കണ്ണൂർ അഞ്ചരക്കണ്ടി ബിഡിഎസ് വിദ്യാർഥി നിതിൻരാജിന്റെ മരണത്തിൽ പ്രതി ചേർക്കപ്പെട്ട ഡോ. എം കെ റാം ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചു. അന്യസംസ്ഥാനങ്ങളിൽ ഉൾപ്പെടെ റാമിനായി പൊലീസ് തിരച്ചിൽ നടത്തുന്നതിനിടെയാണ് ജാമ്യാപേക്ഷ സമർപ്പിച്ചത്. നിതിൻ രാജിന്റെ മരണശേഷം 17 ദിവസമായി ഡോ. എം.കെ റാം ഒളിവിലാണ്. കഴിഞ്ഞ ദിവസം റാമിന്റെ മുൻകൂർ ജാമ്യാപേക്ഷ തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി തള്ളിയിരുന്നു. കേസിൽ പൊലീസ് ഒത്തു കളിക്കുകയാണെന്ന ആരോപണവുമായി നിതിൻരാജിന്റെ കുടുംബം രംഗത്ത് ഉണ്ട്. നീതി വേണമെന്ന് ആവർത്തിച്ച് ആവശ്യപ്പെടുകയാണ് കുടുംബം.
അതേസമയം റാമിനെ തേടി പൊലീസിന്റെ വ്യാപക പരിശോധന. ആന്ധ്രയിലും, കർണ്ണാടകത്തിലും ഉൾപ്പെടെ 16 കേന്ദ്രങ്ങളിൽ പൊലീസ് പരിശോധന നടത്തുന്നതിന്റെ ദൃശ്യങ്ങൾ ട്വന്റിഫോറിന് ലഭിച്ചു. കേസിൽ ഒന്നാം പ്രതിയാണ് റാം. രണ്ടാം പ്രതി സംഗീത നമ്പ്യാർക്ക് തലശേരി കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. സംഗീത നമ്പ്യാരെ അറസ്റ്റ് ചെയ്‌ത് ജാമ്യത്തിൽ വിട്ടയച്ചിരുന്നു. തലശ്ശേരി അഡീഷണൽ സെഷൻസ് കോടതി ജാമ്യം അനുവദിച്ചതിന് പിന്നാലെ അന്വേഷണ ഉദ്യോഗസ്ഥന് മുൻപാകെ സംഗീത നമ്പ്യാർ ഹാജരാകുകയായിരുന്നു. പ്രത്യേക അന്വേഷണ സംഘത്തലവനായ കണ്ണൂർ എസിപി ആർ ഹരിപ്രസാദിന് മുമ്പാകെ ഹാജരായി മൊഴി നൽകി.
Story Highlights : Nitin Raj’s death; M K Ram files anticipatory bail plea in High Court
















