ആരാധകർ ഏറെയുള്ള ഹിന്ദി സീരിയൽ നടിയാണ് ദീപിക കക്കർ. താരം കാൻസർ സ്ഥിരീകരണത്തേക്കുറിച്ച് നേരത്തേ തുറന്നുപറഞ്ഞിട്ടുള്ളയാളാണ്. ഇപ്പോഴിതാ ശരീരത്തിൽ വീണ്ടും മറ്റൊരു സിസ്റ്റ് രൂപപ്പെടുകയും അതിനെ സർജറിയിലൂടെ നീക്കം ചെയ്യുകയും ചെയ്തതിനേക്കുറിച്ച് പങ്കുവെച്ചിരിക്കുകയാണ് നടി.
മുൻപ് കരളിലാണ് ദീപികക്ക് അർബുദം സ്ഥിരീകരിച്ചത്. കാൻസർ ചികിത്സയേക്കുറിച്ചും നേരിടുന്ന മറ്റ് ആരോഗ്യപ്രശ്നങ്ങളേക്കുറിച്ചുമൊക്കെ ദീപിക പങ്കുവെച്ചിട്ടുണ്ട്. ഇപ്പോൾ കരളിന് സമീപത്തായി വീണ്ടും വന്ന 1.3 cm ഉള്ള സിസ്റ്റ് നീക്കം ചെയ്തുവെന്നും അപ്രതീക്ഷിതമായി വീണ്ടും സിസ്റ്റ് വന്നത് തന്നെ ആകെ ഉലച്ചുവെന്നും ദീപിക പറഞ്ഞു. യൂട്യൂബ് വ്ലോഗിലൂടെയാണ് ദീപിക ഇക്കാര്യങ്ങൾ പങ്കുവെച്ചത്. രോഗത്തോട് പോരാടുന്ന ഘട്ടത്തിൽ പരമാവധി പോസിറ്റീവായും കരുത്തയായുമിരിക്കണം. തനിക്ക് ഈ രോഗത്തെ പൂർണമായും മറികടക്കണം. ഇത്രവേഗം രോഗം തിരിച്ചുവരുമെന്ന് വിചാരിച്ചിരുന്നില്ലെന്നും കൂടുതൽ ടെസ്റ്റുകൾ ചെയ്ത്, അവയുടെ ഫലം വന്നതിനുശേഷമേ ബാക്കി ചികിത്സ തീരുമാനിക്കാനാവൂ എന്നും ദീപിക പറഞ്ഞു.
രോഗം തിരിച്ചുവന്നത് തന്നെ അൽപം ഭയപ്പെടുത്തിയെന്നും ദീപിക പറയുന്നുണ്ട്. 1.3 cm ഉള്ള സിസ്റ്റ് കണ്ടെത്തിയത് ആകെ ഉലച്ചു. ഇപ്പോൾ കുറച്ച് ഭയമുണ്ട്. ഇനി ഈ രോഗം തിരിച്ചുവരരുത്. ഈ ഘട്ടത്തിൽ തനിക്ക് മനസ്സിലായ ഒരുകാര്യം സ്ത്രീകൾ അവർ കരുതുന്നതിനേക്കാൾ കരുത്തരാണെന്നും സ്ത്രീകളുടെ ശരീരം സങ്കീർണമാണെന്നും ദീപിക പറഞ്ഞു. ശരീരത്തിലെ ഹോർമോൺ വ്യതിയാനങ്ങളും രോഗങ്ങളുമൊക്കെയായി ഒരുപാട് സാഹചര്യങ്ങളിലൂടെ കടന്നുപോകുമ്പോഴും എല്ലാം നന്നായി ചെയ്യാൻ ശ്രമിക്കുന്നവരാണ് സ്ത്രീകളെന്നും ദീപിക കൂട്ടിച്ചേർക്കുന്നു.
2025 മേയിലാണ് താൻ സ്റ്റേജ് 2 കരൾ കാൻസറിനെതിരെ പോരാടുകയാണെന്ന് ദീപിക വെളിപ്പെടുത്തിയത്. അതേവർഷം ജൂണിൽ നടന്ന ശസ്ത്രക്രിയയിലൂടെ അവരുടെ കരളിന്റെ 22 ശതമാനം ഭാഗം നീക്കം ചെയ്തിരുന്നു. കടുത്ത വയറുവേദനയെ തുടർന്ന് പരിശോധിച്ചപ്പോഴാണ് ഡോക്ടർമാർ കരളിൽ “ഒരു ടെന്നീസ് ബോളിന്റെ വലുപ്പമുള്ള” ഒരു ട്യൂമർ കണ്ടെത്തിയതെന്നും പിന്നീട് അത് അർബുദമാണെന്ന് സ്ഥിരീകരിക്കുകയായിരുന്നുവെന്നുമാണ് ദീപിക അറിയിച്ചത്. തന്റെ കാൻസർ ചികിത്സായാത്രയും കീമോതെറാപ്പി അനുഭവങ്ങളും മാനസികമായ ഉയർച്ച താഴ്ചകളും ദീപിക യൂട്യൂബ് വീഡിയോകളിലൂടെ നിരന്തരം ആരാധകരുമായി പങ്കുവെക്കാറുണ്ട്.
















