കടലിരമ്പുന്ന തീരദേശത്തിന്റെ കരുത്തും കായൽക്കാറ്റേൽക്കുന്ന ഗ്രാമങ്ങളുടെ നന്മയും ഇഴചേർന്ന കായംകുളം ഇപ്പോൾ രാഷ്ട്രീയ പോരാട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. കഴിഞ്ഞ 20 വർഷമായി ചെങ്കൊടി പാറിയ കായംകുളത്തിന്റെ മണ്ണ് ഇത്തവണയും ഇടതിനൊപ്പം നിൽക്കുമോ, അതോ പുതിയൊരു മാറ്റത്തിനായി കൈപ്പത്തിക്കോ താമരയ്ക്കോ വോട്ട് ചെയ്യുമോ എന്ന ആകാംക്ഷയിലാണ് എല്ലാവരും. വോട്ടെടുപ്പ് തീയതി അടുക്കും തോറും അക്ഷമരായി കാത്തിരിക്കുന്ന വോട്ടർമാരുടെ മനസ്സിൽ ആവേശവും ആശങ്കയും ഒരുപോലെ നിഴലിക്കുന്നു.
1957-ൽ രൂപീകൃതമായ കായംകുളം മണ്ഡലത്തിന് കേരള രാഷ്ട്രീയത്തിൽ സമാനതകളില്ലാത്ത ചരിത്രമാണുള്ളത്. ഒന്നാം കേരള നിയമസഭയിലേക്ക് കായംകുളത്ത് നിന്ന് തിരഞ്ഞെടുക്കപ്പെട്ട സി.പി.ഐയിലെ കെ. ഒ. ആയിഷാ ബായി കേരള നിയമസഭയിലെ ആദ്യത്തെ വനിതാ ഡെപ്യൂട്ടി സ്പീക്കർ എന്ന ബഹുമതി സ്വന്തമാക്കിയതോടെയാണ് ഈ മണ്ഡലം ചരിത്രത്തിൽ ഇടംപിടിച്ചത്. തുടർന്നിങ്ങോട്ട് ഇടതുപക്ഷവും വലതുപക്ഷവും മാറിമാറി വിജയിച്ച ചരിത്രമാണ് കായംകുളത്തിനുള്ളത്.
1986-ൽ വിജയിച്ച കോൺഗ്രസ് നേതാവ് തച്ചടി പ്രഭാകരൻ ധനകാര്യമന്ത്രിയായും, 2001-ൽ വിജയിച്ച എം. എം. ഹസ്സൻ വാർത്താവിനിമയ-പാർലമെന്ററി കാര്യ മന്ത്രിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. പ്രമുഖ സി.പി.ഐ.എം നേതാവ് ജി. സുധാകരൻ 1996-ൽ കായംകുളത്തെ പ്രതിനിധീകരിച്ചാണ് തന്റെ രാഷ്ട്രീയ യാത്രയിൽ കരുത്ത് തെളിയിച്ചത്.
കഴിഞ്ഞ പത്ത് വർഷമായി കായംകുളത്തിന്റെ ജനപ്രതിനിധിയായി തുടരുന്ന അഡ്വ. യു. പ്രതിഭയാണ് ഇത്തവണയും എൽ.ഡി.എഫിനായി കളത്തിലിറങ്ങുന്നത്. 2016-ലും 2021-ലും മികച്ച ഭൂരിപക്ഷത്തോടെ വിജയിച്ച പ്രതിഭ, ഇത്തവണ ഒരു ഹാട്രിക് വിജയമാണ് ലക്ഷ്യമിടുന്നത്. 2021-ൽ അരിത ബാബുവിനെതിരെ 6,298 വോട്ടുകളുടെ ഭൂരിപക്ഷത്തിലും 2016-ൽ എം ലിജുവിന് എതിരെ 11,857 ഭൂരിപക്ഷത്തിനും മിന്നും വിജയം ആയിരുന്നു പ്രതിഭയ്ക്ക്.
ഇത്തവണ യു.ഡി.എഫ് തങ്ങളുടെ കരുത്തനായ നേതാവ് എം. ലിജുവിനെ വീണ്ടും കളത്തിലിറക്കിയിരിക്കുകയാണ്. ഇതിനോടൊപ്പം എൻ.ഡി.എ സ്ഥാനാർത്ഥിയായി ബി.ഡി.ജെ.എസിലെ തമ്പി മേട്ടുത്തറ കൂടി എത്തുന്നതോടെ കായംകുളം ഒരു വീറും വാശിയുമേറിയ ത്രികോണ മത്സരത്തിന് സാക്ഷ്യം വഹിക്കുകയാണ്.
ഇതിനെല്ലാം അപ്പുറം കായംകുളം ശ്രദ്ധാകേന്ദ്രമാകുന്നത് മറ്റൊരു പ്രത്യേകത കൊണ്ടുകൂടിയാണ്. പ്രധാന മുന്നണികൾ മാറ്റുരയ്ക്കുന്ന ഈ പോരാട്ടഭൂമിയിലെ ഏക വനിതാ സ്ഥാനാർത്ഥിയാണ് എൽ.ഡി.എഫിന്റെ അഡ്വ. യു. പ്രതിഭ. വനിതകൾക്ക് രാഷ്ട്രീയത്തിൽ അർഹമായ പ്രാധാന്യം നൽകണമെന്ന എൽ.ഡി.എഫ് നിലപാടിന്റെ കരുത്തുറ്റ മുഖമായി പ്രതിഭ മാറിക്കഴിഞ്ഞു. മറ്റ് മുന്നണികൾ പുരുഷ സ്ഥാനാർത്ഥികളെ കളത്തിലിറക്കിയപ്പോൾ, പെൺകരുത്തിന്റെ പ്രതീകമായി ജനവിധി തേടുന്ന പ്രതിഭയ്ക്ക് മണ്ഡലത്തിലെ വനിതാ വോട്ടർമാർക്കിടയിൽ വലിയ സ്വാധീനമാണുള്ളത്.
ഭൂമിശാസ്ത്രപരമായും രാഷ്ട്രീയമായും ഏറെ പ്രത്യേകതകളുള്ള മണ്ഡലമാണ് കായംകുളം. കായംകുളം നഗരസഭയ്‌ക്കൊപ്പം കാർത്തികപ്പള്ളി താലൂക്കിലെ ദേവികുളങ്ങര, കണ്ടല്ലൂർ, കൃഷ്ണപുരം, പത്തിയൂർ എന്നീ പഞ്ചായത്തുകളും മാവേലിക്കര താലൂക്കിലെ ഭരണിക്കാവ്, ചെട്ടികുളങ്ങര എന്നീ പഞ്ചായത്തുകളും ചേരുന്നതാണ് ഈ മണ്ഡലം. ആലപ്പുഴ ലോക്‌സഭാ മണ്ഡലത്തിന്റെ ഭാഗമായ ഇവിടെ ഇത്തവണ വികസന ചർച്ചകൾക്കൊപ്പം തന്നെ രാഷ്ട്രീയ വിവാദങ്ങളും സജീവമായിരിക്കുകയാണ്.
തിരഞ്ഞെടുപ്പ് പ്രചാരണം അവസാനഘട്ടത്തിലേക്ക് കടക്കുമ്പോൾ വാശിയേറിയ വാക്പോരുകളാണ് മണ്ഡലത്തിൽ അരങ്ങേറുന്നത്. യു. പ്രതിഭക്കെതിരെ യു.ഡി.എഫ് നേതാവിന്റെ ഭാഗത്തുനിന്നുണ്ടായ വിവാദ പരാമർശങ്ങൾ മണ്ഡലത്തിൽ വലിയ രാഷ്ട്രീയ ആയുധമായി മാറിയിട്ടുണ്ട്. സ്ത്രീവിരുദ്ധ പരാമർശം എന്ന നിലയിൽ ഈ സംഭവം വലിയ രീതിയിലുള്ള പ്രതിഷേധങ്ങൾക്കും ചർച്ചകൾക്കും വഴിവെച്ചു. ഏപ്രിൽ 9-ന് ജനവിധി തേടുമ്പോൾ, കായംകുളത്തെ വോട്ടർമാർ ആരുടെ പക്ഷം നിൽക്കുമെന്നത് കേരളം ഉറ്റുനോക്കുന്ന ഒന്നാണ്. മൂന്നാം അങ്കത്തിന് ഇറങ്ങുന്ന യു. പ്രതിഭയെ കായംകുളം വീണ്ടും നെഞ്ചേറ്റുമോ, അതോ മാറ്റത്തിനായി എം. ലിജുവിനെയോ തമ്പി മേട്ടുത്തറയെയോ സ്വീകരിക്കുമോ എന്നതാണ് ഇനി അറിയേണ്ടത്.
















