പശ്ചിമേഷ്യൻ യുദ്ധവുമായി ബന്ധപ്പെട്ട് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സ്വീകരിക്കുന്ന വൈരുദ്ധ്യമുള്ള നയങ്ങൾക്കെതിരെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ രംഗത്ത്.
ഇറാന്‍ യുദ്ധവുമായി ബന്ധപ്പെട്ട് ട്രംപ് ഓരോ ദിവസവും ഓരോ നിലപാടുകള്‍ സ്വീകരിക്കുന്നതിനെയാണ് മാക്രോണ്‍ വിമര്‍ശിച്ചത്. ട്രംപിന്റെ നിലപാടുകള്‍ ആശയക്കുഴപ്പമുണ്ടാക്കുന്നുവെന്നും അതീവ ഗൗരവകരമായ വിഷയങ്ങളില്‍ ഇത്തരം നിലപാടുകള്‍ ഗുണകരമാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ദക്ഷിണ കൊറിയയില്‍ നടത്തിയ സന്ദര്‍ശനത്തിനിടെയായിരുന്നു മാക്രോണിന്റെ വിമര്‍ശനം. ഗൗരവകരമായ വിഷയങ്ങളാണ് പറയുന്നതെങ്കില്‍ അതിന്റെ ഗൗരവം കാണിക്കണം. ഓരോ ദിവസവും പരസ്പര വിരുദ്ധമായ കാര്യങ്ങള്‍ പറയരുത്. മാത്രമല്ല, ട്രംപ് എല്ലാ ദിവസവും സംസാരിക്കേണ്ടതില്ലെന്നും മാക്രോണ്‍ പറഞ്ഞു.
നാറ്റോയെ ട്രംപ് ദുര്‍ബലപ്പെടുത്തിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നാറ്റോ സഖ്യം പ്രവര്‍ത്തിക്കുന്നത് പരസ്പര വിശ്വാസത്തിന്മേലാണ്. എന്നാല്‍, ട്രംപന്റെ ഓരോ ദിവസത്തേയും ഓരോ നിലപാടുകള്‍ ഈ വിശ്വാസത്തെ തകര്‍ക്കുന്നു. ഓരോ ദിവസവും സഖ്യത്തിലുള്ള നിങ്ങളുടെ പ്രതിബദ്ധതയെക്കുറിച്ച് സംശയം പ്രകടിപ്പിച്ചാല്‍, സഖ്യത്തിന്റെ അന്തസ്സത്ത ഇല്ലാതാകുമെന്ന് മാക്രോണ്‍ ചൂണ്ടിക്കാട്ടി.
















