അലങ്കാര വർണ്ണമത്സ്യങ്ങളുടെയും അരുമപ്പക്ഷികളുടെയും ഓമന മൃഗങ്ങളുടെയും അപൂർവ പ്രദർശനത്തിന് ഇന്ന് പുത്തരിക്കണ്ടം ഇ.കെ. നായനാർ പാർക്കിൽ തുടക്കമായി. തിരുവനന്തപുരം മേയർ വി.വി. രാജേഷ് പ്രദർശനം ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി മേയർ ജി എസ്. ആശാനാഥ്, കൗൺസിലർമാരായ കരമന അജിത്ത്, ജി എസ് മഞ്ജു, ഹരി, മിനി, സരിത, നവജീവൻ ട്രസ്റ്റ് ഭാരവാഹികളായ സി ശിവൻകുട്ടി, പി ജി ശിവശങ്കരൻ നായർ, എ സുരാജ്, ബിന്ദു ഹരി തുടങ്ങിയവർ പങ്കെടുത്തു.
കേരളത്തിൽ ഇതുവരെ പ്രദർശിപ്പിക്കാത്ത നിരവധി അപൂർവയിനം പക്ഷികൾ, അലങ്കാര വർണ്ണമത്സ്യങ്ങൾ, ഓമന മൃഗങ്ങൾ എന്നിവയെ ഒരേയിടത്ത് പരിചയപ്പെടാനും ആസ്വദിക്കാനും അവസരമൊരുക്കുന്ന മേളയാണ് ഒരുക്കിയിട്ടുള്ളത്. പക്ഷിലോകത്തിന്റെയും ജന്തുലോകത്തിന്റെയും കൗതുകക്കാഴ്ചകൾ അടുത്തറിയാനും പഠിക്കാനും പൊതുജനങ്ങൾക്ക് ഈ മേള ഉപകാരപ്പെടും.
ഉരഗവർഗത്തിൽപ്പെട്ട ഇഗ്വാനകൾ, മനുഷ്യരുമായി ഇഴുകിച്ചേർന്ന് വളർത്തുന്ന പെരുമ്പാമ്പിനത്തിലെ ബോൾ പൈത്തൺ, അപൂർവയിനം തത്തകൾ, അരോവാന ഉൾപ്പെടെയുള്ള അലങ്കാര മത്സ്യങ്ങൾ തുടങ്ങി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നിരവധി അപൂർവ ജീവജാലങ്ങൾ മേളയുടെ പ്രധാന ആകർഷണങ്ങളാണ്.
പ്രദർശനത്തോടനുബന്ധിച്ച് നാടൻ ഭക്ഷ്യമേള, നാടൻ പലഹാരമേള, വിവിധ ഉപഭോക്തൃ ഉൽപ്പന്നങ്ങളുടെ വിപണനമേള എന്നിവയും ഒരുക്കിയിട്ടുണ്ട്. ഓണക്കാലത്തിനായി കുടുംബത്തിനാവശ്യമായ വിവിധ ഉൽപ്പന്നങ്ങൾ ആകർഷകമായ വിലക്കിഴിവിൽ വാങ്ങാനുള്ള അവസരവും സന്ദർശകർക്ക് ലഭിക്കും. മേള സന്ദർശിക്കുന്നവരിൽ നിന്ന് നറുക്കെടുപ്പിലൂടെ സമ്മാനങ്ങളും വിതരണം ചെയ്യും. ദിവസവും രാവിലെ 11 മുതൽ രാത്രി 10 വരെയാണ് പ്രദർശന സമയം. തിരുവനന്തപുരം നവജീവൻ ട്രസ്റ്റും കേരള പെറ്റ്സ് ഫാർമേഴ്സ് അസോസിയേഷനും സംയുക്തമായാണ് മേള സംഘടിപ്പിക്കുന്നത്.
















