തിരുവനന്തപുരം നെടുമങ്ങാട് പനവൂരില്‍ ഒന്നരവയസ്സുകാരന്‍ അര്‍ഷിദ് ക്രൂരമര്‍ദ്ദനമേറ്റാണ് മരിച്ചതെന്ന് കണ്ടെത്തല്‍. രണ്ടാനച്ഛന്റെ ചവിട്ടേറ്റ് നെഞ്ചിലെ ഏഴു വാരിയെല്ലുകള്‍ ഒടിഞ്ഞിട്ടുണ്ട്. വാരിയെല്ലു തകര്‍ന്നതിനെ തുടര്‍ന്ന് ആന്തരികാവയവങ്ങള്‍ക്ക് ക്ഷതം സംഭവിച്ചിട്ടുണ്ട്. ഒപ്പം തലയ്ക്കുള്ളില്‍ അഞ്ചിടത്ത് നീര്‍ക്കെട്ടും രക്തസ്രാവവും ഉണ്ടായിട്ടുണ്ടെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. കുഞ്ഞു ശരീരത്തില്‍ 91 മുറിവുകള്‍ കണ്ടെത്തിയെന്നാണ് വിശദമായ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. പുരാണത്തിലെ കംസന്‍ ശ്രീകൃഷ്ണനെ കൊല്ലാന്‍ പോലും ഇത്തരം ക്രൂരത കാട്ടിയിട്ടില്ലെന്ന് നിസംശയം പറയാനാകും. അഷ്‌കര്‍ എന്ന ക്രൂരന്‍ അര്‍ഷിദിന്റെ നെഞ്ചില്‍ ആഞ്ഞു ചവിട്ടിയതാണ് വാരില്ലെുകള്‍ക്കു ക്ഷതമേല്‍ക്കാന്‍ കാരണം. കുഞ്ഞിന്റെ ശരീരത്തില്‍ പൊള്ളലേറ്റതും അടിയേറ്റതുമായ 91 മുറിവുകളുണ്ട്.
ഇതില്‍ പകുതിയും മാസങ്ങള്‍ പഴക്കമുള്ളതാണെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ലൈറ്റര്‍ കൊണ്ട് ജനനേന്ദ്രിയത്തിലും കാല്‍പാദത്തിന്റെ അടിഭാഗത്തും അഗ്രഭാഗത്തും പൊള്ളലേല്‍പ്പിച്ചിട്ടുണ്ട്. കുഞ്ഞിന്റെ അമ്മ അഖിലയും രണ്ടാനച്ഛന്‍ അഷ്‌കറും തമ്മിലുള്ള ബന്ധത്തില്‍ കുഞ്ഞ് ബാധ്യതയായി എന്നതാണ് കൊലപാതകത്തിനു കാരണമെന്നുമാണ് പൊലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കൊലപാതകത്തിനു മുമ്പ് കുഞ്ഞിനെ അതി ക്രൂരമായി ഇഞ്ചിഞ്ചായി ഉപദ്രവിക്കുകയായിരുന്നു ഇരുവരും ചേര്‍ന്ന്. അതുകൊണ്ടു തന്നെ കൊലപാതകത്തില്‍ അമ്മ അഖിലയ്ക്ക് എതിരെ പ്രേരണാക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്. ചോറ് കൊടുക്കുന്നതിനിടെ കുഞ്ഞ് കരഞ്ഞപ്പോള്‍ തല ഭിത്തിയില്‍ ഇടിപ്പിച്ചുവെന്നും ഇതോടെ കുഞ്ഞിന്റെ ബോധം നഷ്ടമായെന്നും പ്രതി നേരത്തെ പൊലീസിനോട് വെളിപ്പെടുത്തിയിരുന്നു.
കുഞ്ഞിനെ പൊളളിക്കാന്‍ ഉപയോഗിച്ച ലൈറ്റര്‍ പൊലീസ് തെളിവെടുപ്പിനിടെ വീട്ടില്‍ നിന്ന് കണ്ടെത്തുകയും ചെയ്തു. പ്രതികള്‍ക്കെതിരെ അതീവ ഗുരുതരമായ വകുപ്പുകള്‍ ചുമത്തി പോലീസ് അന്വേഷണം വ്യാപിപ്പിക്കുന്നു. കേസില്‍ ഒന്നാം പ്രതി എ. അഷ്‌കറിനെതിരെ പട്ടികജാതി അതിക്രമ നിരോധന വകുപ്പ് കൂടി ചുമത്തുമെന്നും പോലീസ്. കുഞ്ഞിന്റെ പിതാവ് പരേതനായ എസ്.അഖിലും, മാതാവും കേസിലെ രണ്ടാം പ്രതിയുമായ അഖില ചന്ദ്രനും പട്ടിക ജാതിക്കാരായതിനാല്‍ ഈ വകുപ്പ് കൂടി ചുമത്താന്‍ പൊലീസ് നടപടികള്‍ ആരംഭിച്ചു. ഇതിനായി ജാതി സര്‍ട്ടിഫിക്കറ്റിനായി തഹസില്‍ദാര്‍ക്ക് കത്ത് നല്‍കിയിരിക്കുകയാണ്. കൊലപാതകം, ജുവനൈല്‍ ജസ്റ്റിസ് നിയമം എന്നിവയ്ക്കു പുറമേ എസ്സി, എസ്ടി വകുപ്പ് കൂടി ചുമത്തുന്നതോടെ അന്വേഷണം ഡിവൈഎസ്പിക്കും കേസ് എസ്സി, എസ്ടി കോടതിയിലേക്കും കൈമാറും.
മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിച്ച കൊലപാതകത്തില്‍ കുഞ്ഞിന്റെ രണ്ടാനച്ഛനായ അഷ്‌കറിനെതിരെ കൊലപാതകം (IPC 302), കുട്ടികള്‍ക്കെതിരെയുള്ള അതിക്രമം (ജുവനൈല്‍ ജസ്റ്റിസ് ആക്ട്), പട്ടികജാതി-പട്ടികവര്‍ഗ്ഗ അതിക്രമം തടയല്‍ (SC/ST Act) ഉള്‍പ്പെടെയുള്ള ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്. തന്റെ പുതിയ ജീവിതത്തിന് കുഞ്ഞ് ഒരു തടസ്സമാണെന്ന കാരണത്താലാണ് ഇയാള്‍ മാസങ്ങളോളം ആസൂത്രിതമായി കുഞ്ഞിനെ ക്രൂര പീഡനത്തിന് ഇരയാക്കിയത്. സംഭവദിവസം ചോറ് നല്‍കുന്നതിനിടയില്‍ കുഞ്ഞ് കരഞ്ഞപ്പോള്‍ തലയ്ക്ക് ശക്തമായി അടിച്ചെന്നും അതോടെ ബോധം നഷ്ടപ്പെട്ട കുഞ്ഞിനെ ഛര്‍ദ്ദിച്ചുവെന്ന വ്യാജേനയാണ് ആശുപത്രിയില്‍ എത്തിച്ചതെന്നും ചോദ്യം ചെയ്യലില്‍ പ്രതി സമ്മതിച്ചു. ദിവസങ്ങള്‍ക്ക് മുന്‍പ് കുഞ്ഞിനെ പടിക്കെട്ടില്‍ നിന്ന് തള്ളിയിട്ട് കൈകള്‍ ഒടിച്ച ശേഷവും, ആശുപത്രിയില്‍ നിന്നെത്തിച്ച് പ്ലാസ്റ്റര്‍ അഴിച്ചുമാറ്റി ഇയാള്‍ വീണ്ടും മര്‍ദ്ദിച്ചിരുന്നു.
മാസങ്ങള്‍ക്ക് മുന്‍പ് കുഞ്ഞിനെ വെയിലത്ത് സണ്‍ഷെയ്ഡില്‍ ഒറ്റയ്ക്ക് നിര്‍ത്തിയിരുന്നതായും കുഞ്ഞിനെ കൊല്ലുമെന്ന് അഷ്‌കര്‍ ഭീഷണിപ്പെടുത്തിയിരുന്നതായും അയല്‍വാസികളും ബന്ധുക്കളും വെളിപ്പെടുത്തിയിട്ടുണ്ട്. കുഞ്ഞിനെ വടികൊണ്ട് അടിക്കുന്നതും ക്രൂരമായി ഉപദ്രവിക്കുന്നതും അമ്മ അഖിലയ്ക്ക് കൃത്യമായി അറിയാമായിരുന്നിട്ടും അവര്‍ നോക്കിനില്‍ക്കുകയല്ലാതെ പ്രതികരിച്ചിരുന്നില്ല. ഈ സാഹചര്യത്തില്‍ ക്രൂരതയ്ക്ക് കൂട്ടു നിന്നതിനും മൗനം പാലിച്ചതിനും അമ്മ അഖിലയ്ക്കെതിരെ പോലീസ് പ്രേരണാക്കുറ്റം ചുമത്തിയിട്ടുണ്ട്. കുഞ്ഞ് മരിച്ച ദിവസം നൃത്ത പരിപാടിക്കായി നാഗര്‍കോവിലിലായിരുന്നു അഖിലയെന്നാണ് മൊഴിയെങ്കിലും, ഇത് കൊലപാതകത്തിന് ആസൂത്രിതമായി സൗകര്യമൊരുക്കാന്‍ വേണ്ടിയായിരുന്നോ എന്ന് പോലീസ് പ്രത്യേകം പരിശോധിക്കുന്നുണ്ട്.
ഇതിനിടെ, കൊല്ലപ്പെട്ട കുഞ്ഞിന്റെ പിതാവിന്റെ മാതാപിതാക്കളെയും അഖിലയുടെ അമ്മയെയും സന്ദര്‍ശിച്ച വനിത-ശിശുക്ഷേമ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ, കുഞ്ഞിനെ വിട്ടുകിട്ടണമെന്ന മുന്‍ പരാതികളില്‍ പോലീസ് ഗുരുതര വീഴ്ച വരുത്തിയെന്ന് ആരോപിക്കുകയും കുഞ്ഞിന് നീതി ഉറപ്പാക്കുമെന്ന് വ്യക്തമാക്കുകയും ചെയ്തു. കൊലപാതകത്തിന് പുറമെ, അഷ്‌കര്‍ ഒരു കൊടുംക്രിമിനലാണെന്ന് വ്യക്തമാക്കുന്ന മുന്‍കാല ചരിത്രവും മറ്റ് ദുരൂഹ മരണങ്ങളും അന്വേഷിക്കാന്‍ പോലീസ് പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. അഷ്‌കറിന്റെ ആദ്യ ഭാര്യ ആമീനയെ ഇയാള്‍ ക്രൂരമായി മര്‍ദ്ദിച്ച് തലയോട്ടി തകര്‍ത്ത് നിലവില്‍ മെഡിക്കല്‍ കോളേജ് റീഹാബിലിറ്റേഷന്‍ സെന്ററില്‍ കോമണ്‍ സ്റ്റേജിലാക്കിയ അവസ്ഥയിലാണ്. ഈ ആമീനയുടെ സഹോദരന്റെ മുങ്ങിമരണത്തിലും അഷ്‌കറിന് പങ്കുണ്ടോ എന്ന് പോലീസ് അന്വേഷിക്കും. കൂടാതെ, അഷ്‌കറുമായി മുന്‍പ് വിവാഹം നിശ്ചയിച്ചിരുന്ന ചിറയിന്‍കീഴ് സ്വദേശിയായ യുവതി, ഇയാള്‍ വിവാഹത്തില്‍ നിന്ന് പിന്മാറിയതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത സംഭവവും പുനരന്വേഷിക്കും.
വിവാഹ വാഗ്ദാനം നല്‍കി സ്ത്രീകളില്‍ നിന്ന് പണം തട്ടുന്നത് അഷ്‌കര്‍ പതിവാക്കിയിരുന്നതായും വിവരമുണ്ട്. അഷ്‌കറിന്റെ ക്രിമിനല്‍ പശ്ചാത്തലത്തിന് പുറമെ അമ്മ അഖിലയുടെ ആദ്യ ഭര്‍ത്താവ് (കുഞ്ഞിന്റെ യഥാര്‍ത്ഥ പിതാവ്) അഖിലിന്റെ ആത്മഹത്യയിലും ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. അഖില ഗര്‍ഭിണിയായിരിക്കെ മറ്റൊരു ബന്ധത്തെച്ചൊല്ലി സ്റ്റേഷനില്‍ വെച്ച് അഖില ബന്ധം വേര്‍പെടുത്തിയതിന് തൊട്ടുപിന്നാലെയാണ് അഖില്‍ ജീവനൊടുക്കിയത്. അഖിലയോടൊപ്പം ഡാന്‍സ് സ്‌കൂളില്‍ ജോലി ചെയ്തിരുന്ന മറ്റൊരു സ്ത്രീയുടെ മരണത്തിലും ദുരൂഹതയുള്ളതിനാല്‍, ഈ കേടുപാടുകളിലെല്ലാം അഷ്‌കറിനും അഖിലയ്ക്കുമുള്ള പങ്കിനെക്കുറിച്ച് കേന്ദ്രീകരിച്ച് പോലീസ് അതീവ ജാഗ്രതയോടെ വിശദമായ അന്വേഷണം നടത്തിവരികയാണ്.
കേസില്‍ കൂടുതല്‍ പേരെ പ്രതി ചേര്‍ത്തേക്കും. അഷ്‌കറിന്റെ സഹോദരിയെയും ഭര്‍ത്താവിനെയും അടുത്ത ദിവസങ്ങളില്‍ പൊലീസ് ചോദ്യം ചെയ്യും. പനവൂരിലെ വാടകവീട്ടില്‍ ഇവര്‍ക്കൊപ്പമാണ് പ്രതികള്‍ താമസിച്ചിരുന്നത്. കുട്ടിയെ മര്‍ദിക്കുന്നതിനെക്കുറിച്ച് ഇവര്‍ക്ക് അറിവുണ്ടായിരുന്നെന്നാണു സൂചന. അഷ്‌കര്‍ പ്രണയിച്ച് വഞ്ചിച്ചതിനെത്തുടര്‍ന്ന് മാസങ്ങള്‍ക്കു മുന്‍പ് ചിറയിന്‍കീഴ് സ്വദേശിനിയായ യുവതി ജീവനൊടുക്കിയെന്ന് വാര്‍ത്തകളുണ്ടെങ്കിലും ഇതുമായി ബന്ധപ്പെട്ട് പൊലീസിന് പരാതികളൊന്നും ലഭിച്ചിട്ടില്ല.
കുഞ്ഞിനെ മകളുടെ സുഹൃത്ത് മര്‍ദിക്കുന്നതായി സംശയമുണ്ടെന്ന് അഖിലയുടെ അമ്മ റീന നെടുമങ്ങാട് പൊലീസ് സ്റ്റേഷനില്‍ നേരത്തെ തന്നെ പരാതി നല്‍കിയിരുന്നു. എന്നാല്‍ അമ്മ തന്റെ കുടുംബകാര്യത്തില്‍ അനാവശ്യമായി ഇടപെടുന്നുവെന്ന് അഖില നിലപാടെടുത്തതോടെ പൊലീസ് അതിനൊപ്പം നില്‍ക്കുകയായിരുന്നു. കുഞ്ഞിന്റെ രണ്ട് കയ്യും ഒടിഞ്ഞുവെന്ന് അറിഞ്ഞപ്പോഴാണ് റീന പൊലീസിനെ സമീപിച്ചത്. മേയ് 29നാണ് ഒന്നരവയസുകാരന്‍ ദാരുണമായി കൊല്ലപ്പെട്ടത്. ചോറു കൊടുക്കുന്നതിനിടെ കുട്ടി മരിച്ചുവെന്നാണ് കുട്ടിയുടെ അമ്മ അഖിലയും രണ്ടാനച്ഛനും ആശുപത്രിയില്‍ പറഞ്ഞത്. എന്നാല്‍ മരണത്തില്‍ ദുരൂഹതയുണ്ടെന്നും കൊലപാതകമാണെന്നും കുഞ്ഞിന്റെ ബന്ധുക്കള്‍ പരാതിപ്പെടുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കേരളം നടുങ്ങിയ കണ്ടെത്തലുകളുണ്ടായത്.
















