കൊല്ലം കുണ്ടറയിൽ ക്ഷേത്രോത്സവത്തിനിടെ യുവാവിന്റെ വടിവാൾ ആക്രമണം. ഞാലിയോട് അമ്പിപ്പൊയ്ക ദേവി ക്ഷേത്രത്തിലെ ഉത്സവത്തിനിടെയാണ് സംഭവം. കുണ്ടറ സ്വദേശി അജോയ് അശോകനാണ് ആഘോഷങ്ങൾക്കിടെ വടിവാളുമായി എത്തി നാട്ടുകാരെയും ക്ഷേത്ര ഭാരവാഹികളെയും ആക്രമിച്ചത്.
രണ്ടു മാസം മുമ്പ് ഒരു വാഹനാപകടത്തിൽ അജോയിയുടെ സഹോദരൻ മരണപ്പെട്ടിരുന്നു. ഇതിന്റെ ദുഃഖാചരണത്തിന്റെ ഭാഗമായി ഇത്തവണത്തെ ക്ഷേത്രോത്സവം ഒഴിവാക്കണമെന്ന് ഇയാൾ കമ്മിറ്റി അംഗങ്ങളോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, കുടുംബങ്ങൾ ചേർന്ന് നടത്തുന്ന ആചാരപരമായ ഉത്സവമായതിനാൽ ചടങ്ങുകൾ മാറ്റിവെക്കാൻ കഴിയില്ലെന്ന് ഭരണസമിതി അറിയിച്ചു. ഇതിൽ പ്രകോപിതനായ അജോയ് നേരത്തെ കമ്മിറ്റി ഓഫീസിലെത്തി ഭീഷണി മുഴക്കിയിരുന്നു.
ഭാരവാഹികൾ പോലീസിൽ പരാതി നൽകിയിരുന്നെങ്കിലും, ഉത്സവം നടക്കുന്നതിനിടെ അപ്രതീക്ഷിതമായി സുഹൃത്തിനൊപ്പമെത്തിയ അജോയ് വാളെടുത്ത് ആക്രമണം നടത്തുകയായിരുന്നു.തടയാൻ ശ്രമിച്ചവർക്ക് നേരെ ഇയാൾ ആക്രമണം നടത്തി. അക്രമത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. ഇവരെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവത്തിന് പിന്നാലെ അക്രമികൾ സ്ഥലത്തുനിന്ന് കടന്നുകളഞ്ഞു. ക്ഷേത്ര ഭരണസമിതിയുടെ പരാതിയിൽ കുണ്ടറ പോലീസ് കേസെടുത്ത് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
















