കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിൽ ജീവനൊടുക്കിയ ബിഡിഎസ് വിദ്യാർഥി നിതിൻ രാജിന്റെ മരണത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ. ഒരാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് നിർദേശം. കണ്ണൂർ സിറ്റി പൊലീസ് മേധാവിക്കാണ് നിർദേശം നൽകിയത്.
വാർത്തകളുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ കേസെടുത്തു. കുടുംബം ഉയർത്തുന്നത് ഗുരുതര ആരോപണങ്ങൾ എന്നും കമ്മീഷൻ നിർദേശത്തിൽ പറയുന്നു. അതേസമയം നിതിൻ രാജിന്റെ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് വിവിധ സംഘടനകൾ രംഗത്തെത്തി.
ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് കോളേജ് കെട്ടിടത്തിൻ്റെ അഞ്ചാം നിലയിൽ നിന്നും ചാടി നിതിൻ രാജ് ജീവനൊടുക്കിയത്. നിതിൻ രാജ് വകുപ്പ് മേധാവിയിൽ നിന്ന് കടുത്ത മാനസിക പീഡനം നേരിട്ടിരുന്നുവെന്നും നിറത്തിൻ്റെ പേരിൽ കടുത്ത അധിക്ഷേപം ഉണ്ടായെന്നുമാണ് കുടുംബത്തിൻ്റെ ആരോപണം.
















