താരസംഘടനയായ അമ്മയില്‍ വീണ്ടും ഭരണപ്രതിസന്ധി സൃഷ്ടിച്ചുകൊണ്ട് വിവാദങ്ങള്‍ ഉയരുകയാണ്. അമ്മയുടെ കഴിഞ്ഞ ജനറല്‍ ബോഡിയില്‍ വലി പൊട്ടിത്തെറികളുണ്ടായതിനെ തുടര്‍ന്ന് അമ്മ പ്രസിഡന്റ് ശ്വേതാമേനോന്‍ അടക്കം എക്‌സിക്യൂട്ടീവ് കമ്മിറ്റി പിരിച്ചു വിട്ടെന്നും അമ്മയിലെ അംഗത്വം പിന്‍വലിക്കുമെന്നും, പ്രസിഡന്റ് സ്ഥാനം രാജിവെച്ചിരിക്കുന്നുവെന്നും മാധ്യമങ്ങള്‍ക്കു മുമ്പില്‍ ശ്വേതാ മേനോന്‍ പറഞ്ഞിരുന്നു. ഇതേ തുടര്‍ന്ന് രമേശഷ് പിഷാരഡി എം.എല്‍.എയുടെ നേതൃത്വത്തില്‍ 9 അംഗ അഡ്‌ഹോക്ക് കമ്മിറ്റിയെ നിയോഗിച്ചെന്നും നടന്‍ ജഗദീഷ് മാധ്യമങ്ങള്‍ക്കു മുമ്പില്‍ പറഞ്ഞു. എന്നാല്‍, അമ്മയുടെ കഴിഞ്ഞ ജനറല്‍ ബോഡിക്കു ശേഷം നടക്കുന്ന കാര്യങ്ങള്‍, ഒരു സംഘടനയില്‍ നടക്കാന്‍ പാടില്ലാത്ത വിഷയങ്ങളാണെന്ന് വ്യക്തമാവുകയാണ്. കമ്മിറ്റി പിരിച്ചു വിട്ടെന്നും, പ്രസിഡന്റ് സ്ഥാനം രാജിവെച്ചുവെന്നും പറഞ്ഞ ശ്വേതാ മേനോന്‍ ഇതുവരെ രാജിക്കത്ത് നല്‍കിയിട്ടില്ല. മറ്റ് അംഗങ്ങലും രാജിക്കത്തോ പ്രഖ്യാപനമോ ഒന്നും നടത്തിയിട്ടില്ല.
അപ്പോള്‍ ശ്വേതാ മേനോന്‍ രാജിക്കത്ത് നല്‍കാതെ എങ്ങനെ രാജിവെച്ചു എന്നു പറയാനാകും. നിലവില്‍ ശ്വേതാമേനോന്‍ അമ്മ പ്രസിഡന്റായി തുടരുകയാണ്. മറ്റുള്ളവര്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും. അങ്ങനെയെങ്കില്‍ കമ്മിറ്റി പിരിച്ചുവിട്ടു എന്നു പറയുന്നത്, വെറും സാങ്കേതികം മാത്രമാണ്. അപ്പോള്‍ അഡ്‌ഹോക്ക് കമ്മിറ്റി രൂപീകരിച്ചവരും, അഡ്‌ഹോക്ക് കമ്മിറ്റിയും കുറ്റക്കാരാണ്. അഡ്‌ഹോക്ക് കമ്മിറ്റി അസാധുവുമാണ്. ശ്വേതാമേനോന്‍ അമ്മ ജനറല്‍ ബോഡിയില്‍ രാജി വെച്ചെന്നു പറയുകയും അത് മാധ്യമങ്ങള്‍ക്കു മുമ്പില്‍ അവതരിപ്പിക്കുകയും ചെയ്തതോടെ രാജി ആകില്ല. അതിന് നിയമപരമായ നടപടികളുണ്ട്. അത് പൂര്‍ത്തിയാക്കിയിട്ടില്ല എന്നിടത്താണ് പ്രശ്‌നം.
പഴയ അമ്മ കമ്മിറ്റി ഇപ്പോഴും ഉള്‌ലതു കൊണ്ടാണ് അമ്മയുടെ ഓഫീസില്‍ കുക്കു പരമേശ്വരനും, നീനാ കുറുപ്പും കഴിഞ്ഞ ദിവസം എത്തിയത്. അവര്‍ രാജി വെയ്ക്കുകയോ, കമ്മിറ്റി പിരിച്ചു വിട്ട് പുതിയ പകരം സംവിധാനം എടുക്കണമെന്ന് രേഖാമൂലം എഴുതി നല്‍കുകയോ ചെയ്തിട്ടില്ല. നിയമപരമായ നടപടികള്‍ പൂര്‍ത്തിയാകുന്നതു വരെ പഴയ കമ്മിറ്റി അംഗങ്ങള്‍ക്ക് അമ്മയുടെ ഓഫീസ് ഉപയോഗിക്കാവുന്നതാണ്. ഇതാണ് നിയമം. എന്നാല്‍, പുതിയ കമ്മിറ്റി വരുമ്പോഴേക്കും, പഴയ കമ്മിറ്റിയുടെ ഫയലുകളെല്ലാം നശിപ്പിക്കപ്പെട്ടേക്കാം എന്ന ആശങ്ക നടീനടന്‍മാര്‍ക്കുണ്ട്. ഇതിനിടെ ഇന്ന് അഡ്ഹോക് സമിതി യോഗം ചേരുകയാണ്. ഇന്നത്തെ യോഗത്തില്‍ നിലവിലുള്ള ഭരണസമിതിയുടെ സെക്രട്ടറി ആയ കുക്കു പരമേശ്വരനും പങ്കെടുക്കുന്നുണ്ടെന്നാണ് സൂചന.
ജൂണ്‍ 21 നു നടന്ന ജനറല്‍ ബോഡി യോഗത്തിനിടയിലെ കടുത്ത വാദപ്രതിവാദങ്ങള്‍ക്കൊടുവിലാണ് താന്‍ പദവി ഒഴിയുകയാണെന്ന് ശ്വേത മേനോന്‍ വ്യക്തമാക്കിയത്. എന്നാല്‍ ഇത് യോഗത്തിലുണ്ടായ ഒരു വൈകാരിക പ്രതികരണം മാത്രമായിരുന്നുവെന്നും, സംഘടനയുടെ ബൈലോ പ്രകാരം നല്‍കേണ്ട ഔദ്യോഗിക രാജിക്കത്ത് അവര്‍ ഇതുവരെ കൈമാറിയിട്ടില്ലെന്നുമാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ശ്വേത മേനോനും ഭരണസമിതിയും നിയമപരമായി ഇപ്പോഴും തല്‍സ്ഥാനത്ത് തുടരുകയാണ്.
പ്രസിഡന്റിന്റെ രാജി പ്രഖ്യാപനത്തിന് പിന്നാലെയാണ് സംഘടനയുടെ താല്‍ക്കാലിക ചുമതലകള്‍ക്കായി ഒരു അഡ്‌ഹോക് സമിതി രൂപീകരിച്ചത്. എന്നാല്‍ ഔദ്യോഗിക ഭരണസമിതി നിലനില്‍ക്കുമ്പോള്‍ മറ്റൊരു താല്‍ക്കാലിക സമിതി രൂപീകരിക്കാന്‍ ‘അമ്മ’യുടെ ബൈലോ അനുശാസിക്കുന്നില്ലെന്ന് ഒരു വിഭാഗം അംഗങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. നിലവിലെ സമിതി രാജിവെക്കാത്ത സാഹചര്യത്തില്‍ അഡ്‌ഹോക് സമിതിക്ക് എങ്ങനെ തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയുമെന്നാണ് അംഗങ്ങളുടെ ചോദ്യം. ഇത് പുതിയ സമിതിയുടെ നിയമസാധുതയെ പൂര്‍ണമായും ബാധിച്ചിരിക്കുകയാണ്.
മോഹന്‍ലാലിന്റെ നേതൃത്വത്തിലുള്ള മുന്‍ ഭരണസമിതി രാജി പ്രഖ്യാപനത്തിനു പിന്നാലെ നിയമപരമായി സ്ഥാനമൊഴിഞ്ഞ് അഡ്ഹോക്ക് സമിതിയെ ചുമതല ഏല്‍പ്പിച്ചിരുന്നു. നിയമസാധുതയുള്ള അഡ്ഹോക്ക് സമിതിയാണ് തെരഞ്ഞെടുപ്പ് നടത്തിയത്. എന്നാല്‍ ശ്വേതയുടെ നേതൃത്വത്തിലുള്ള ഭരണസമിതി ഔദ്യോഗികമായി രാജി വെക്കാത്തതിനാല്‍ നിയമപരമായ ഈ സങ്കീര്‍ണ്ണതകള്‍ എങ്ങനെ പരിഹരിക്കുമെന്ന ആശങ്കയിലാണ് അമ്മയിലെ ഒരു വിഭാഗം അംഗങ്ങള്‍.
സംഘടനയുടെ ക്യാമ്പയിനുകളുമായി ബന്ധപ്പെട്ട് ഉയര്‍ന്ന സാമ്പത്തിക ഫണ്ട് സംശയങ്ങളും, അതിനെത്തുടര്‍ന്ന് ഭരണസമിതിക്കെതിരെ ഉയര്‍ന്ന അവിശ്വാസ പ്രമേയവുമാണ് ജനറല്‍ ബോഡിയില്‍ വലിയ തര്‍ക്കങ്ങള്‍ക്ക് വഴിവെച്ചത്. ഇതേത്തുടര്‍ന്നുണ്ടായ കടുത്ത സമ്മര്‍ദ്ദമാണ് ശ്വേത മേനോനെ പരസ്യമായ രാജി പ്രഖ്യാപനത്തിലേക്ക് നയിച്ചത്. ‘അമ്മ’യിലെ അംഗത്വവും രാജി വക്കുകയാണെന്ന് ശ്വേതാമേനോന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാല്‍ ഇതും താരം രാജി വച്ചിരുന്നില്ല. ഔദ്യോഗിക രാജിക്കത്ത് ലഭിക്കാത്ത പശ്ചാത്തലത്തില്‍ വരും ദിവസങ്ങളില്‍ സംഘടനയ്ക്കുള്ളില്‍ കൂടുതല്‍ ചര്‍ച്ചകളും അടിയന്തര യോഗങ്ങളും നടക്കുമെന്നാണ് സൂചന.
















