മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്കു പകരം കൊണ്ടുവരുന്ന വിബി ജി റാം ജി പദ്ധതിക്കെതിരേ സുപ്രീം കോടതിയെ സമീപിക്കാന്‍ കോണ്‍ഗ്രസ് സര്‍ക്കാരുകള്‍. നിയമപരമായി ഇതിനെ തടചയാനാകുമോ എന്നതിനെ കുറിച്ചുള്ള നിയമവശങ്ങള്‍ ആരായുകയാണ് കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങള്‍. കേരളം, കര്‍ണാടക സര്‍ക്കാരുകളുമായി ഒന്നിച്ചു നിയമപരിഹാരം തേടാന്‍ കഴിയുമോയെന്ന് ഉപസമിതി പരിശോധിക്കുന്നുണ്ടെന്ന് തെലങ്കാനയും. അതേസമയം, പുതിയ പദ്ധതിയെ ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളും എതിര്‍പ്പ് പരസ്യമാക്കിയിട്ടുണ്ട്. മുന്‍പ് കേന്ദ്രസര്‍ക്കാര്‍ 100% തുക വഹിച്ചിരുന്ന സ്ഥാനത്തു പുതിയ പദ്ധതിപ്രകാരം സംസ്ഥാനങ്ങള്‍ 40% വിഹിതം നല്‍കണമെന്ന വ്യവസ്ഥയിലാണ് പ്രതിഷേധം.
വ്യവസ്ഥ പുനഃപരിശോധിക്കണമെന്നു ബി.ജെ.പി ഭരിക്കുന്ന മധ്യപ്രദേശ്, ബിഹാര്‍ എന്നീ സംസ്ഥാനങ്ങള്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരിക്കുകയാണ്. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നിര്‍ത്തലാക്കി പകരം കേന്ദ്ര സര്‍ക്കാര്‍ ജൂലൈ 1 മുതലാണ് വിബി ജി റാം ജി പദ്ധതി പ്രാബല്യത്തില്‍ വരുത്താന്‍ തീരുമാനിച്ചിരിക്കുന്നത്. ബിഹാറിന് 4477 കോടി രൂപയും മധ്യപ്രദേശിന് 4168 കോടി രൂപയും അധിക ബാധ്യതയുണ്ടാക്കുമെന്നാണ് കണക്ക്. ഇതു നല്‍കിയാലും 125 ദിവസ തൊഴില്‍ ഉറപ്പു നല്‍കാന്‍ ഇരുസംസ്ഥാനങ്ങള്‍ക്കും കഴിയില്ലെന്ന പ്രശ്‌നവുമുണ്ട്. 60:40 അനുപാതത്തിനു പകരം, 90:10 അനുപാതമുള്ള ഉത്തരാഖണ്ഡ്, സിക്കിം സംസ്ഥാനങ്ങള്‍ പോലും കേന്ദ്രം മുഴുവന്‍ ഫണ്ടും വഹിക്കണമെന്ന നിലപാടിലാണ്.
കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാന സര്‍ക്കാരുകള്‍ ആദ്യം മുതലേ വിബി ജി റാം ജിക്ക് എതിരാണ്. പുതിയ ഫണ്ടിങ് അനുപാതം സംസ്ഥാന സര്‍ക്കാരുകള്‍ക്കു കടുത്ത സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്ന വിമര്‍ശനമാണ് കേരളം അടക്കം സംസ്ഥാനങ്ങള്‍ക്കുള്ളത്. ബിഹാര്‍, ജമ്മു കശ്മീര്‍, ജാര്‍ഖണ്ഡ്, പഞ്ചാബ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങള്‍ വേതനം വര്‍ധിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. 60 തൊഴിലില്ലാദിനമെന്ന വ്യവസ്ഥ ഒഴിവാക്കണമെന്ന ആവശ്യം 4 സംസ്ഥാനങ്ങള്‍ മുന്നോട്ടുവച്ചു. വേതനവിഹിതം കൈമാറുന്നതിലെ കാലതാമസം ഒഴിവാക്കണമെന്ന് എല്ലാ സംസ്ഥാനങ്ങളും ആവശ്യപ്പെട്ടു.
ഗ്രാമവികസന മന്ത്രാലയത്തിനു വേണ്ടിയുള്ള പാര്‍ലമെന്ററികാര്യ സ്ഥിരം സമിതിയുമായോ സംസ്ഥാന സര്‍ക്കാരുകളുമായോ മതിയായ കൂടിയാലോചന ഇല്ലാതെ, തൊഴിലുറപ്പു പദ്ധതിയെ ഇടിച്ചുനിരപ്പാക്കുന്ന ബുള്‍ഡോസര്‍ നയമാണ് കേന്ദ്ര സര്‍ക്കാരിന്റേതെന്നാണ് കോണ്‍ഗ്രസിന്റെ വിമര്‍ശനം.
















