വിനോദസഞ്ചാര കേന്ദ്രമായ തെന്മലയിൽ റിസർവോയറിൽ കുളിക്കാനിറങ്ങിയ തമിഴ്‌നാട് സ്വദേശി മുങ്ങിമരിച്ചു. തമിഴ്‌നാട് വിരുദനഗർ സ്വദേശിയും റെയിൽവേ ഉദ്യോഗസ്ഥനുമായ തവമണി (34) ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചയോടെ തെന്മല പരപ്പാർ ഡാം റിസർവോയറിന് സമീപമുള്ള കളക്കുന്നിലായിരുന്നു നാടിനെ നടുക്കിയ അപകടം നടന്നത്. തമിഴ്‌നാട്ടിൽ നിന്നുള്ള മുപ്പതംഗ വിനോദസഞ്ചാര സംഘത്തോടൊപ്പമാണ് തവമണി തെന്മലയിലെത്തിയത്.
കളക്കുന്നിൽ ജീപ്പ് സവാരിക്കെത്തിയ സംഘം റിസർവോയറിലെ കാഴ്ചകൾ കാണുന്നതിനിടയിലാണ് തവമണിയും സുഹൃത്തും വെള്ളത്തിലിറങ്ങാൻ ശ്രമിച്ചത്. നൂറടിയിലധികം ആഴമുള്ള അപകടമേഖലയായതിനാൽ ഇവിടെ വെള്ളത്തിലിറങ്ങരുതെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ പലതവണ കർശന നിർദ്ദേശം നൽകിയിരുന്നു. എന്നാൽ ഈ മുന്നറിയിപ്പുകൾ വകവെക്കാതെ ഇരുവരും വെള്ളത്തിലേക്ക് ചാടുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം.
അപകടം ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ ഡ്യൂട്ടിയിലുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥർ വെള്ളത്തിലേക്ക് ചാടി ഇരുവരെയും കരയ്‌ക്കെത്തിച്ചു. കൂടെയുണ്ടായിരുന്നയാളെ ജീവനോടെ രക്ഷപ്പെടുത്താനായെങ്കിലും തവമണിയുടെ ജീവൻ രക്ഷിക്കാനായില്ല. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അതിനോടകം മരണം സംഭവിച്ചിരുന്നു. മൃതദേഹം നിലവിൽ തെന്മല സർക്കാർ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
















