ഇറാൻ മുൻ പരമോന്നത നേതാവ്ആയത്തുള്ള അലി ഖമനയിയുടെ വിലാപയാത്രയിൽ ട്രംപിനെതിരെ ബാനർ. ട്രംപിനെ കൊല്ലുമെന്നാണ് ബാനർ ഉയർന്നത്. ‘ഞങ്ങൾ ട്രംപിനെ കൊല്ലും’ എന്ന് വലിയ അക്ഷരങ്ങളിൽ എഴുതിയ ചുവന്ന ബാനർ ജനക്കൂട്ടം ഉയർത്തിപ്പിടിക്കുകയായിരുന്നു. ‘ട്രംപിനെ വധിക്കുക’ എന്നെഴുതിയ ബാനറുകളും പ്ലക്കാർഡുകളുമായാണ് ലക്ഷക്കണക്കിന് ആളുകൾ വിലാപയാത്രയിൽ പങ്കെടുത്തത്. ട്രംപിന്റെ തലയ്ക്ക് 100 മില്യൺ ഡോളർ പ്രതിഫലം പ്രഖ്യാപിക്കുന്ന ബാനറുകളും വിലാപയാത്രയിൽ ചിലർ ഉയർത്തിയിട്ടുണ്ട്. ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ തസ്നിം ആണ് ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവിട്ടത്.
‘രക്തസാക്ഷിയായ ഖമനയിയുടെ ചോരയ്ക്ക് പ്രതികാരം’ എന്ന ഹാഷ്‌ടാഗോടെയാണ് ഇറാൻ മാധ്യമങ്ങൾ ദൃശ്യങ്ങൾ പങ്കുവച്ചിരിക്കുന്നത്.വിലാപയാത്രയിൽ പ്രസംഗിച്ച പ്രമുഖ ഇറാനി കവി മുഹമ്മദ് റസൂലി, ട്രംപിനെ വധിക്കേണ്ടത് തങ്ങളുടെ കടമയാണെന്ന് ജനക്കൂട്ടത്തോട് ആഹ്വാനം ചെയ്തു. ഇറാൻ പതാകകളും ഷിയാ ആചാരങ്ങളുടെ ഭാഗമായ ചുവപ്പും പച്ചയും കൊടികളുമേന്തി ലക്ഷക്കണക്കിന് ജനങ്ങളാണ് വിലാപയാത്രയിൽ അണിനിരന്നത്. കഴിഞ്ഞ ഫെബ്രുവരി 28-നുണ്ടായ യുഎസ്-ഇസ്രായേൽ സംയുക്ത വ്യോമാക്രമണത്തിലാണ് ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടത്. ടെഹ്റാനിലെ അദ്ദേഹത്തിന്റെ വസതിക്കു നേരെയായിരുന്നു ആക്രമണം. ഇതോടെയാണ് ഇറാനും യുഎസ്-ഇസ്രയേൽ സഖ്യവും തമ്മിൽ യുദ്ധം ആരംഭിച്ചത്. ആക്രമണത്തിൽ ഖമനയിയുടെ മകൾ, മരുമകൻ, കൊച്ചുമകൻ എന്നിവരും കൊല്ലപ്പെട്ടിരുന്നു.
Story Highlights : kill trump banners at ayatollah ali khamenei funeral
















