ഡൽഹിയിൽ മൂന്ന് വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ സ്കൂൾ ജീവനക്കാരൻ അറസ്റ്റിൽ. കുട്ടി ലൈംഗികാതിക്രമത്തിന് ഇരയായെന്നു ചൂണ്ടിക്കാട്ടി മാതാവ് ജനിക്പുരി പൊലീസിൽ പരാതി നൽകിയതോടെയാണ് സംഭവം പുറത്തറിയുന്നത്. സ്കൂൾ സമയത്തിനിടെ 57 വയസ്സുകാരനായ പ്രതി തന്റെ മകളെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണു പരാതി. സ്കൂൾവിട്ട് തിരികെയെത്തിയ പെൺകുട്ടി ശാരീരിക അസ്വസ്തത പ്രകടിപ്പിച്ചതിനെത്തുടർന്ന് മാതാപിതാക്കൾ കാര്യങ്ങൾ ചോദിച്ചറിഞ്ഞു.
തുടർന്നാണ് കുട്ടി പീഡിപ്പിക്കപ്പെട്ടുവെന്ന വിവരം തിരിച്ചറിയുന്നത്. ഒറ്റപ്പെട്ട സ്ഥലത്തേക്കു കൂട്ടിക്കൊണ്ടു പോയി പ്രതി തന്റെ മകളെ ഉപദ്രവിക്കുകയായിരുന്നുവെന്ന് അമ്മ ആരോപിച്ചു. പരാതിയുടെ അടിസ്ഥാനത്തിൽ പോക്സോ നിയമപ്രകാരം പ്രതിക്കെതിരെ കേസെടുത്തു. അറസ്റ്റ് ചെയ്ത ഇയാളെ പിന്നീട് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.

















