വോട്ടെല്ലാം പെട്ടിയില്‍ വീണതിനു പിന്നാലെ ഇനി അറിയേണ്ടത് മുന്നണി നേതാക്കളുടെ വാക്കും നോക്കും നീക്കവുമാണ്. ഇതില്‍ അതി പ്രധാനമായി അറിയേണ്ടത് രേവന്ത് റെഡ്ഡി-പിണറായി വിജയന്‍ വാക്ക്‌പോരാണ്. നീ പോ മോനേ ദിനേശാ എന്ന സിനിമാ ഡയലോഗിനെ മാറ്റി, ‘നീ പോ മോനേ വിജയാ’ എന്നു പറഞ്ഞ് മാസ്സായി കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരെ പുളകം കൊള്ളിച്ച തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് പിണറായി വിജയന്റെ മറുപടി വരാനിരിക്കുന്നതേയുള്ളൂ. എന്നാല്‍, അതിനു മുമ്പായി ‘ഡാഷ് മോനേ മറുപടി വരുന്നുണ്ട്’ എന്ന മുന്നറിയിപ്പ് ട്രെയ്‌ലര്‍ തെരഞ്ഞെുപ്പിനു തൊചട്ടുമുമ്പ് പിണറായി വിജയന്‍ അടിച്ചിരുന്നു. വോട്ടെടുപ്പ് ദിവസമായ ഇന്നലെ ധര്‍മ്മടത്ത് തന്റെ പോളിംഗ് ബൂത്തില്‍ വോട്ടിട്ട് മടങ്ങുമ്പോള്‍ പിണറായി വജിയന്‍ രേവന്ത് റെഡ്ഡിക്കുള്ള മറുപടി തയ്യാറാക്കി വന്നിട്ടുണ്ടെന്നായിരുന്നു മാധ്യമങ്ങള്‍ കരുതിയത്.
തെരഞ്ഞെടുപ്പിനെയോ, വിജയ സാധ്യതയോ, മൂന്നാം ടേമിനെ കുറിച്ചോ ഒന്നും ചോദിക്കാതെ രേവന്ത് റെഡ്ഡിക്കുള്ള മറുപടി ഉണ്ടോയെന്നാണ് മാധ്യമങ്ങള്‍ വോട്ടു ചെയ്തിറങ്ങിയ പിണറായിയോട് ചോദിച്ചത്. എന്നാല്‍, കിട്ടിയതോ തണുത്ത പടക്കം പോലുള്ള മറുപടിയും. ജയിലില്‍ കിടന്നിട്ടുള്ള മുഖ്യമന്ത്രി ആരാണെന്ന് നിങ്ങള്‍ക്കറിയില്ലേ എന്നായിരുന്നു പിണറായി വിജയന്റെ മറു ചോദ്യം. ഡാഷ് മോനേ അവരവര്‍ പൂരിപ്പിച്ചാല്‍ മതിയെന്നും, വോട്ടെണ്ണല്‍ കഴിയട്ടെ മറുപി താരാമെന്നും പറഞ്ഞ് പിണറായി മടങ്ങുകയും ചെയ്തു. രേവന്ത് റെഡ്ഡിക്ക് പിണറായി വിജയന്‍ മറുപടി കൊടുക്കുമോ? എന്നതാണ് ഇനി അറിയേണ്ടത്. സമാന രീതിയില്‍ കോണ്‍ഗ്രസിലെ നേതാക്കള്‍ ബി.ജെ.പിക്കും സി.പി.എമ്മിലെ നേക്കാള്‍ക്കും തലങ്ങും വിലങ്ങും മറുപടികള്‍ കൊടുക്കാനുണ്ട്.
വരും ദിവസങ്ങളില്‍ ഇതെല്ലാം കൊടുത്തു തീര്‍ക്കുമെന്നതില്‍ തര്‍ക്കമില്ല. വോട്ടെണ്ണല്‍ ദിവസത്തേക്കു മറുപടി മാറ്റിവെച്ചിരിക്കുന്ന പിണറായി വിജയന്റെ ഉദ്ദേശം രണ്ടാണ്. മൂന്നാം ടേമും ജനം അധികാരം നല്‍കിയാല്‍, മറുപടിയുടെ ഭാഷയും രീതിയും മാറും. രേവന്ത് റെഡ്ഡിക്കെന്നല്ല, കോണ്‍ഗ്രസ്സിനാകെ താങ്ങാന്‍ കഴിയാത്ത മറുപടി തന്നെയായിരിക്കും പിണറായി വിജയന്‍ നല്‍കുക എന്നതില്‍ തര്‍ക്കം വേണ്ട. തന്നെ ജനകീയമായും, രാഷ്ട്രീയമായും തകര്‍ക്കാന്‍ ആര്‍ക്കും സാധിക്കില്ല എന്ന ഉറപ്പുകൂടിയാകും വിജയം. പാര്‍ട്ടിക്കകത്തോ, മുന്നണിക്കുള്ളിലോ, പ്രതിപക്ഷത്തിനോ പിണറായിക്കെതിരേ ഒരക്ഷരം മിണ്ടാനുമാകില്ല. ഇടതു വിജയത്തിനു ശേഷം ഉണ്ടാകാന്‍ പോകുന്നത്, പിണറായി വിജയപക്ഷം മാത്രമായിരിക്കും.
അതേ സമയം, പ്രതീക്ഷകളും, മൂന്നാം ടേമും എല്ലാം തോല്‍വിയില്‍ കലാശിച്ചാല്‍, അത് പിണറായി വിജയന്റെ അവസാനത്തിന്റെ തുടക്കമാകും. പാര്‍ട്ടിയിലും, മുന്നണിയിലും എതിര്‍ ശബ്ദങ്ങള്‍ക്ക് ശക്തി കൂടുകയും എകാധിപതിയില്‍ നിന്നും പിണറായി വിജയനെന്ന പാര്‍ട്ടിക്കാരനിലേക്കുള്ള മടങ്ങിപ്പോക്ക് അസാധ്യമാവുകയും ചെയ്യും. തോല്‍വിയുടെയും പാര്‍ട്ടിയുടെ അവസ്ഥയെയും പിണറായി വിജയനില്‍ മാത്രം കെട്ടിവെയ്ക്കാനുള്ള ശക്തമായ ഇടപെടലുകളും നീക്കവും ഉള്‍പാര്‍ട്ടിയില്‍ തന്നെ ഉയര്‍ന്നു വരികയും ചെയ്യും. പാര്‍ട്ടി വിട്ടു പോയവരുടെ പ്രതികരണങ്ങള്‍ രൂക്ഷമാകും. ഇതുവരെ പറയാതിരുന്ന കാര്യങ്ങള്‍ അക്കമിട്ടു പറയാന്‍ തുടങ്ങും. പാര്‍ട്ടി തന്നെ പ്രതിരോധത്തിലാവുമ്പോള്‍ അന്നുവരെ മറുപടി പറഞ്ഞ് രക്ഷിച്ച പിണറായി വിജയന് ഒന്നും ചെയ്യാന്‍ കഴിയാതെ നില്‍ക്കേണ്ടി വരും.
ഭരണം നഷ്ടപ്പെട്ട്, വെറും എം.എല്‍.എ ആയി നിയമസഭയ്ക്കുള്ളില്‍ ഇരിക്കേണ്ടി വരുന്ന പിണറായി വിജയന്റെ അവസ്ഥ, പരിതാപകരമായിരിക്കുമെന്നതില്‍ തര്‍ക്കമില്ല. വരാന്‍ പോകുന്ന നിയമസഭയില്‍ നടക്കാന്‍ പോകുന്ന ചര്‍ച്ചകളെല്ലാം കഴിഞ്ഞ പത്തു വര്‍ഷത്തെ പിണറായി വിജയന്‍ സര്‍ക്കാരിന്റെ പോസ്റ്റുമോര്‍ട്ടമായിരിക്കും. അതെല്ലാം കേട്ട് മറുപടി പറയേണ്ടി വരുന്ന അവസ്ഥ പിണറായി വിജയന് ആലോചിക്കാന്‍ പോലുമാകില്ലെന്നുറപ്പാണ്. കാരണം, പാര്‍ട്ടിയിലും മുന്നണിയിലും പിണറായി പകരം വെയ്ക്കാനാവാത്ത നേതാവായതു കൊണ്ടാണ്. മുഖ്യമന്ത്രി വെറും എം.എല്‍.എ ആയിരിക്കാന്‍ വിധിക്കപ്പെടുമ്പോള്‍ ഇടതുപക്ഷത്തിന് അത് അംഗീകരിക്കാന്‍ സാധിക്കുമോ എന്നതാണ് അറിയേണ്ടത്. എന്നാല്‍, വി.എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഒക്കെ ആയിരുന്നിട്ട്, പിണറായി വിജയന്‍ മന്ത്രിസഭയില്‍ വെറും എം.എല്‍.എ ആയിരുന്നിട്ടുണ്ട് എന്നത് മറക്കാനാവില്ല.
കോണ്‍ഗ്രസിലും അതുണ്ടായിട്ടുണ്ട്. മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി നിയമസഭയില്‍ വെറും എം.എല്‍.എ ആയിരുന്നിട്ടുണ്ട്. പ്രതിപക്ഷ നേതാവായിരുന്ന രമേശ് ചെന്നിത്തലയും വെറും എം.എല്‍.എ ആയിരുന്നിട്ടുണ്ട്. ഇതുപോലെ പിണറായി വിജയന്‍ വെറും എം.എല്‍.എ ആയിട്ടിരിക്കുമോ എന്നും അറിയേണ്ടതുണ്ട്.
















