അനിയന്ത്രിതമായ വിലക്കയറ്റവും ഇന്ധനവില വര്‍ധനവും ഓട്ടോ-ടാക്‌സി തൊഴിലാളികളെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിട്ടിരിക്കുകയാണെന്ന് സോഷ്യല്‍ ഡെമോക്രാറ്റിക് ട്രേഡ് യൂണിയന്‍ (SDTU) സംസ്ഥാന പ്രസിഡന്റ് എ വാസു അഭിപ്രായപ്പെട്ടു. സംസ്ഥാനത്ത് ഓട്ടോ-ടാക്‌സി ചാര്‍ജ് കാലോചിതമായി പുനര്‍നിര്‍ണയിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് എസ്.ഡി.ടി.യു സംസ്ഥാന കമ്മിറ്റി നടത്തിയ സെക്രട്ടറിയേറ്റ് ധര്‍ണ ഉദ്ഘാടം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്ത് അവസാനമായി ഓട്ടോ ചാര്‍ജ് വര്‍ധിപ്പിച്ചത് 2022 മേയ് മാസത്തിലായിരുന്നു. കഴിഞ്ഞ നാല് വര്‍ഷത്തിനിടെ ഇന്ധനവില പലതവണ ഉയര്‍ന്നതോടൊപ്പം നിത്യോപയോഗ സാധനങ്ങളുടെ വിലയും കുത്തനെ വര്‍ധിച്ച സാഹചര്യത്തില്‍ ഓട്ടോ-ടാക്‌സി തൊഴിലാളികള്‍ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ്. ഓട്ടോറിക്ഷകളുടെ മിനിമം ചാര്‍ജ് 50 രൂപയായി ഉയര്‍ത്തുകയും അതിനനുസരിച്ച് കിലോമീറ്റര്‍ നിരക്ക് വര്‍ധിപ്പിക്കുകയും വേണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വൈസ് പ്രസിഡന്റ് ഇ എസ് ഖാജാ ഹുസൈന്‍ അധ്യക്ഷത വഹിച്ച ധര്‍ണയില്‍ ജനറല്‍ സെക്രട്ടറി ടി നാസര്‍ സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡന്റ് ഫസല്‍ റഹ്‌മാന്‍, സെക്രട്ടറിമാരായ എം ജെ. മാത്യു, നിസാര്‍ സലീം, റഷീദ് വി എ, ട്രഷറര്‍ സലീം കാരാടി എന്നിവര്‍ സംസാരിച്ചു. തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ലിയാമുദ്ദീന്‍ നന്ദി പറഞ്ഞു. സംസ്ഥാന സമിതിയംഗങ്ങളായ തച്ചോണം നിസാമുദ്ദീന്‍, സുലൈമാന്‍ റോഡുവിള, ജലീല്‍ കടയ്ക്കല്‍, സലാം പറക്കാടന്‍, കണ്ണന്‍ പട്ടംതാനം, ഇസ്മായില്‍ കമ്മന, ജമാല്‍ മുഹമ്മദ്, നാസര്‍ പുറക്കാട്, സമദ് കാവനൂര്‍ എന്നിവരും വിവിധ ജില്ലാ പ്രസിഡന്റ്, സെക്രട്ടറിമാര്‍ ഉള്‍പ്പെടെ നൂറുകണക്കിന് പ്രവര്‍ത്തകര്‍ ധര്‍ണയില്‍ പങ്കെടുത്തു.
ചാര്‍ജ്ജ് വര്‍ധനവിന് അനുകൂലമായ തീരുമാനമുണ്ടായില്ലെങ്കില്‍ സംസ്ഥാനത്ത് ശക്തമായ പ്രക്ഷോഭ പരിപാടികള്‍ക്ക് നേതൃത്വം നല്‍കാനും എസ്.ഡി.ടി.യു തയ്യാറാകുമെന്ന് ധര്‍ണ മുന്നറിയിപ്പ് നല്‍കി. ധര്‍ണാസമരത്തിന്റെ ഭാഗമായി മേല്‍ ആവശ്യങ്ങളുന്നയിച്ചുകൊണ്ടുള്ള നിവേദനവും ബഹുമാനപ്പെട്ട കേരള ഗതാഗത വകുപ്പ് മന്ത്രി ശ്രീ. സി പി ജോണ്‍ അവര്‍കള്‍ക്ക് കൈമാറി.
















