‘തുംബാഡ്’ എന്ന ഹൊറർ-ഡ്രാമ ചിത്രത്തിന്റെ രണ്ടാം ഭാഗം അണിയറയിൽ ഒരുങ്ങുകയാണ്. ചിത്രത്തിൽ പ്രധാന വേഷത്തിൽ ബോളിവുഡ് താരം നവാസുദ്ദീൻ സിദ്ദിഖി എത്തുമെന്ന് നേരത്തെ സ്ഥിരീകരിച്ചിരുന്നു. എന്നാൽ ഇപ്പോൾ മലയാളി പ്രേക്ഷകർക്ക് കൂടി ആവേശം നൽകിക്കൊണ്ട് നിമിഷ സജയനും ചിത്രത്തിന്റെ ഭാഗമാകുന്നു എന്ന വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്.
‘പോച്ചർ’, ‘ഡബ്ബ കാർട്ടൽ’ തുടങ്ങിയ ഹിന്ദി സീരിസുകളിലൂടെ ദേശീയ ശ്രദ്ധ പിടിച്ചുപറ്റിയ നിമിഷ സജയൻ, സോഹം ഷായുമായി വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. സോഹം ഷാ നിർമിച്ച ‘ക്രേസി’ എന്ന ചിത്രത്തിന് വേണ്ടി നിമിഷ നേരത്തെ ശബ്ദം നൽകിയിരുന്നു. നവാസുദ്ദീൻ സിദ്ദിഖിയും നിമിഷയും അവതരിപ്പിക്കുന്ന കഥാപാത്രങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ നിലവിൽ രഹസ്യമാക്കി വച്ചിരിക്കുകയാണ്.
‘‘തുംബാഡിന്റെ സവിശേഷമായ കഥാപരിസരത്തെ ഞാൻ എപ്പോഴും ആരാധിച്ചിരുന്നു. സോഹം ഷാ രണ്ടാം ഭാഗത്തിന്റെ കാഴ്ചപ്പാട് പങ്കുവെച്ചപ്പോൾ എനിക്ക് ആ കഥ ഇഷ്ടപ്പെടുകയും ടീമിന്റെ ഭാഗമാകാൻ തീരുമാനിക്കുകയുമായിരുന്നു. വളരെ സങ്കീർണമായ ഒരു കഥാപാത്രത്തെയാണ് ഞാൻ ഇതിൽ അവതരിപ്പിക്കുന്നത്,’’ എന്ന് നവാസുദ്ദീൻ സിദ്ദിഖി പറഞ്ഞു.
ആദ്യ ഭാഗത്തിൽ നായകനായിരുന്ന സോഹം ഷാ ആണ് ‘തുംബാഡ് 2’ നിർമിക്കുന്നത്. അതിമോഹം എന്ന പ്രമേയത്തെ കൂടുതൽ ആഴത്തിൽ സ്പർശിക്കുന്ന ഒന്നായിരിക്കും രണ്ടാം ഭാഗമെന്ന് അദ്ദേഹം വ്യക്തമാക്കി. 2018-ൽ റിലീസ് ചെയ്തപ്പോൾ ബോക്സ് ഓഫിസിൽ വലിയ ചലനം സൃഷ്ടിച്ചില്ലെങ്കിലും, അടുത്തിടെ ചിത്രം വീണ്ടും തിയറ്ററുകളിൽ റിലീസ് ചെയ്തപ്പോൾ വലിയ വിജയമാണ് നേടിയത്. ഇതാണ് രണ്ടാം ഭാഗത്തിന് വേഗത കൂട്ടാൻ അണിയറ പ്രവർത്തകർക്ക് പ്രേരണയായത്.
ആദ്യ ഭാഗം സംവിധാനം ചെയ്ത രാഹി അനിൽ ബർവെ ആകില്ല രണ്ടാം ഭാഗം ഒരുക്കുക. ആദ്യ ഭാഗത്തിന്റെ കോ ഡയറക്ടറായിരുന്ന ആദേഷ് പ്രസാദ് ആകും രണ്ടാം ഭാഗമൊരുക്കുക. പെൻ സ്റ്റുഡിയോസും സോഹം ഷാ ഫിലിംസും ചേർന്നാണ് ഈ ബ്രഹ്മാണ്ഡ ചിത്രം നിർമിക്കുന്നത്. മഹാരാഷ്ട്രയിലെ തുംബാട് എന്ന ഗ്രാമത്തിലെ നിഗൂഢതകളും ഹസ്തർ എന്ന ദുർമൂർത്തിയുടെ കഥയും പറഞ്ഞ ആദ്യ ഭാഗത്തിന്റെ ബാക്കി വിശേഷങ്ങൾ അറിയാൻ കാത്തിരിക്കുകയാണ് ആരാധകർ.
















