ഇറാനിലേക്ക് ആയുധങ്ങൾ കൈമാറാനുള്ള നീക്കത്തിൽ നിന്ന് ചൈന പിന്മാറണമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാനിലേക്ക് ചൈന ആയുധങ്ങൾ അയച്ചാൽ വലിയ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി. മയാമി സന്ദർശനത്തിനായി വൈറ്റ് ഹൗസിൽ നിന്ന് പുറപ്പെടുന്നതിന് മുൻപ് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യുഎസും ഇറാനും തമ്മിലുള്ള വെടിനിർത്തൽ ചർച്ചകൾ പുരോഗമിക്കുന്നതിനിടെ, ചൈന ഇറാനിലേക്ക് ആയുധങ്ങൾ കയറ്റി അയക്കാൻ തയ്യാറെടുക്കുന്നു എന്ന യുഎസ് രഹസ്യാന്വേഷണ ഏജൻസിയുടെ കണ്ടെത്തലാണ് പുതിയ വിവാദങ്ങൾക്ക് വഴിതെളിച്ചത്. വരും ആഴ്ചകൾക്കുള്ളിൽ തന്നെ അത്യാധുനികമായ ചൈനീസ് വ്യോമ പ്രതിരോധ സംവിധാനങ്ങൾ ഇറാന് ലഭിച്ചേക്കുമെന്ന് സിഎൻഎൻ റിപ്പോർട്ട് ചെയ്തിരുന്നു. ഈ റിപ്പോർട്ടുകളോട് പ്രതികരിക്കവെയാണ്, “ചൈന അങ്ങനെ ചെയ്താൽ അവർക്ക് വലിയ പ്രശ്നങ്ങൾ ഉണ്ടാകും” എന്ന് ട്രംപ് തുറന്നടിച്ചത്.
നേരിട്ട് ആയുധങ്ങൾ കൈമാറുന്നതിന് പകരം, മൂന്നാം രാജ്യങ്ങളെ ഇടനിലക്കാരാക്കി ഇറാനിലേക്ക് ആയുധങ്ങൾ എത്തിക്കാനാണ് ചൈന ശ്രമിക്കുന്നതെന്ന് അമേരിക്കൻ ഇന്റലിജൻസ് വിലയിരുത്തുന്നു.
അതേസമയം, അമേരിക്കൻ മാധ്യമങ്ങൾ പുറത്തുവിട്ട വാർത്തകളെ യുഎസിലെ ചൈനീസ് എംബസി പൂർണ്ണമായും തള്ളി. ഇത്തരം റിപ്പോർട്ടുകൾ അടിസ്ഥാനരഹിതമാണെന്നാണ് ചൈനയുടെ ഔദ്യോഗിക വിശദീകരണം.
















