്കാം.എണ്ണ തെളിഞ്ഞു വരുമ്പോൾ അടുപ്പണയ്ക്കാം. ചൂടാറിയതിനു ശേഷം ഈർപ്പമില്ലാത്ത പാത്രത്തിലേക്കു മാറ്റി സൂക്ഷിക്കാം.
















