Explainers

‘താങ്കള്‍ അത്ര വലിയഒരു കലാകാരിയോ ഒരു മഹാസംഭവമോ ഒന്നുമല്ല എന്ന് ഇപ്പോള്‍ മനസ്സിലായി കാണുമല്ലോ’: പേളീ മാണിക്ക് മറുപടിയുമായി സംവിധാകന്‍ ആലപ്പി അഷഅറഫ്

നടി പേളീ മാണിയും മേക്കപ്പ് ആര്‍ട്ടിസ്റ്റ് ജാന്‍മണിയും ബി.ജെ.പി സൈദ്ധാന്തികന്‍ ടി.ജി മോഹന്‍ദാസും ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലും പൊതു-സിനിമാ-സാസംക്കാരിക രംഗത്തുള്ളവരുടെ വിമര്‍ശനങ്ങള്‍ക്കും പാത്രിമായിക്കൊണ്ടിരിക്കുകയാണ്. ഇവര്‍ മൂന്നുപേരും ചെയ്തതെറ്റ് സി.ജെ.പിയുടെ നീറ്റ് ചോദ്യ പേപ്പര്‍ ചോര്‍ന്നതുമായി ബന്ധപ്പെട്ട സമരത്തെ പുച്ഛിച്ചും, തള്ളിപ്പറഞ്ഞും, അനാവശ്യം പറഞ്ഞും പോസ്റ്റിട്ടതിനും വീഡിയോ ചെയ്തതിനുമാണ്. ഇപ്പോള്‍ സംവിധാനയകന്‍ ആലപ്പി അഷ്‌റഫും മൂന്നുപേരെയും കണക്കിന് വിമര്‍ശിച്ചിട്ടുണ്ട്. അതില്‍ പേളീമാണിക്കാണ് കൂടുതല്‍ വിമര്‍ശനങ്ങളും. കാരണം, സംവിധാനയകന്‍ സിബി മലയിലിനെ പരാമര്‍ശിച്ചായിരുന്നു പേളിയുടെ സോഷ്യല്‍ മീഡിയ ഇടപെടല്‍.

പൊതുരംഗത്തുള്ളവരുടെ അവിവേകപരമായ പ്രസ്താവനകളും അഹങ്കാരവും അവര്‍ക്കു തന്നെ തിരിച്ചടിയാകുമെന്നാണ് ആലപ്പി അഷ്‌റഫ് ഓര്‍മ്മിപ്പിക്കുന്നത്. സി.ജെ.പിയുടെ വിദ്യാര്‍ഥി പ്രക്ഷോഭത്തെ തള്ളിപ്പറയുകയും മുതിര്‍ന്ന സംവിധായകന്‍ സിബി മലയിലിനെ അധിക്ഷേപിക്കുകയും ചെയ്ത പേളി മാണിക്ക് ലക്ഷക്കണക്കിന് ഫോളോവേഴ്സിനെ നഷ്ടമായതും, മുന്‍പ് നടി മെറീന മൈക്കിളിനോട് കാണിച്ച അനീതി പുറത്തുവന്നതും അഹങ്കാരത്തിനുള്ള ‘കര്‍മ’യുടെ തിരിച്ചടിയാണെന്ന് അദ്ദേഹം പറഞ്ഞു. കാര്യസാധ്യത്തിനു വേണ്ടി നിലപാടുകള്‍ മാറ്റിപ്പറയുന്ന പേളി മാണി ഒരു ‘ഫേക്ക് പേഴ്‌സനാലിറ്റി’യാണെന്ന് രഞ്ജിനി ഹരിദാസ് മുന്‍പ് പറഞ്ഞത് ശരിയാണെന്ന് തോന്നുന്നു എന്ന് ആലപ്പി അഷ്റഫ് പറയുന്നു.

പ്രധാനമന്ത്രിക്കെതിരെ വ്യക്തിപരമായ അപകീര്‍ത്തി പരാമര്‍ശം നടത്തിയ ബിഗ് ബോസ് താരം ജാന്‍മണി ദാസിന്റെ വാക്കുകള്‍ അംഗീകരിക്കാനാവില്ലെന്നും സോഷ്യല്‍ മീഡിയയുടെ പിന്തുണയാണ് ഇത്തരം മണ്ടത്തരങ്ങള്‍ക്ക് കാരണമെന്നും ആലപ്പി അഷ്റഫ് ചൂണ്ടിക്കാട്ടി. കൂടാതെ, പേളിയും ജാന്‍മണിയും അറിവില്ലായ്മ കൊണ്ടാണ് ഇത്തരം അഭിപ്രായങ്ങള്‍ പറഞ്ഞതെങ്കില്‍, ജന്തര്‍ മന്തറിലെ പ്രക്ഷോഭകരെ വെടിവച്ചു കൊല്ലണമെന്ന് പറഞ്ഞ ആര്‍.എസ്.എസ് നേതാവ് ടി.ജി. മോഹന്‍ദാസ് നടത്തിയത് ഭരണഘടനയെ വെല്ലുവിളിക്കുന്ന ആസൂത്രിതമായ കലാപ ആഹ്വാനമാണെന്നും, കയ്യില്‍ നിന്ന് പോയ ആയുധവും വായില്‍ നിന്ന് പോയ വാക്കും തിരിച്ചെടുക്കാനാവില്ലെന്ന് ഓര്‍മിപ്പിച്ചുകൊണ്ട് ആലപ്പി അഷ്റഫ് പറയുന്നു.

  • ആലപ്പി അഷ്‌റഫിന്റെ വാക്കുകളിലേക്ക്

‘ഒരാളെ ഇല്ലാതാക്കാന്‍ കത്തിയും തോക്കുമൊന്നും വേണ്ട. ഒരു നുണയും അത് ആഘോഷമാക്കാന്‍ കുറച്ച് ആള്‍ക്കൂട്ടവും ധാരാളം മതിയാകും. ചിലരുടെയൊക്കെ ആവേശത്തിനോ നിസ്സാര വിനോദത്തിനോ വേണ്ടി തൊടുത്തുവിടുന്ന നുണകള്‍ തിരിച്ചെടുക്കാന്‍ കഴിയാത്ത വിധം വിഷം പുരട്ടിയ അമ്പുകളാണ്. കേട്ടു പരിചയിച്ച നുണകളില്‍ ഓരോരുത്തരും അവരവരുടെ ഭാവനകള്‍ കൂടി തുന്നിച്ചേര്‍ക്കുമ്പോള്‍ അവിടെ ഇല്ലാതാകുന്നത് ഒരു മനുഷ്യന്റെ ആയുസ്സും അഭിമാനവുമാണ്. പേളി മാണിയുടെയും ജാന്‍മണിയുടെയും ടി.ജി. മോഹന്‍ദാസിന്റെയും അഭിപ്രായപ്രകടനങ്ങളിലേക്കും അതിനെ തുടര്‍ന്നുണ്ടായ കീറാമുട്ടികളിലേക്കും നമുക്കൊന്നു കടന്നു ചെല്ലാം.

ചില വ്യക്തികള്‍ ഒന്നുമില്ലായ്മയില്‍ നിന്നും കടന്നുവന്നു പേരും പ്രശസ്തിയും പണവും ഒക്കെ നേടികഴിഞ്ഞാല്‍ പിന്നെ വന്ന വഴി അപ്പാടെ അങ്ങു മറക്കും. പിന്നെ ഞാന്‍ ഏതോ വലിയ സംഭവമാണ്, ഞാന്‍ പറയുന്നതൊക്കെ വേദവാക്യമാണെന്ന ഭാവത്തില്‍ മറ്റുള്ളവരോട് പുച്ഛഭാവത്തിലുള്ള സംസാരവും പെരുമാറ്റവും അങ്ങു തുടങ്ങും. ഒരാള്‍ അത്യുന്നതിയില്‍ എത്തുമ്പോഴാണ് അയാളുടെ മനോഭാവത്തിന് മാറ്റം ഉണ്ടാകേണ്ടത്. അവരുടെ വാക്കുകള്‍ക്ക് സത്യത്തിന്റെയും ധര്‍മത്തിന്റെയും നീതിയുടെയും അനുകമ്പയുടെയും ആദരവിന്റെയും സ്ഫുരണം ഉണ്ടാകണം. ബഹുമാനം അര്‍ഹിക്കുന്ന വ്യക്തികളെ പരമപുച്ഛത്തോടെ കണ്ട് അവരെ ഇകഴ്ത്തി സംസാരിക്കുവാന്‍ ഒരിക്കലും പാടില്ല. അഹങ്കാരത്തിന്റെ മൂര്‍ധന്യാവസ്ഥയില്‍ എത്തിനില്‍ക്കുന്ന ഇത്തരക്കാര്‍ പടുത്തുയര്‍ത്തിയ മണിമാളികയിലേക്ക് കല്ലെറിയുകയും അവരുടെ സ്ഥാനം ചവറ്റുകൊട്ടയിലേക്ക് തള്ളപ്പെടുകയും ചെയ്യുമെന്നുള്ളത് ഒരു ചരിത്രസത്യമാണ്. അതാണ് ഇവിടെ ഇപ്പോള്‍ യൂട്യൂബറും ഇന്‍ഫ്‌ലുവന്‍സറും അവതാരകയും ഒക്കെയായ പേളി മാണിക്ക് സംഭവിച്ചിരിക്കുന്നത്.

അനവസരത്തില്‍ പറഞ്ഞിട്ടുള്ള ബുദ്ധിശൂന്യമായ ചില അഭിപ്രായങ്ങളും മണ്ടത്തരങ്ങളും കാരണം പേളി മാണി ഇപ്പോള്‍ പൊതുസമൂഹത്തിന്റെ മുന്‍പില്‍ ഒരു അപഹാസ്യ കഥാപാത്രമായി മാറിയിരിക്കുകയാണല്ലോ. മലയാള സിനിമയിലെ ആദരണീയനായ ഒരു സംവിധായകനാണ് സിബി മലയില്‍. സിനിമയുടെ ആത്മാവ് തൊട്ടറിഞ്ഞ ഒരു ചലച്ചിത്രകാരനാണ് അദ്ദേഹം. കഴിഞ്ഞ നൂറ്റാണ്ടിലെ മികച്ച സിനിമകള്‍ എടുത്താല്‍ അതില്‍ സിബിയുടെ ‘തനിയാവര്‍ത്തന’വും ‘കിരീട’വും ‘ഭരത’വും മുന്തിയ സ്ഥാനത്ത് തന്നെ നിലയുറപ്പിച്ചിട്ടുണ്ടാകും. സിബി കാലഹരണപ്പെട്ട സംവിധായകന്‍ അല്ല എന്നറിയാത്ത ഒരാളല്ല പേളി മാണി.

എന്നാല്‍ അവരുടെ ഉള്ളിലെ അഹങ്കാരം മറനീക്കി പുറത്തുവന്നപ്പോള്‍ അവര്‍ സിബിയെ ആക്ഷേപിച്ചത് പരാജയപ്പെട്ട സംവിധായകന്‍ എന്ന് പറഞ്ഞുകൊണ്ടാണ്. സി.ജെ.പി.യുടെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ നടന്ന വിദ്യാര്‍ഥി പ്രക്ഷോഭത്തിനെതിരായി നിലപാടെടുത്ത പേളി മാണിയെ വിമര്‍ശിച്ചുകൊണ്ട് സിബി മലയിലിന്റെ മകന്‍ ജോയുടെ ‘ഷെയിം ഓണ്‍ യു’ എന്ന കമന്റ് ആണ് പേളിയെ ചൊടിപ്പിച്ചത്. തനിക്കെതിരായ ഒരു ശബ്ദം കേട്ടതിലുള്ള അസഹിഷ്ണുതയാണ് ജോയിയുടെ പിതാവായ സിബിയെ കഴിവുകെട്ടവനായി ആക്ഷേപിക്കാനുള്ള കാരണം.

പേളി ഒരുപക്ഷേ ധരിച്ചിട്ടുണ്ടാകാം തന്റെ ലക്ഷോപലക്ഷം വരുന്ന ഫോളോവേഴ്‌സ് താന്‍ പറയുന്ന വളിപ്പുകളും മണ്ടത്തരങ്ങളും പൊട്ടത്തരങ്ങളും ഒക്കെ കയ്യടിച്ച് പ്രോത്സാഹിപ്പിച്ച് ഒപ്പം നില്‍ക്കുമെന്ന്. ഇവിടെയാണ് പേളി മാണിക്ക് അടിയേറ്റത്. ഒറ്റയടിക്ക് മൂന്നു നാല് ലക്ഷം സബ്‌സ്‌ക്രൈബേഴ്‌സ് പേളിയെ വെറുത്തുകൊണ്ട്, ഉപേക്ഷിച്ചുകൊണ്ട് സ്ഥലം കാലിയാക്കി. താങ്കള്‍ അത്ര വലിയ ഒരു കലാകാരിയോ ഒരു മഹാസംഭവമോ ഒന്നുമല്ല എന്ന് ഇപ്പോള്‍ മനസ്സിലായി കാണുമല്ലോ. താങ്കള്‍ പറയുന്ന കോമാളിത്തരങ്ങള്‍ കേട്ട് ഇഷ്ടപ്പെട്ട് ചിലര്‍ നല്‍കിയ പിന്തുണയാണ് നിങ്ങളുടെ അംഗീകാരം.

നിങ്ങള്‍ ബിഗ് ബോസ് മത്സരാര്‍ഥിയായി എത്തിയപ്പോള്‍ നിങ്ങള്‍ കാഴ്ചവച്ച നിഷ്‌കളങ്കതയും പെര്‍ഫോമന്‍സും ഒക്കെ കണ്ട് എനിക്കും നിങ്ങളോട് ഇഷ്ടം തോന്നിയിരുന്നു. അതുകൊണ്ട് മെറീന വിഷയം വന്നപ്പോള്‍ നിങ്ങളുടെ ഭാഗത്തായിരിക്കും ശരിയെന്ന് വിശ്വസിച്ചുകൊണ്ട് പേളിക്ക് അനുകൂലമായി ഒരു എപ്പിസോഡും ഞാന്‍ ചെയ്തിരുന്നു. എന്നാല്‍ ഇന്ന് ഞാന്‍ വിശ്വസിക്കുന്നു പേളിയെ കുറിച്ച് രഞ്ജിനി ഹരിദാസ് അന്നു പറഞ്ഞതാണ് ശരിയെന്ന്. അവര്‍ ആദ്യം മുതലേ പറയുന്നുണ്ട് കാര്യസാധ്യത്തിനായി നിലപാടുകളില്‍ ചാഞ്ചാട്ടം വരുത്തുന്നവരാണ് നിങ്ങള്‍, ഫേക്ക് പേഴ്‌സണാലിറ്റി ആണ് നിങ്ങളുടേതെന്ന്.

ഡല്‍ഹിയില്‍ സമരം നടത്തിയ വിദ്യാര്‍ഥികളോട്, യുവാക്കളോട് വെറുതെ അടികൊള്ളാതെ സമരം അവസാനിപ്പിച്ച് വീട്ടില്‍ പോകാന്‍ പറഞ്ഞത് നിങ്ങളുടെ അജ്ഞത മൂലം പറഞ്ഞുപോയതാണെന്ന് ആറാട്ടണ്ണന്‍ പോലും പറയുന്നുണ്ട്. ആറാട്ടണ്ണന്‍ പറഞ്ഞത് കഷ്ടിച്ച് പത്താം ക്ലാസ് പാസായ പേളി മാണിക്ക് വിദ്യാഭ്യാസത്തെ കുറിച്ചും നീറ്റ് പരീക്ഷയെ കുറിച്ചും എന്തറിയാമെന്നാണ്. വിവരക്കേടും ബുദ്ധിയില്ലായ്മയും ഒരു തെറ്റൊന്നുമല്ല, പക്ഷേ ഇത്തരം ഗൗരവകരമായ വിഷയങ്ങളില്‍ വാ അടച്ചിരിക്കാനുള്ള മര്യാദയെങ്കിലും കാണിക്കണമായിരുന്നു.

പണ്ട് പേളി മാണി ഒതുക്കി മൂലയില്‍ ഇരുത്തിയ മെറീന മൈക്കളിനെ ഓര്‍മയുണ്ടോ? അവരിപ്പോള്‍ രംഗത്തെത്തിയിട്ടുണ്ട്. അവരെ കേള്‍ക്കാന്‍ നിങ്ങളോടൊപ്പം നിന്ന് അവരെ കല്ലെറിഞ്ഞവരും അവരോടൊപ്പമുണ്ട്. അവരായിരുന്നു ശരിയെന്ന് ഇപ്പോള്‍ കാലം തെളിയിച്ചു. പേളിയുടെ മുഖഛായയും നിറവും മുടിയുടെ സാദൃശ്യവും ഒക്കെ അവര്‍ക്ക് വന്നുപോയി എന്ന കാരണത്താല്‍ ഒരു ചാനലിലെ അഭിമുഖത്തിനായി വിളിച്ചുവരുത്തിയതിനു ശേഷം അവരെ ഇന്റര്‍വ്യൂ ചെയ്യാതെ നിങ്ങള്‍ അവിടെ നിന്നും കടന്നുകളഞ്ഞില്ലേ? അന്ന് നിങ്ങള്‍ പറഞ്ഞ കള്ളത്തരങ്ങള്‍ വിശ്വസിച്ചവര്‍ അവരെ കടുത്ത സൈബര്‍ ആക്രമണത്തിന് വിധേയമാക്കി. അവരുടെ നിസ്സഹായാവസ്ഥ തുറന്നു പറയാന്‍ പോലും അനുവദിച്ചില്ല. ഇന്ന് ആ സത്യങ്ങള്‍ മറനീക്കി പുറത്തുവന്നു. ഇന്നവര്‍ അജയ്യയായി ജനമധ്യത്തില്‍ വന്നു സംസാരിക്കുന്നു, അവരെ കേള്‍ക്കാന്‍ ചെവികള്‍ ഉണ്ടായിരിക്കുന്നു. മെറീന പറയുന്നു ‘കര്‍മ’ എന്നൊന്നുണ്ട്, അത് ബൂമറാങ്ങ് പോലെ തിരികെ എത്തിയിരിക്കുന്നു എന്ന്.

പേളിയുടെ കാര്യമെടുത്താല്‍ പൂന്താനത്തിന്റെ വരികള്‍ക്ക് വലിയ പ്രസക്തിയുണ്ട്. ‘രണ്ടു നാല് ദിനം കൊണ്ടൊരുത്തനെ തണ്ടിലേറ്റി നടത്തുന്നതും ഭവാന്‍, മാളിക മുകളേറിയ മന്നന്റെ തോളില്‍ മാറാപ്പ് കേറ്റുന്നതും ഭവാന്‍’.

കയ്യില്‍ നിന്നു പോയ ആയുധവും വായില്‍ നിന്നു പോയ വാക്കും ഒരിക്കലും തിരിച്ചെടുക്കാന്‍ ആവില്ല. ഇതുപോലെ അറിവില്ലായ്മയും ബുദ്ധിയില്ലായ്മയും കാരണം ഇന്നു പെട്ടുപോയിരിക്കുന്ന മറ്റൊരു സെലിബ്രിറ്റിയാണ് മേക്കപ്പ് ആര്‍ട്ടിസ്റ്റും ബിഗ് ബോസ് താരവുമായ ജാന്‍മണി ദാസ്. ജാന്‍മണി കേരളത്തില്‍ അറിയപ്പെട്ടത് മേക്കപ്പ് ആര്‍ട്ടിസ്റ്റ് എന്ന നിലയിലല്ല, ബിഗ് ബോസ് താരമായിട്ടാണ്. അന്നും അവരുടെ മണ്ടത്തരങ്ങള്‍ കേട്ട് കൈയടിച്ച് പ്രോത്സാഹിപ്പിച്ചതാണ് പ്രേക്ഷകര്‍ അവരെ. ബിഗ് ബോസില്‍ പോയി മടങ്ങി വന്നവര്‍ക്ക് ഒരു വിചാരമുണ്ട്, അവരുടെ വാക്കുകള്‍ ഇരുമ്പുലക്കയാണെന്ന്. വേണ്ടുന്നിടത്തും വേണ്ടാത്തിടത്തും കയറി അറിയാന്‍ പാടില്ലാത്ത കാര്യങ്ങള്‍ക്ക് അഭിപ്രായം പറയുക.

ജാന്‍മണിയുടെ നാക്കിന് ഇപ്പോള്‍ ബെല്ലും ബ്രേക്കും ഇല്ല. വായില്‍ തോന്നുന്നത് കോതയ്ക്ക് പാട്ട് എന്നതുപോലെ ആക്ഷേപിച്ചതും അപകീര്‍ത്തി പരാമര്‍ശം ഉതിര്‍ത്തതും നമ്മുടെ പ്രധാനമന്ത്രിക്ക് നേര്‍ക്കാണ്. പ്രധാനമന്ത്രിയുടെ നിലപാടുകളെയും പ്രവര്‍ത്തികളെയും ഒക്കെ നമുക്ക് വിമര്‍ശിക്കാം, അഭിപ്രായവും പറയാം. പക്ഷേ വ്യക്തിപരമായ അനാവശ്യ പരാമര്‍ശങ്ങള്‍ തെറ്റ് തന്നെയാണ്. അതൊരിക്കലും അംഗീകരിക്കാന്‍ ആവില്ല. ജാന്‍മണിയുടെ മണ്ടത്തരങ്ങളെ സോഷ്യല്‍ മീഡിയ കൈയടിച്ചു പ്രോത്സാഹിപ്പിക്കുന്നത് കൊണ്ടാണ് ജാന്‍മണി ഇത്തരം അനാവശ്യങ്ങള്‍ വച്ചുകാച്ചുന്നത്. അവരെ തിരുത്താന്‍ ഒപ്പമുള്ളവര്‍ ശ്രമിച്ചിട്ടുമില്ല. എന്നാല്‍ ഇപ്പോള്‍ അത് തനിക്ക് കുരുക്കാകുമെന്ന് വന്നപ്പോള്‍ ക്ഷമാപണവുമായി എത്തിയിട്ടുണ്ട്. ജാന്‍മണി പ്രധാനമന്ത്രിയെ കുറിച്ച് പറഞ്ഞ വാചകങ്ങള്‍ ഞാന്‍ എടുത്തു പറഞ്ഞു സംസാരിക്കുന്നതും കുറ്റകരമാണ്. അതുകൊണ്ടാണ് ഞാന്‍ അത് എന്താണെന്ന് ഇവിടെ എടുത്തു പറയാത്തത്.

ഇതുപോലെ ഇപ്പോള്‍ പുലിപാലു പിടിച്ച് നിയമക്കുരുക്കില്‍ അകപ്പെട്ടിരിക്കുകയാണ് ആര്‍.എസ്.എസ്. നേതാവായ ടി.ജി. മോഹന്‍ദാസ്. ജന്തര്‍ മന്തറിലെ വിദ്യാര്‍ഥി പ്രക്ഷോഭത്തിനെതിരെ അദ്ദേഹം പറഞ്ഞത്, ‘എനിക്ക് ഈ സിറ്റുവേഷന്‍ കയ്യില്‍ കിട്ടിയാല്‍ ജന്തര്‍ മന്തര്‍ പരിസരത്ത് നാല് കിലോമീറ്റര്‍ ചുറ്റളവില്‍ കര്‍ഫ്യൂ പ്രഖ്യാപിക്കും. ആളുകളോട് പിരിഞ്ഞു പോകുവാന്‍ മൂന്നു പ്രാവശ്യം ആവശ്യപ്പെടും. പിന്നെ വെടിവയ്ക്കും. ആളുകള്‍ ചിതറിയോടും. കുറേ പേര്‍ മരിക്കും. കുറേ പേര്‍ക്ക് അംഗഭംഗം സംഭവിക്കും. ഏകദേശം നാലു മണിക്കൂര്‍ കൊണ്ട് രംഗം ശാന്തമാകും. ശവങ്ങള്‍ പെറുക്കി ആശുപത്രിയില്‍ എത്തിക്കും,’ ഇതായിരുന്നു മോഹന്‍ദാസിന്റെ വാക്കുകള്‍.

കൂടാതെ അദ്ദേഹം ഗുരുതരമായ മറ്റു പരാമര്‍ശങ്ങളും നടത്തിയിരുന്നു. അദ്ദേഹം പറയുന്നു ബലാത്സംഗം ഇഷ്ടപ്പെടുന്ന സ്ത്രീകളാണ് പ്രക്ഷോഭത്തില്‍ പങ്കെടുത്തതെന്ന്. ബലാത്സംഗം കൂട്ടബലാത്സംഗമായി അങ്ങ് നടക്കും, ദൈവം സഹായിച്ച് അതിന് പരാതികള്‍ ഒന്നും ഉണ്ടാകില്ല. ജനാധിപത്യപരമായി പ്രതിഷേധിക്കുന്ന കുട്ടികളെ കൂട്ടത്തോടെ കൊലപ്പെടുത്തണമെന്നും ഗുരുതരമായി പരിക്കേല്‍പ്പിക്കണമെന്നും ആവശ്യപ്പെടുന്ന തരത്തിലുള്ള പ്രസ്താവനകള്‍ ഒരു സാധാരണ രാഷ്ട്രീയക്കാരന്റെ അഭിപ്രായമായി കാണാന്‍ കഴിയില്ല. നമ്മുടെ രാജ്യത്തിന്റെ ഭരണഘടനാ മൂല്യങ്ങളെയും ജനാധിപത്യ സമ്പ്രദായത്തെയും നിയമവാഴ്ചയെയും വെല്ലുവിളിക്കുന്നതാണ് ടി.ജി. മോഹന്‍ദാസിന്റെ ഈ പ്രസ്താവനകള്‍ എല്ലാം തന്നെ. ഇതിനെതിരെ വലിയ രീതിയില്‍ പ്രതിഷേധങ്ങള്‍ ഉണ്ടായി, രാജ്യത്തിന്റെ വിവിധ കോണുകളില്‍ നിന്നും പരാതികള്‍ ഉയര്‍ന്നുവന്നു. ഇതിന്റെയൊക്കെ ഫലമായി അദ്ദേഹത്തിനെതിരെ ഇപ്പോള്‍ കേസുകളും ഉണ്ടായി.

ഇവിടെ പേളി മാണിയും ജാന്‍മണിയും ഒക്കെ വിദ്യാഭ്യാസവും വിവരവും കുറവുള്ളതുകൊണ്ട് മൂഢതയില്‍ നിന്നുള്ള അഭിപ്രായ പ്രകടനം നടത്തിയപ്പോള്‍, ടി.ജി. മോഹന്‍ദാസ് ആസൂത്രിതമായ ആക്ഷേപങ്ങളും കലാപ ആഹ്വാനവുമാണ് നടത്തിയിരിക്കുന്നത് എന്നതാണ് പൊതുവേയുള്ള വിലയിരുത്തല്‍. ഇത്തരം പ്രസ്താവനകളും അഭിപ്രായങ്ങളും തീരുമാനങ്ങളും ഒക്കെ നമ്മുടെ രാജ്യത്തെ സര്‍വനാശത്തിലേക്ക് നയിച്ചേക്കാം. ഇതിനൊക്കെ മാതൃകാപരമായ ഒരു നിയന്ത്രണം ഉണ്ടാകുമെന്ന പ്രതീക്ഷയോടെ നിര്‍ത്തുന്നു.’