നാട്ടിൽ സുലഭമായി ലഭിക്കുന്ന ഒന്നാണ് വാഴക്കൂമ്പ്. കുടപ്പൻ, വാഴച്ചുണ്ട് എന്നിങ്ങനെ ഇത് അറിയപ്പെടാറുണ്ട്. ഇനി വാഴക്കൂമ്പ് കിട്ടിയാൽ ഒരു ചമ്മന്തി തന്നെ തയ്യാറാക്കിക്കോളൂ. ചോറിനും ദോശയ്ക്കും മറ്റൊരു കറിയുടെ അവിശ്യം വരില്ല.
ചേരുവകൾ
വാഴക്കൂമ്പ്
നല്ലെണ്ണ
ഉഴുന്നു പരിപ്പ്
കടലപരിപ്പ്
വെളുത്തുള്ളി
വറ്റൽമുളക്
ചുവന്നുള്ളി
തക്കാളി
പുളി
കായം
ഉപ്പ്
കറിവേപ്പില
മല്ലിയില
തേങ്ങ
കടുക്
തയ്യാറാക്കുന്ന വിധം
അടി കട്ടിയുള്ള ഒരു പാത്രം അടുപ്പിൽ വെച്ച് ഒരു ടീസ്പൂൺ നല്ലെണ്ണയൊഴിച്ചു ചൂടാക്കി ഒരു ടേബിൾസ്പൂൺ ഉഴുന്നു പരിപ്പ്, ഒരു ടീസ്പൂൺ കടല പരിപ്പ് എന്നിവ ചേർത്ത് വറുക്കുക. ഇതിലേയ്ക്ക് വെളുത്തുള്ളി അല്ലി അഞ്ചെണ്ണം കൂടെ നാല് വറ്റൽമുളകും ചേർത്ത് വറുക്കുക.
പത്ത് ചുവന്നുള്ളിയും, ഒരു തക്കാളി ചെറിയ കഷ്ണങ്ങളാക്കിയതും ചേർത്ത് വഴറ്റുക. ശേഷം ചെറുതായി അരിഞ്ഞ വാഴക്കൂമ്പും, ഒരു ചെറിയ നാരങ്ങയുടെ വലിപ്പമുള്ള വാളൻപുളിയും, കാൽ ടീസ്പൂൺ കായപ്പൊടി, മുക്കാൽ ടീസ്പൂൺ ഉപ്പ് എന്നിവ ചേർത്തിളക്കി വേവിക്കുക. ഇതിലേയ്ക്ക് അൽപ്പം മല്ലിയിലയും കറിവേപ്പിലയും, മൂന്ന് ടേബിൾസ്പൂൺ തേങ്ങ ചിരകിയതും ചേർത്തിളക്കുക. ചൂടാറിയതിനു ശേഷം ഇത് അരച്ചെടുക്കുക. അടി കട്ടിയുള്ള ഒരു പാത്രം അടുപ്പിൽ വെച്ച് ഒരു ടീസ്പൂൺ എണ്ണയൊഴിച്ചു ചൂടാക്കി അര ടീസ്പൂൺ കടുക് പൊട്ടിക്കുക. ഇതിലേയ്ക്ക് അര ടീസ്പൂൺ ഉഴുന്ന് പരിപ്പും, കറിവേപ്പിലയും ചേർത്ത് വറുത്ത് അരപ്പിലേയ്ക്കു ചേർക്കുക.
















