രാജ്യത്ത് പ്ലാസ്റ്റിക് കറന്‍സി നോട്ടുകള്‍ അവതരിപ്പിക്കുന്നതിനുള്ള നടപടികള്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ വേഗത്തിലാക്കുന്നു. സുരക്ഷാ സംവിധാനങ്ങളോടുകൂടിയ പോളിമര്‍ സബ്‌സ്‌ട്രേറ്റ് ഷീറ്റുകള്‍ നിര്‍മിച്ച് വിതരണം ചെയ്യുന്നതിനായി ഇന്ത്യന്‍, വിദേശ കമ്പനികള്‍ ബിഡുകള്‍ സമര്‍പ്പിച്ചിട്ടുണ്ട്. എന്നാല്‍ പോളിമര്‍ ഷീറ്റുകള്‍ വിതരണം ചെയ്യുന്നതില്‍ കേന്ദ്ര സര്‍ക്കാരിന്റെ കര്‍ശന വ്യവസ്ഥകളുണ്ട്. പോളിമര്‍ മെറ്റീരിയലിന്റെ അസംസ്‌കൃത വസ്തുക്കള്‍ ചൈനയില്‍ നിന്നോ പാകിസ്താനില്‍ നിന്നോ വാങ്ങരുത്. ഇന്ത്യയ്ക്ക് നല്‍കുന്ന പ്രത്യേക പോളിമര്‍ സബ്സ്ട്രേറ്റ് മറ്റേതെങ്കിലും മൂന്നാം രാജ്യത്തിന് വിതരണം ചെയ്യരുത്.
ഇന്ത്യയിലെ പദ്ധതിയുമായി ബന്ധപ്പെട്ട ജീവനക്കാരുടെയും പ്രവര്‍ത്തനങ്ങളുടെയും കാര്യത്തില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കണം. ആവശ്യമായ സര്‍ക്കാര്‍ സുരക്ഷാ അനുമതി നേടണം. പോളിമര്‍ സബ്‌സ്‌ട്രേറ്റില്‍ മൃഗക്കൊഴുപ്പോ അതിന്റെ ഡിഎന്‍എ ഘടകങ്ങളോ ഉണ്ടാകരുത് തുടങ്ങിയവയാണ് പ്രധാന വ്യവസ്ഥകള്‍.
ചൈനയിലോ പാകിസ്താനിലോ പ്രവര്‍ത്തനങ്ങളോ കരാറുകളോ ഉള്ള കമ്പനികള്‍ ഇന്ത്യയ്ക്കായുള്ള പദ്ധതിയില്‍നിന്ന് അവയുടെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും വേര്‍തിരിച്ചുനിര്‍ത്തണമെന്നും നിബന്ധനയുണ്ട്. പോളിമര്‍ കറന്‍സി അവതരിപ്പിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെങ്കിലും, ഇത് അന്തിമമായി നോട്ടുകള്‍ പ്രചാരത്തിലിറക്കാനുള്ള തീരുമാനമായി കാണേണ്ടതില്ലെന്ന് ബന്ധപ്പെട്ട ടെന്‍ഡര്‍ നടപടികളുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

















