പതിനാറാം കേരള നിയമസഭയുടെ പുതിയ ജനപ്രതിനിധികൾ ഔദ്യോഗികമായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.
വ്യാഴാഴ്ച രാവിലെ ഒൻപതുമണിയോടെ ആരംഭിച്ച ചടങ്ങിൽ, നിയുക്ത എംഎൽഎമാർ അക്ഷരമാലാക്രമത്തിലാണ് സത്യവാചകം ചൊല്ലിയത്.
പ്രോടേം സ്പീക്കർ ജി. സുധാകരന്റെ സാന്നിധ്യത്തിലായിരുന്നു സഭാനടപടികൾ. കളമശ്ശേരി എംഎൽഎയും ഫിഷറീസ് മന്ത്രിയുമായ വി.ഇ. അബ്ദുൾ ഗഫൂർ ആണ് ആദ്യം സത്യപ്രതിജ്ഞ നിർവഹിച്ചത്.
അമ്പലപ്പുഴ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ജി. സുധാകരൻ ബുധനാഴ്ച ഗവർണർ രാജേന്ദ്ര ആർലേക്കർക്ക് മുൻപാകെയാണ് പ്രോടേം സ്പീക്കറായി സത്യപ്രതിജ്ഞ ചെയ്തത്. തുടർന്നാണ് അദ്ദേഹം സഭാനടപടികൾ നിയന്ത്രിക്കുന്നത്.
എംഎൽഎമാരുടെ സത്യപ്രതിജ്ഞാ ചടങ്ങുകൾക്ക് ശേഷം, നാളെ (മേയ് 22) സ്പീക്കർ തിരഞ്ഞെടുപ്പ് നടക്കും. പുതിയ സർക്കാരിന്റെയും ജനപ്രതിനിധികളുടെയും ഔദ്യോഗിക പ്രവർത്തനങ്ങൾക്ക് ഇതോടെ തുടക്കമായിരിക്കുകയാണ്.
















