അമേരിക്കയുമായി സമാധാന കരാറിൽ ഉടൻ ധാരണയാകുമെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അവകാശവാദങ്ങൾക്കെതിരെ രൂക്ഷമായ പരിഹാസവുമായി ഇറാൻ. ട്രംപിന്റെ പ്രസ്താവനകൾ വെറും ‘ആകാശക്കോട്ടകൾ’ മാത്രമാണെന്നും യാഥാർത്ഥ്യവുമായി ഇതിന് യാതൊരു ബന്ധവുമില്ലെന്നും ഇറാന്റെ ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇസ്ലാമാബാദിൽ നടന്ന ചർച്ചകളിൽ യാതൊരുവിധ പുരോഗതിയും ഉണ്ടായിട്ടില്ലെന്ന് ഇറാൻ ഭരണകൂടം ഔദ്യോഗികമായി വ്യക്തമാക്കി.
വൈറ്റ് ഹൗസിന് മുന്നിൽ മാധ്യമങ്ങളോട് സംസാരിക്കുന്ന ട്രംപിന്റെ വീഡിയോ പങ്കുവെച്ചുകൊണ്ടാണ് ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ഐആർഐബി ട്രംപിനെ പരിഹസിച്ചത്. പരുത്തിക്കുരു തിന്നുന്നതായി ഒട്ടകം സ്വപ്നം കാണുന്നതിനെക്കുറിച്ചുള്ള പേർഷ്യൻ പഴഞ്ചൊല്ല് ഉദ്ധരിച്ചാണ് ഇറാന്റെ മറുപടി. “ഒട്ടകം പരുത്തിക്കുരു തിന്നുന്നതായി സ്വപ്നം കാണുന്നു, ചിലപ്പോൾ അത് മുഴുവനായി വിഴുങ്ങുന്നു, ചിലപ്പോൾ ഓരോന്നായി തിന്നുന്നു” എന്ന പ്രയോഗത്തിലൂടെ ട്രംപിന്റെ അവകാശവാദങ്ങൾ വെറും വ്യാമോഹങ്ങൾ മാത്രമാണെന്ന് ഇറാൻ മാധ്യമങ്ങൾ അടിവരയിടുന്നു.
















