ദുല്‍ഖര്‍ സല്‍മാന്‍, ഭാര്യ അമാല്‍ സുഫിയ, നടി കല്യാണി പ്രിയദര്‍ശന്‍ എന്നിവര്‍ ഒന്നിച്ചെത്തിയ ഒരു ചടങ്ങിലെ വിഡിയോയെച്ചൊല്ലി സോഷ്യല്‍ മീഡിയയില്‍ ഉണ്ടായ വിവാദത്തിന് മറുപടിയുമായി കല്യാണി പ്രിയദര്‍ശന്‍. ‘Dulquer’s wife Said Side please that’s my man’ എന്ന അടിക്കുറിപ്പോടെ 12 മില്യണിലധികം കാഴ്ചക്കാരുമായി വൈറലായ റീലിനാണ് താരം മറുപടി നല്‍കിയിരിക്കുന്നത്. ‘ലോക: ചാപ്റ്റര്‍ 1’ എന്ന സിനിമയുടെ വന്‍ വിജയത്തിന് ശേഷം നടന്ന ഒരു ചടങ്ങില്‍ നിന്നുള്ള ദൃശ്യങ്ങളാണ് തെറ്റായ രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കുന്നവരോട് യാഥാര്‍ത്ഥ്യം എന്താണെന്ന് കല്യാണി തന്നെ നേരിട്ടെത്തി തുറന്നുപറയുകയായിരുന്നു.
കല്ല്യാണി പ്രിയദര്‍ശന്റെ പ്രതികരണം: ‘ബ്രോ, നിങ്ങള്‍ എന്തിനാണ് കാര്യങ്ങളെ ഇങ്ങനെ അനാവശ്യമായി വളച്ചൊടിക്കുന്നത്! ഞാന്‍ അമാലിനോട് നടുവില്‍ നില്‍ക്കാന്‍ പറയുകയായിരുന്നു, എന്നാല്‍ അവര്‍ എന്നോട് അവിടെ നില്‍ക്കാന്‍ ആവശ്യപ്പെടുകയാണുണ്ടായത്. ഈ ഒരു ചെറിയ വിഡിയോയ്ക്കാണ് 12 മില്യണ്‍ കാഴ്ചക്കാരുണ്ടായിരിക്കുന്നത്.’
രണ്ട് സ്ത്രീകള്‍ പരസ്പരം സൗഹാര്‍ദ്ദത്തോടെയും ബഹുമാനത്തോടെയും പെരുമാറിയ ഒരു സാധാരണ നിമിഷത്തെയാണ് സോഷ്യല്‍ മീഡിയ തെറ്റായ വ്യാഖ്യാനങ്ങളോടെ ആഘോഷമാക്കിയത്. എന്നാല്‍ കല്യാണിയുടെ ഈ പക്വതയാര്‍ന്ന മറുപടി ആരാധകരുടെ മനം കവര്‍ന്നിരിക്കുകയാണ്. അനാവശ്യ ഗോസിപ്പുകള്‍ക്ക് യാതൊരു സാധ്യതയും നല്‍കാതെ വിഷയം കൈകാര്യം ചെയ്ത താരത്തെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തെത്തുന്നത്.
ഡോമിനിക് അരുണ്‍ സംവിധാനം ചെയ്ത് ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് നിര്‍മ്മിച്ച ‘ലോക: ചാപ്റ്റര്‍ 1’ എന്ന ഫാന്റസി സൂപ്പര്‍ഹീറോ ചിത്രം മലയാളത്തിലെ എക്കാലത്തെയും ഉയര്‍ന്ന ഗ്രോസറായി മാറിയിരുന്നു. ആഗോളതലത്തില്‍ 300 കോടിയിലധികം നേടുകയും, ഒരു വനിതാ കേന്ദ്രീകൃത ഇന്ത്യന്‍ ചിത്രം നേടുന്ന ഏറ്റവും ഉയര്‍ന്ന കളക്ഷന്‍ സ്വന്തമാക്കുകയും ചെയ്ത ചിത്രത്തിന് ശേഷം കല്ല്യാണിയുടെ ഈ ലളിതമായ സമീപനം ആരാധകര്‍ക്ക് ഇടയില്‍ താരത്തോടുള്ള സ്നേഹം ഇരട്ടിയാക്കിയിരിക്കുകയാണ്

















