നാഗ്പുർ: പ്രണയം തലയ്ക്കുപിടിച്ചപ്പോൾ കാമുകിമാർക്ക് ഐഫോൺ സമ്മാനിക്കാൻ ഇറങ്ങിത്തിരിച്ച രണ്ട് കൗമാരക്കാർ ഒടുവിൽ പോലീസ് പിടിയിലായി. വിലകൂടിയ ലക്ഷ്വറി ഡിസൈനർ ടാപ്പുകൾ മോഷ്ടിച്ച് വിറ്റ സംഭവത്തിലാണ് പ്രായപൂർത്തിയാകാത്ത രണ്ട് കുട്ടികളെ കലാംന പോലീസ് അറസ്റ്റ് ചെയ്തത്. 6.5 ലക്ഷം രൂപ വിപണി വിലയുള്ള ലക്ഷ്വറി ടാപ്പുകളാണ് ഇവർ മോഷ്ടിച്ചത്. എന്നാൽ ട്വിസ്റ്റ് എന്തെന്നാൽ, ഈ ആഡംബര സാധനങ്ങൾ വെറും 20,000 രൂപയ്ക്കാണ് ഇവർ ഒരു പ്രാദേശിക ആക്രിക്കടക്കാരന് വിറ്റഴിച്ചത്!
ടൈൽസ്, സാനിറ്ററി വെയർ എന്നിവയുടെ വ്യാപാരം നടത്തുന്ന ‘രാഹുൽ സെറാമിക്സ് പ്രൈവറ്റ് ലിമിറ്റഡ്’ എന്ന സ്ഥാപനത്തിന്റെ ഉടമ രാഹുൽ ജയചന്ദ് ബത്ര പോലീസിൽ പരാതി നൽകിയതോടെയാണ് ഈ സംഭവം പുറത്തറിഞ്ഞത്. മെയ് 27-ന് രാത്രിയിൽ ഗോഡൗണിന്റെ മേൽക്കൂരയിലെ ടിൻ ഷീറ്റുകൾ നീക്കംചെയ്താണ് മോഷണം നടത്തിയത്. 3,94,500 രൂപ വിലമതിക്കുന്ന സ്വർണനിറത്തിലുള്ള അഞ്ച് ടാപ്പുകൾ, 67,000 രൂപയുടെ മൂന്ന് സ്വർണ നിറത്തിലുള്ള ടാപ്പുകൾ, 1,30,500 രൂപ വിലയുള്ള ഒമ്പത് റോസ് ഗോൾഡ് ടാപ്പുകൾ, 58,000 രൂപയുടെ നാല് വെള്ളിനിറത്തിലുള്ള ടാപ്പുകൾ എന്നിവയാണ് മോഷ്ടിക്കപ്പെട്ടത്.
സംഭവസ്ഥലത്തെയും പരിസരത്തെയും 35 സിസിടിവി ക്യാമറകളിൽനിന്നുള്ള ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കെണിയൊരുക്കിയാണ് പ്രതികളെ പിടികൂടിയത്. കേസിൽ രണ്ട് പ്രായപൂർത്തിയാകാത്തവരെ കൂടാതെ, മോഷ്ടിച്ച സാധനങ്ങൾ വാങ്ങിയ ഇർഫാൻ അലി എന്ന ഇമ്മു റംസാൻ അലിയെയും പോലീസ് കസ്റ്റഡിയിലെടുത്തു. കാമുകിമാർക്ക് ഐഫോൺ വാങ്ങാൻ പണത്തിന് അത്യാവശ്യമായതിനാലാണ് മോഷണം നടത്തിയതെന്ന് ചോദ്യം ചെയ്യലിൽ ഇവർ സമ്മതിച്ചു.
സാങ്കേതിക അന്വേഷണത്തിലൂടെയും രഹസ്യ വിവരത്തിന്റെയും സഹായത്തോടെ വെറും 12 മണിക്കൂറിനുള്ളിൽ കേസ് തെളിയിക്കാൻ സാധിച്ചതായി കലാംന പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ സന്തോഷ് കുമാർ റാംലോഡ് അറിയിച്ചു. പ്രതികളിൽനിന്ന് 6.5 ലക്ഷം രൂപയുടെ സാനിറ്ററി സാധനങ്ങൾ കണ്ടെടുത്തിട്ടുണ്ടെന്നും നിയമനടപടികൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
















