കൊല്ലത്തു യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് കൊട്ടിക്കലാശം കഴിഞ്ഞ് മടങ്ങിയ കാറിടിച്ച് രണ്ട് കായിക താരങ്ങൾക്ക് പരിക്കേറ്റ സംഭവത്തിൽ ഒരാളുടെ നില ഗുരുതരം. ഹോക്കി സ്റ്റേഡിയത്തിൽ പരിശീലനം കഴിഞ്ഞ് ലിങ്ക് റോഡിലൂടെ മടങ്ങുകയായിരുന്ന ധനലക്ഷ്മി (16), ചിന്നുലക്ഷ്മി (13) എന്നീ കുട്ടികളെയാണ് അമിതവേഗത്തിലെത്തിയ കാർ ഇടിച്ചുതെറിപ്പിച്ചത്.
ഇതിൽ 13 വയസ്സുകാരിയായ ചിന്നുലക്ഷ്മിയുടെ നിലയാണ് ഗുരുതരമായി തുടരുന്നത്. ആന്തരിക രക്തസ്രാവത്തെ തുടർന്ന് അടിയന്തര ശസ്ത്രക്രിയയ്ക്ക് കുട്ടിയെ വിധേയയാക്കിയിരിക്കുകയാണ്. കുട്ടി നിലവിൽ വെന്റിലേറ്ററിൽ ആണ്.
ഇന്നലെയാണ് സംഭവം നടക്കുന്നത്. ഹോക്കി സ്റ്റേഡിയത്തിൽ പരിശീലനം കഴിഞ്ഞ് ലിങ്ക് റോഡ് വഴി പോകുകയായിരുന്നു കുട്ടികളെ അമിത വേഗത്തിലെത്തിയ കാർ ഇടിക്കുകയും ഇടിയുടെ ആഘാതത്തിൽ റോഡരികിലെ കൈവരി തകർന്ന് രണ്ട് കുട്ടികളും അഷ്ടമുടി കായലിലേക്ക് വീഴുകയായിരുന്നു.
കൊല്ലം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി ബിന്ദു കൃഷ്ണയുടെ മകന്റെ ഉടമസ്ഥതയിലുള്ള കാറാണ് അപകടത്തിൽപ്പെട്ടത്. അപകട സമയത്തു കാറിൽ നാല് കെഎസ്യു പ്രവർത്തകർ ഉണ്ടായിരുന്നു. ബിന്ദു കൃഷ്ണയുടെ മകൻ കാറിൽ ഉണ്ടായിരുന്നില്ല. പ്രവർത്തകർ തിരഞ്ഞെടുപ്പ് കൊട്ടിക്കലാശം കഴിഞ്ഞ് മടങ്ങുകയായിരുന്നു.
അപകടം മൂലം കായലിൽ വീണ കുട്ടികളെ രക്ഷിക്കാൻ വാഹനത്തിലുണ്ടായിരുന്നവർ തയ്യാറായില്ലെന്നും അവിടെയുണ്ടായിരുന്ന നാട്ടുകാരാണ് കുട്ടികളെ കരയ്ക്കെത്തിച്ചതെന്നും ദൃക്സാക്ഷികൾ പറഞ്ഞു. സംഭവത്തിൽ കുട്ടികളുടെ ചികിത്സാച്ചെലവ് ബിന്ദു കൃഷ്ണ വഹിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. അതേസമയം, കാറിലുണ്ടായിരുന്ന ബാക്കിയുള്ളവരെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും ശക്തമായ നിയമനടപടികൾ സ്വീകരിക്കണമെന്നും എൽഡിഎഫ് കൊല്ലം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
















