പേശിബലം കൂട്ടാനും എല്ലുകളുടെ ആരോഗ്യത്തിനും ശരീരത്തിന്റെ പ്രവർത്തനത്തിനും പ്രോട്ടീൻ ആവശ്യമാണ്. ഫിറ്റ്നസ് ഫ്രീക്കുകളായ മിക്കയാളുകളും പ്രോട്ടീനിനായി പ്രോട്ടീൻ പൗഡറിനെയാണ് ആശ്രയിക്കുന്നത്. ഭക്ഷണം ക്രമീകരിക്കുമ്പോൾ ശരീരത്തിന് പ്രോട്ടീൻ ലഭ്യത ഉറപ്പാക്കാൻ ഇത് സഹായിക്കും. എന്താണ് യഥാർഥത്തിൽ പ്രോട്ടീൻ പൗഡർ? ദൈനംദിന പ്രോട്ടീൻ പൗഡർ ഉപയോഗം സുരക്ഷിതമാണോ?
സസ്യങ്ങളിൽ (സോയ, കടല, അരി) നിന്നോ മൃഗങ്ങളിൽ (പാൽ – വേ, കസീൻ, മുട്ട) നിന്നോ വേർതിരിച്ചെടുക്കുന്ന, പ്രോട്ടീൻ്റെ ഗാഢത കൂടിയ രൂപമാണ് പ്രോട്ടീൻ പൗഡർ. ഇത് ഒരു ഡയറ്ററി സപ്ലിമെന്റാണ്, പ്രധാനമായും പേശി വളർച്ചയ്ക്കും, വ്യായാമത്തിന് ശേഷമുള്ള വീണ്ടെടുക്കലിനും, ശരീരഭാരം കുറയ്ക്കുന്നതിനും, ഭക്ഷണത്തിലൂടെ ആവശ്യത്തിന് പ്രോട്ടീൻ ലഭിക്കാത്തവർക്കും ഇത് ഉപയോഗിക്കാം. എന്നാൽ ഇവയിൽ ആഡഡ് ഷുഗർ, രുചി കൂട്ടാനുള്ള ഫ്ലേവറിങ്സ്, തിക്ക്നേഴ്സ്, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയും അടങ്ങിയിട്ടുണ്ട്.
പാൽ അടിസ്ഥാനമാക്കിയ പ്രോട്ടീൻ പൗഡർ വയറു കമ്പിക്കൽ, വയറിന് അസ്വസ്ഥത, ദഹനപ്രശ്നങ്ങൾ എന്നിവയ്ക്ക് കാരണമാകാം. ലാക്ടോസ് ഇൻടോളറൻസ് അല്ലെങ്കിൽ പാലുൽപ്പന്നങ്ങളോട് അലർജി ഉള്ളവർക്ക് ആയിരിക്കും കൂടുതൽ ആരോഗ്യപ്രശ്നങ്ങളുണ്ടാവുക. പ്രോട്ടീൻ പൗഡർ ഒരു ഡയറ്ററി സപ്ലിമെന്റ് ആയതിനാൽ, ഇതിന്റെ സുരക്ഷ, ലേബലിങ് തുടങ്ങിയവ കൃത്യമായി വായിച്ച ശേഷം ഉപയോഗിക്കുക.
പഞ്ചസാരയും കലോറിയും
ചില പ്രോട്ടീൻ പൗഡറുകളിൽ ഉയർന്ന അളവിൽ ആഡഡ് ഷുഗറും കലോറിയും അടങ്ങിയിട്ടുണ്ട്. ഇത് പതിവായി കഴിച്ചാൽ ശരീരഭാരം കൂടാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിക്കാനും കാരണമാകും. ദീർഘകാലം തുടർച്ചയായി പ്രോട്ടീൻ കൂടിയ അളവിൽ സപ്ലിമെന്റുകളിലൂടെയും മറ്റും ഉപയോഗിക്കുന്നതിന്റെ ദൂഷ്യവശങ്ങൾ എന്തൊക്കെ എന്നതിനെക്കുറിച്ച് വളരെ കുറച്ചു പഠനങ്ങൾ മാത്രമേ നടന്നിട്ടുള്ളൂ. പ്രോട്ടീൻ പൗഡറുകൾ പലപ്പോഴും സൗകര്യപ്രദമാണെങ്കിലും അവ അപകട രഹിതമല്ല. ഭക്ഷണങ്ങളിൽ നിന്നു തന്നെ പ്രോട്ടീൻ ലഭിക്കുന്നതാണ് ഏറെ സുരക്ഷിതം.
പ്രോട്ടീൻ പൗഡർ മിക്സ് ചെയ്യുമ്പോൾ ഈ അബദ്ധം ഒഴിവാക്കാം
ചൂട് ദ്രാവകങ്ങള്‍
രാവിലെ ബ്രേക്ക്ഫാസ്റ്റിൽ പ്രോട്ടീൻ ഉൾപ്പെടുത്തുന്നതിന് ചിലർ കാപ്പിയിലും ചൂടുവെള്ളത്തിലും പ്രോട്ടീൻ പൗഡർ മിക്സ് ചെയ്തു കുടിക്കാറുണ്ട്. ഇത് പ്രോട്ടീൻ പൗഡർ കലക്കുമ്പോൾ കട്ടപിടിക്കാൻ കാരണമാകും. ഇത് ഫലപ്രദമാകണമെന്നില്ല.
അസിഡിക് സ്വഭാവമുള്ള ജ്യൂസുകൾ
പാലുൽപ്പന്നങ്ങളിൽ നിന്നുള്ള വേ പ്രോട്ടീൻ ഓറഞ്ച് ജ്യൂസ് അല്ലെങ്കിൽ പൈനാപ്പിൾ ജ്യൂസ് പോലുള്ള ഉയർന്ന അസിഡിക് സ്വഭാവമുള്ള ജ്യൂസുകളിൽ മിക്സ് ചെയ്തു കുടിക്കാന്‍ പാടില്ല. ഇത് പ്രോട്ടീന്‍ പൗഡര്‍ കട്ടപിടിച്ചു കിടക്കാനും കഴിക്കാന്‍ ബുദ്ധിമുട്ട് ഉണ്ടാക്കുകയും ചെയ്യുന്നു.
















