രുചികരമായ ചെമ്മീൻ കറി റെസിപ്പിയുണ്ട്. അൽപ്പം മുരിങ്ങയും, ഒരു ചെറിയ പച്ചമാങ്ങയും ഉണ്ടെങ്കിൽ നല്ല എരിവും പുളിയും ചേർന്ന അടിപൊളി കറി റെഡി. അൽപ്പ നേരം വെള്ളത്തിലിട്ട് വേവിച്ചതിനു ശേഷം വേണം ആവശ്യമായ മസാലക്കൂട്ടുകൾ ചേർത്ത് മുരിങ്ങക്കും മാങ്ങക്കുമൊപ്പം ഇത് തയ്യാറാക്കാൻ.
ചേരുവകൾ
ചെമ്മീൻ
മഞ്ഞൾപ്പൊടി
ഉപ്പ്
വെള്ളം
മുരിങ്ങക്ക
പച്ചമാങ്ങ
തേങ്ങ
ചുവന്നുള്ളി
ഇഞ്ചി
വെളുത്തുള്ളി
മുളകുപൊടി
വെളിച്ചെണ്ണ
ജീരകപ്പൊടി
കടുക്
വറ്റൽമുളക്
കറിവേപ്പില
തയ്യാറാക്കുന്ന വിധം
നന്നായി കഴുകി വൃത്തിയാക്കി 250 ഗ്രാം ചെമ്മീൻ ഒരു അടികട്ടിയുള്ള പാത്രത്തിലേയ്ക്കെടുത്ത് ഒരു കപ്പ് വെള്ളം ഒഴിച്ച് അര ടീസ്പൂൺ മഞ്ഞൾപ്പൊടി, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് അടുപ്പിൽ വെച്ച് ചെറുതായി വേവിക്കുക.
വെന്തു വരുമ്പോൾ 200 ഗ്രാം മുരിങ്ങക്ക, ഒരു ഇടത്തരം പച്ചമാങ്ങ കഴുകി തൊലി കളഞ്ഞ് നീളത്തിൽ അരിഞ്ഞതും, മൂന്ന് പച്ചമുളക് നീളത്തിൽ അരിഞ്ഞത്, ആവശ്യത്തിന് കറിവേപ്പില എന്നിവ ചേർത്ത് തിളപ്പിക്കുക. തിളച്ചു വരുന്നതിനിടയ്ക്ക് ഒരു കപ്പ് തേങ്ങ ചിരകിയതിലേയ്ക്ക് അഞ്ചോ ആറോ ചുവന്നുള്ളി, ചെറിയ കഷ്ണം ഇഞ്ചിയും, നാലോ അഞ്ചോ വെളുത്തുള്ളിയും, ആവശ്യത്തിന് ഉപ്പ്, ഒരു ടീസ്പൂൺ മുളകുപൊടി, ഒരു ടീസ്പൂൺ മഞ്ഞൾപ്പൊടി, എന്നിവ ചേർത്ത് അരച്ചെടുക്കുക. ഇത് അൽപ്പം വെന്തു വരുന്ന കറിയിലേയ്ക്ക് ചേർത്തിളക്കുക. കറി തിളച്ചു വരുമ്പോൾ മറ്റൊരു പാനിൽ രണ്ട് ടേബിൾസ്പൂൺ വെളിച്ചെണ്ണയൊഴിച്ചു ചൂടാക്കി അര ടീസ്പൂൺ കടുക്, നാലോ അഞ്ചോ വറ്റൽമുളക്, പത്തോ പന്ത്രണ്ടോ ചുവന്നുള്ളി, ഒരു നുള്ള് ഉലുവ പൊടിച്ചത്, കറിവേപ്പില എന്നിവ വഴറ്റി കറിയിൽ ചേർക്കുക.
















