കണ്ണൂര്‍ അഞ്ചരക്കണ്ടി ദന്തല്‍ കോളജ് ബിഡിഎസ് വിദ്യാര്‍ഥി ആര്‍ നിതിന്‍ രാജിന്റെ മരണത്തില്‍, അന്വേഷണം ക്രൈംബ്രാഞ്ചിന്. സംസ്ഥാന പൊലീസ് മേധാവി ഉത്തരവിറക്കി. അന്വേഷണ ഉദ്യോഗസ്ഥനെ ക്രൈം ബ്രാഞ്ച് മേധാവി തീരുമാനിക്കും. അതേസമയം, നിതിന്‍ രാജിന്റെ മരണത്തില്‍ ദളിത് സംഘടനകള്‍ നടത്തിയ ഹര്‍ത്താല്‍ നേരിടുന്നതില്‍ പൊലീസ് വീഴ്ചയെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പുറത്തുവന്നു.
പ്രതിഷേധസാധ്യത മുന്നില്‍ കണ്ട് മുന്നൊരുക്കം നടത്തിയില്ലെന്നാണ് റിപ്പോര്‍ട്ടിലെ കുറ്റപ്പെടുത്തല്‍. ഹര്‍ത്താലിന്റെ പേരില്‍ എടുത്ത കേസുകള്‍ സര്‍ക്കാര്‍ പിന്‍വലിക്കണമെന്ന് കൊടിക്കുന്നില്‍ സുരേഷ് എം പി ആവശ്യപ്പെട്ടു. നിതിന്‍ രാജിന് നീതി ഉറപ്പാക്കുക എന്ന ആഹ്വാനവുമായി 52 ദളിത് സംഘടനകളും ആക്ഷന്‍ കൗണ്‍സിലും ചേര്‍ന്ന് നടത്തിയ കേരള ഹര്‍ത്താല്‍ ദിവസങ്ങള്‍ക്ക് മുന്‍പ് തന്നെ പ്രഖ്യാപിക്കപ്പെട്ടതാണ്. എന്നാല്‍, ഇത് മുന്‍കൂട്ടി കണ്ട് പൊലീസ് മുന്നൊരുക്കങ്ങള്‍ നടത്തിയില്ലെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടിലെ വിമര്‍ശനം.
ബസുകള്‍ തടയുന്നതും, കടകള്‍ അടപ്പിക്കുന്നതും, റോഡ് തടഞ്ഞുള്ള സമരങ്ങളും സ്പെഷ്യല്‍ ബ്രാഞ്ച് ഉള്‍പ്പടെ മുന്‍കൂട്ടി അറിഞ്ഞു റിപ്പോര്‍ട്ട് ചെയ്തില്ല. ഇത് കാരണം പലയിടത്തും പ്രതിഷേധക്കാരെ നേരിടാന്‍ സംഭവ സമയം മതിയായ പൊലീസുകാര്‍ ഉണ്ടായിരുന്നില്ല.ദേശീയ പാതയില്‍ മണിക്കൂറുകള്‍ നീണ്ട ഗതാഗത കുരുക്കുണ്ടായ തിരുവനന്തപുരം പള്ളിപ്പുറത്തു ഗുരുതര വീഴ്ചയുണ്ടായി. മെഡിക്കല്‍ കോളജ്, ആര്‍സിസിയിലേക്കുമുള്ള രോഗികള്‍, വിഐടി എന്‍ട്രന്‍സ് പരീക്ഷ എഴുതാന്‍ വന്ന വിദ്യാര്‍ഥികള്‍ എന്നിവര്‍ വഴിയില്‍ കുടുങ്ങി. DHRM അടക്കമുള്ള സംഘടനകളുടെ മുന്നൊരുക്കം റിപ്പോര്‍ട്ട് ചെയ്തില്ലെന്നും ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തലുണ്ട്.
Story Highlights : Nithin Raj’s death; Crime Branch to investigate
















