വെണ്ണ പോലെ മയവും രുചിയുമുള്ള ഒന്നാണ് ബട്ടർ ബീൻസ്. പയർ വർഗങ്ങളിൽ ഉള്ളതു പോലെ തന്നെ ധാരാളം പോഷകങ്ങൾ ഇതിലും അടങ്ങിയിട്ടുണ്ട്. വെള്ളത്തിൽ കുതിർത്ത് തൊലി കളഞ്ഞ് വേണം പാചകത്തിനായി ഇത് ഉപയോഗിക്കുവാൻ. വെന്തു വരുമ്പോൾ വെണ്ണ പോലെ മൃദുവായിരിക്കും. സാലഡുകളിലും മറ്റും ബട്ടർ ബീൻസ് അരച്ചത് ചേർക്കാറുണ്ട്. ഇനി ബട്ടർ ബീൻസ് കിട്ടിയാൽ ഉറപ്പായും ട്രൈ ചെയ്യേണ്ട ഒരു കറിയുടെ റെസിപ്പി പരിചയപ്പെടാം.
ചേരുവകൾ
മഞ്ഞൾപ്പൊടി
മുളകുപൊടി
മല്ലിപ്പൊടി
ചിക്കൻമസാല
ഉപ്പ്
തേങ്ങ
ചുവന്നുള്ളി
സവാള
ഇഞ്ചി
വെളുത്തുള്ളി
തക്കാളി
കറിവേപ്പില
കടുക്
എണ്ണ
തയ്യാറാക്കുന്ന വിധം
അടികട്ടിയുള്ള ഒരു പാത്രം അടുപ്പിൽ വെച്ച് അൽപ്പം എണ്ണയൊഴിച്ച് സവാള, ഇഞ്ചി, രണ്ട് പച്ചമുളക് എന്നിവ ചെറുതായി അരിഞ്ഞത് വഴറ്റുക. ആവശ്യത്തിനു മുളകുപൊടി, മഞ്ഞൾപ്പൊടി, ചിക്കൻമസാല, ഉപ്പ്, തക്കാളി ചെറുതായി അരിഞ്ഞത് എന്നിവ കൂടി ചേർത്തിളക്കുക. ഇതിലേയ്ക്ക് ബട്ടർ ബീൻസ് വെള്ളത്തിൽ കുതിർത്ത് തൊലി കളഞ്ഞ് എടുത്തതിനൊപ്പം അൽപ്പം വെള്ളം ചേർത്ത് വേവിക്കുക. വെന്തു വരുമ്പോൾ അൽപ്പം തേങ്ങ ചിരകിയതും ചുവന്നുള്ളിയും അരച്ചത് ഒഴിച്ചിളക്കുക.തിളച്ചു വരുമ്പോൾ കടുക്, വറ്റൽമുളക്, കറിവേപ്പില എന്നിവ എണ്ണയിൽ വറുത്തത് കൂടി ചേർത്ത് അടുപ്പിൽ നിന്നും മാറ്റി വെയ്ക്കാം.
















