30 കളിലാണോ നിങ്ങള്‍ ?… പടികള്‍ കയറുമ്പോഴോ നടക്കുമ്പോഴോ നില്‍ക്കുമ്പോഴോ കാലിന്റെ മുട്ടിന് വേദനയുണ്ടോ?. പെയിന്‍ ബാം പുരട്ടിയോ, ചൂട് പിടിച്ചോ വേദന മാറ്റുകയാണോ സാധാരണ ചെയ്യുന്നത്. എന്നാല്‍ ഇത് സ്ഥിരമായുണ്ടാകുന്ന വേദനയാണെങ്കില്‍ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. ഈ അവസ്ഥയെ സാധാരണയായി ‘പാറ്റെല്ലോഫെമോറല്‍ പെയിന്‍ സിന്‍ഡ്രോം’ എന്നാണ് പറയപ്പെടുന്നത്.
30 കളില്‍ ചെറുതായി ആരംഭിക്കുന്ന ഈ വേദന നിസ്സാരമായി കണ്ട് ഒഴിവാക്കിയാല്‍ 50 കളിലെത്തുമ്പോഴേക്കും ഇത് ഗുരുതരമായ സന്ധി നാശത്തിലേക്ക് നയിച്ചേക്കാം.
പാറ്റെല്ലോഫെമോറല്‍ വേദന പലപ്പോഴും ദീര്‍ഘനേരം ഇരുന്ന ശേഷം എഴുന്നേല്‍ക്കുമ്പോഴോ പടികള്‍ ഇറങ്ങുമ്പോഴോ കയറുമ്പോഴോ വഷളാകും. മിക്ക കേസുകളിലും ഇത് ദുര്‍ബലമായ ക്വാഡ്രിസെപ്‌സ് പേശികളുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. ഇതിന്റെ രോഗനിര്‍ണയം എംആര്‍ഐ സ്‌കാനിലോ എക്‌സറേയിലൂടെയോ അറിയാനും സാധിക്കില്ല.
ജേണല്‍ ഓഫ് റൂമറ്റോളജിയില്‍ പ്രസിദ്ധീകരിച്ച ഒരു പഠനംഅനുസരിച്ച് ക്വാഡ്രിസെപ്‌സ് ബലഹീനത 3 വര്‍ഷത്തിന് ശേഷം കാല്‍മുട്ടിന്റെയും മധ്യഭാഗത്തെ ടിബിയോഫെമോറല്‍ തരുണാസ്ഥിയുടെയും നാശത്തിനെയാണ് കാണിക്കുന്നത്.
നടക്കുമ്പോള്‍ ക്ലിക്ക് ശബ്ദം കേള്‍ക്കുക നീര്‍വീക്കം ഉണ്ടാവുക
നടക്കുന്ന സമയത്ത് ‘ക്ലിക് ‘ ശബ്ദം കേള്‍ക്കുകയാണെങ്കിലോ അതോടൊപ്പം വേദനയോ പിടുത്തമോ ഉണ്ടെങ്കിലോ ശ്രദ്ധിക്കേണ്ടതുണ്ട്. കാല്‍മുട്ടുകളിലുണ്ടാകുന്ന നീര്‍വീക്കവും ഒരിക്കലും അവഗണിക്കരുത്.
വ്യായാമത്തിന് ശേഷമുള്ള വേദന
വ്യായാമത്തിന് ശേഷം സാധാരണ ഗതിയില്‍ കാലിലെ പേശികള്‍ക്കും മറ്റും അയവുണ്ടാവുകയും ചലനം കൂടുതല്‍ സുഗമമാവുകയുമാണ് ചെയ്യുന്നത്. എന്നാല്‍ വ്യായാമം ചെയ്ത ശേഷം കാല്‍മുട്ടിന് സുഖം തോന്നുകയും അല്‍പ്പസമയത്തിന് ശേഷം വേദന ആരംഭിക്കുകയും ചെയ്യും. ഇത് സന്ധികളുടെ പ്രവര്‍ത്തനത്തനത്തിന്റെ അപാകതകളെ സൂചിപ്പിക്കുന്നു.
പേശികളുടെ ബലഹീനത
കാല്‍മുട്ടിലെ പ്രധാന ഷോക്ക് അബ്‌സോര്‍ബറുകളാണ് പേശികള്‍. കാല്‍മുട്ട് സന്ധികള്‍ക്ക് മതിയായ പേശി ശക്തി പ്രധാനമാണ്. ഇവയ്ക്ക് സ്ഥിരത കൈവരിക്കുന്നതും ഷോക്ക് അബ്‌സോര്‍ബിംഗ് ചെയ്യുന്നതിനും കഴിയും. ഇത് നടത്തത്തിനും ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്കും തരുണാസ്ഥിയെ സഹായിക്കും. ചെറുപ്പക്കാരായ മിക്ക രോഗികളിലും രോഗത്തിന് കാരണം പേശിബലഹീനതയാണ്. ക്വാഡ്രിസെപ്‌സ് പേശികള്‍ ദുര്‍ബലമാകുമ്പോള്‍ വ്യക്തിയുടെ ഭാരം നേരിട്ട് തരുണാസ്ഥിയിലേക്കും സന്ധി പ്രതലത്തിലേക്കും മാറ്റപ്പെടുന്നു. ഇങ്ങനെ വര്‍ഷങ്ങളോളം പേശികളുടെ പിന്തുണ ലഭിക്കാതെ വരുമ്പോള്‍ അസ്ഥി ക്ഷയിച്ചുപോകുന്നു.
എന്താണ് പ്രതിവിധി
കാല്‍മുട്ടിലെ സമ്മര്‍ദ്ദത്തിന് ശരീരഭാരത്തിന് വലിയൊരു പങ്കുണ്ട്. പൊണ്ണത്തടി കാല്‍മുട്ട് സന്ധികളുടെ മെക്കാനിക്കല്‍ പ്രതിപ്രവര്‍ത്തനം, പേശികളുടെ പ്രവര്‍ത്തനം, ലിഗമെന്റ് ലോഡിംഗ്, ആര്‍ട്ടിക്യുലാര്‍ തരുണാസ്ഥി സമ്പര്‍ക്ക സമ്മര്‍ദ്ദങ്ങള്‍ എന്നിവയെ സാരമായി ബാധിക്കുന്നു. ഓരോ കിലോഗ്രാം ശരീരഭാരവും നടക്കുമ്പോള്‍ കാല്‍മുട്ടിലൂടെ ഏകദേശം മൂന്ന് മുതല്‍ നാല് കിലോഗ്രാം വരെ ബലം നല്‍കുന്നു. പടികള്‍ ഇറങ്ങുമ്പോള്‍ അതിന്റെ ഏഴ് മുതല്‍ എട്ട് മടങ്ങ് വരെ ബലം പ്രയോഗിക്കുന്നു. ശരീരഭാരം ചെറുതായി കൂടുന്നതുപോലും സന്ധികളുടെ തേയ്മാനത്തിന് കാരണമാകുന്നുണ്ട്.
വ്യായാമത്തിലെ പ്രശ്‌നങ്ങള്‍
ശരിയല്ലാത്ത വ്യായാമ രീതി ഒരു പരിധിവരെ കാല്‍മുട്ടിലെ വേദനയ്ക്ക് കാരണമാകുന്നുണ്ട്. സ്വയം വ്യായാമമുറകള്‍ പരീക്ഷിക്കുന്നവരിലാണ് ഇത്തരത്തിലുള്ള ബുദ്ധിമുട്ടകള്‍ ഉണ്ടാകുനന്നത്. ഒരു ശരിയായ പരിശീലകന്റെ കീഴില്‍ വ്യായാമം പരിശീലിക്കാവുന്നതാണ്.
എപ്പോഴാണ് ഡോക്ടറെ കാണേണ്ടത്
വേദന രണ്ട് ആഴ്ചയില്‍ കൂടുതല്‍ തുടര്‍ന്നുനില്‍ക്കുകയാണെങ്കിലോ നീര്‍വീക്കം ഉണ്ടെങ്കിലോ കാല്‍മുട്ട് സ്ഥിരതയില്ലാതെ കാണപ്പെടുകയാണെങ്കിലോ ഡോക്ടറുടെ സേവനം തേടേണ്ടതാണ്.
















