സിഎംആര്‍എല്‍-എക്‌സാലോജിക് കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയനും മുന്‍ മന്ത്രി മുഹമ്മദ് റിയാസിനുമെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാമെന്ന് നിയമോപദേശം. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടി സ്വീകരിക്കാമെന്നാണ് അഡ്വക്കറ്റ് ജനറലിന്റെയും ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്റെയും നിയമോപദേശം. അഴിമതി നിരോധന നിയമത്തിലെ വകുപ്പ് 7, 13(1), 20(1) എന്നിവ പിണറായി വിജയനെതിരായ കേസില്‍ ബാധകമാകാമെന്നാണ് നിയമോപദേശത്തിലെ നിലപാട്. മൂന്നാം വ്യക്തി മുഖേനയോ മറ്റൊരാളുടെ പ്രയോജനത്തിനായോ കൈക്കൂലി സ്വീകരിക്കുകയോ ആവശ്യപ്പെടുകയോ ചെയ്യുന്നത് വകുപ്പ് ഏഴിന്റെ പരിധിയില്‍ വരാമെന്നും നിയമോപദേശത്തില്‍ ചൂണ്ടിക്കാട്ടുന്നു.
സിഎംആര്‍എല്ലില്‍ നിന്ന് വീണ വിജയനും എക്‌സാലോജിക് സൊല്യൂഷന്‍സിനും ലഭിച്ച പണം പിണറായി വിജയന് ലഭിച്ച കൈക്കൂലിയായി കണക്കാക്കാമെന്ന ഇഡിയുടെ ആരോപണവും നിയമോപദേശത്തില്‍ പരിഗണിച്ചിട്ടുണ്ട്. ഇന്‍കം ടാക്‌സ് സെറ്റില്‍മെന്റ് ബോര്‍ഡിന് മുമ്പാകെ സിഎംആര്‍എല്‍ മാനേജിങ് ഡയറക്ടര്‍ എസ്.എന്‍ ശശിധരന്‍ കര്‍ത്ത നല്‍കിയ മൊഴികളും ഇഡി റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. അഴിമതി നിരോധന നിയമത്തിലെ വകുപ്പ് 20 പ്രകാരമുള്ള വ്യവസ്ഥയും ബാധകമാകാമെന്നാണ് നിയമോപദേശം. മുഹമ്മദ് റിയാസിനെതിരെയും അഴിമതി നിരോധന നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരം അന്വേഷണം നടത്താമെന്നാണ് നിയമോപദേശം. റിയാസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളും ഇഡി റിപ്പോര്‍ട്ടിലെ മറ്റ് ആരോപണങ്ങളും അന്വേഷിക്കാവുന്നതാണെന്നാണ് നിയമോപദേശത്തിലെ നിലപാട്.
ഇഡി റിപ്പോര്‍ട്ടില്‍ ആവശ്യമായ തെളിവുകളുണ്ടെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയാല്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയോ, ആവശ്യമെങ്കില്‍ പ്രാഥമിക അന്വേഷണം നടത്തുകയോ ചെയ്യാമെന്നാണ് നിയമോപദേശം. കേസ് രജിസ്റ്റര്‍ ചെയ്യുന്നതുള്‍പ്പെടെയുള്ള തുടര്‍നടപടികളില്‍ സര്‍ക്കാര്‍ തീരുമാനമെടുക്കും.
കേസുമായി ബന്ധപ്പെട്ട് തുടര്‍നടപടികള്‍ കൈക്കൊള്ളാന്‍ വിജിലന്‍സിന് അനുമതി നല്‍കുന്നത് സംബന്ധിച്ച നിര്‍ണായക തീരുമാനത്തിനായി മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും നാളെ കൂടിക്കാഴ്ച നടത്തും. അഡ്വക്കേറ്റ് ജനറലില്‍ (എ.ജി) നിന്ന് അനുകൂല നിയമോപദേശം ലഭിച്ച പശ്ചാത്തലത്തിലാണ് ഈ നീക്കം.
നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളും കേന്ദ്ര-സംസ്ഥാന പോരുകളും കണക്കിലെടുത്ത് പ്രാഥമിക അന്വേഷണത്തിന് ഉത്തരവിടാനാണ് സര്‍ക്കാരിന്റെ പ്രാഥമിക ആലോചന. എഫ്.ഐ.ആര്‍ നേരിട്ട് രജിസ്റ്റര്‍ ചെയ്യുന്നത് രാഷ്ട്രീയമായി വലിയ തിരിച്ചടിയാകാന്‍ സാധ്യതയുള്ളതിനാല്‍, നിയമപരമായ നടപടികള്‍ പാലിച്ചു എന്ന വരുത്തിത്തീര്‍ക്കാനും കേന്ദ്ര ഏജന്‍സിയുടെ ആരോപണങ്ങളില്‍ വാസ്തവമുണ്ടോ എന്ന് പ്രാഥമികമായി പരിശോധിക്കാനും വിജിലന്‍സ് തലത്തിലുള്ള പ്രാഥമിക അന്വേഷണം സഹായിക്കുമെന്നാണ് സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍.
കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയുടെയും കേന്ദ്ര അന്വേഷണ ഏജന്‍സികളുടെയും രാഷ്ട്രീയ വേട്ടയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ കൂട്ടുനില്‍ക്കുന്നുവെന്ന സി.പി.എമ്മിന്റെയും ഇടതുപക്ഷത്തിന്റെയും ആക്ഷേപങ്ങളെ പ്രതിരോധിക്കാനുള്ള ആസൂത്രിത തയാറെടുപ്പുകളോടെയാകും സര്‍ക്കാര്‍ അന്വേഷണത്തിന് പച്ചക്കൊടി കാണിക്കുക. പ്രതിപക്ഷത്തിന്റെ പങ്ക് വ്യക്തമാക്കാനും അന്വേഷണം നിഷ്പക്ഷമാണെന്ന് കാണിക്കാനും വേണ്ടിയുള്ള കൃത്യമായ തന്ത്രങ്ങളാണ് ആഭ്യന്തര വകുപ്പ് മെനയുന്നത്.
അതേസമയം, സംസ്ഥാന വിജിലന്‍സ് ഈ വിഷയത്തില്‍ ഒരു പ്രാഥമികാന്വേഷണത്തിലേക്ക് നീങ്ങുന്നത് പോലും വലിയ രീതിയില്‍ രാഷ്ട്രീയായുധമാക്കാനാണ് സി.പി.എം സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം. രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായാണ് കേന്ദ്ര ഏജന്‍സികള്‍ ആരോപണം ഉന്നയിക്കുന്നതെന്നും അതിന്മേല്‍ അന്വേഷണം നടത്തുന്നത് ശരിയല്ലെന്നുമുള്ള നിലപാടിലാണ് പാര്‍ട്ടി. സര്‍ക്കാരില്‍ നിന്ന് ഔദ്യോഗികമായി അന്വേഷണ പ്രഖ്യാപനമുണ്ടാകുന്ന പക്ഷം, അതിനെതിരെ സംസ്ഥാനവ്യാപകമായി കടുത്ത പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാനാണ് പാര്‍ട്ടി ആലോചിക്കുന്നത്.
മറുഭാഗത്ത്, ഇ.ഡിയുടെ നിര്‍ദ്ദേശത്തിന്മേല്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിക്കുന്നത് പൂര്‍ണ്ണമായും നിയമപരമായ നടപടിക്രമം മാത്രമാണെന്നാണ് ഭരണപക്ഷവും യു.ഡി.എഫും നല്‍കുന്ന വിശദീകരണം. കേന്ദ്ര ഏജന്‍സി ഔദ്യോഗികമായി നല്‍കിയ ഗുരുതരമായൊരു കത്തിന്മേല്‍ നടപടിയെടുക്കാതിരിക്കുന്നത് നിയമലംഘനമാകുമെന്ന വാദമാണ് സര്‍ക്കാരിന് അനുകൂലമായി ഉയര്‍ത്തിക്കാട്ടുന്നത്. ഇടതുഭരണകാലത്ത് അന്നത്തെ പ്രതിപക്ഷമായ യു.ഡി.എഫ് നേതാക്കള്‍ക്കെതിരെ എടുത്ത കേസുകളും നടപ്പിലാക്കിയ അന്വേഷണങ്ങളും ഓര്‍മ്മിപ്പിച്ചാകും പുതിയ നീക്കത്തെ സര്‍ക്കാര്‍ ന്യായീകരിക്കുക. ബാര്‍ കോഴ ഉള്‍പ്പെടെയുള്ള കേസുകളില്‍ യു.ഡി.എഫ് നേതാക്കള്‍ക്കെതിരെ എടുത്ത വിജിലന്‍സ് നടപടികളും, കേന്ദ്ര ഏജന്‍സികളെ സംസ്ഥാന വിഷയങ്ങളിലേക്ക് ക്ഷണിച്ചുവരുത്താന്‍ മുന്‍പ് നടത്തിയ ഇടപടലുകളും സംബന്ധിച്ച വിവരങ്ങള്‍ മുന്‍നിര്‍ത്തിയായിരിക്കും സി.പി.എം പ്രതിഷേധങ്ങളെ പ്രതിരോധിക്കാന്‍ സര്‍ക്കാര്‍ നീക്കം നടത്തുക.
അഴിമതി നിരോധന നിയമപ്രകാരം അടിയന്തരമായി കേസെടുത്ത് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് 25 പേജുള്ള വിശദമായ റിപ്പോര്‍ട്ടാണ് ഇ.ഡി സംസ്ഥാന പോലീസ് മേധാവിക്ക് കൈമാറിയത്. വിതരണം ചെയ്ത പണത്തിന്റെ കണക്കുകളും സാമ്പത്തിക തെളിവുകളും വാട്‌സ്ആപ്പ് ചാറ്റുകളും അടങ്ങുന്ന രേഖകളും ഇ.ഡി ഈ റിപ്പോര്‍ട്ടിനൊപ്പം സമര്‍പ്പിച്ചിരുന്നു.പിണറായി വിജയന്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ കൈക്കൂലിപ്പണം നേരിട്ടും മകള്‍ ടി. വീണയുടെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് കമ്പനി വഴിയും സമാഹരിച്ചുവെന്ന ഗുരുതര ആരോപണങ്ങളാണ് ഇ.ഡി ഉന്നയിച്ചിരിക്കുന്നത്. മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, മകള്‍ വീണ, മുന്‍ മന്ത്രി പി.എ. മുഹമ്മദ് റിയാസ് തുടങ്ങി പന്ത്രണ്ടിലധികം പ്രമുഖര്‍ക്കെതിരെ അഴിമതി നിരോധന നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യണമെന്നായിരുന്നു ഇ.ഡിയുടെ ആവശ്യം. ഇതില്‍ കൂടുതല്‍ നടപടികളിലേക്ക് കടക്കാന്‍ ചൊവ്വാഴ്ചത്തെ കൂടിക്കാഴ്ച വഴിതുറക്കുമെന്നാണ് കരുതുന്നത്.















