നിയമസഭാ പ്രതിപക്ഷ ഉപനേതാവ് പദവിയുടെ പേരില്‍ സി.പി.എം-സി.പി.ഐ തര്‍ക്കം പുതിയ തലത്തിലേക്ക് കടന്നതോടെ മുതിര്‍ന്ന നേതാക്കള്‍ വളരെ തന്ത്രപരമായ വാഗ്വാദങ്ങളില്‍ ഏര്‍പ്പെടുകയാണിപ്പോള്‍. അതില്‍ സി.പി.ഐയുടെ വലതുപക്ഷ രാഷ്ട്രീയം മുതല്‍ അടിയന്തിരാവസ്ഥ കാലം വരെ ബോധപൂര്‍വ്വം ഉള്‍പ്പെടുത്തുന്നുമുണ്ട്. സി.പി.എം നേതാവ് എ.കെ. ബാലനാണ് ഒടുവില്‍ സി.പി.ഐയ്ക്ക് മറുപടി നല്‍കിയിരിക്കുന്നത്. സി.പി.ഐ അകിടു നിറഞ്ഞു പില്‍ നില്‍ക്കുന്ന ആടിനെ കണ്ടതു പോലെയാണ് പെരുമാറുന്നതെന്ന വ്യംഗ്യാര്ത്ഥം ഉപയോഗിച്ചാണ് മറുപടി നല്‍കിയിരിക്കുന്നത്. മുന്‍മന്ത്രി വി. ശിവന്‍കുട്ടിയും സി.പി.ഐയെ ആക്ഷേപിച്ചിരുന്നു. സി.പി.ഐ അവരുടെ ആഗ്രഹം പറഞ്ഞു എന്നേയുള്ളൂ. എന്നാല്‍, പിണറായി പറഞ്ഞത് നേരത്തേ നടക്കുന്ന കാര്യമാണെന്നാണ് എ.കെ. ബാലന്റെ വാദം.
എന്നാല്‍, സി.പി.ഐയുടെ ആവശ്യം ന്യായമാണെന്നോ നല്‍കേണ്ടതാണെന്നോ ഉള്ള സൂചന പോലും ഒരു നേതാവില്‍ നിന്നും ഉണ്ടായിട്ടില്ല എന്നിടത്താണ് വലിയ പോരാട്ടം മണക്കുന്നത്. സി.പി.ഐയാകട്ടെ പ്രതിപക്ഷ ഉപനേതൃസ്ഥാനം കിട്ടിയേ മതിയാകൂ എന്ന വാശിയിലും. പരസ്പര ചര്‍ച്ചകള്‍ക്കു പോലും നില്‍ക്കാതെ പിണറായി വിജയന്‍ പ്രതിപക് ഉപനേതൃസ്ഥാനം സി.പി.എമ്മിന് തന്നെയെന്നു പറഞ്ഞിടത്താണ് കാര്യങ്ങള്‍ ഇപ്പോഴും നില്‍ക്കുന്നത്. അതിന് മാറ്റം വന്നിട്ടില്ല. സ്ഥാനത്തിന്റെ പേരിലല്ല പിണറായി വിജയന്‍ പരസ്യമായി പറഞ്ഞതിന്റെ പേരിലാണ് സി.പി.ഐയ്ക്ക് ജാള്യത. പിണറായി പരസ്യമായി പറഞ്ഞില്ലായിരുന്നെങ്കില്‍, എല്‍.ഡി.എഫില്‍ സമവായം ഉണ്ടായെന്ന മുട്ടാ ന്യായം പറഞ്ഞ് സി.പി.ഐയ്ക്ക് ഈ വിഷയത്തില്‍ നിന്നും തലയൂരാമായിരുന്നു.
എന്നാലിപ്പോള്‍ ചോദിച്ചതു കിട്ടുകയും ചെയ്തില്ല, സി.പി.എമ്മിന്റെ വാക്ക് കേള്‍ക്കേണ്ടിയും വന്നു എന്ന സ്ഥിതിയിലേക്ക് കൂപ്പുകുത്തി. കേന്ദ്രനേതൃത്വങ്ങള്‍ തമ്മില്‍ ചര്‍ച്ച നടത്തി തീരുമാനിക്കട്ടെയെന്ന നിലപാടിലായിരുന്നു സി.പി.ഐ എന്നാല്‍, നിരന്തരം സംഭവിച്ചു കൊണ്ടിരിക്കുന്ന ഒരു കാര്യത്തില്‍ സി.പി.ഐ എന്തിനാണ് വാശി പടിക്കുന്നതെന്നതില്‍ സി.പി.എമ്മിന് ആശങ്കയുണ്ട്. അതിന് കാരണം ഇതാണ്. വരാനിരിക്കുന്ന രാജ്യസഭാ സീറ്റില്‍ ഉണ്ടാകുന്ന ഒഴിവ്. ഇതാണ് നിയമസഭാ പ്രതിപക്ഷ ഉപനേതൃപദവിയെച്ചൊല്ലി പിണറായി വിജയനും സിപിഐയും തമ്മിലുള്ള അസ്വാരസ്യങ്ങള്‍ പുതിയ രാഷ്ട്രീയ പോര്‍മുഖം തുറക്കാനിടയായത്.
ഉപനേതൃപദവി വിട്ടുനല്‍കില്ലെന്ന നിലപാടില്‍ സി.പി.എം കടുംപിടുത്തം തുടര്‍ന്നാല്‍, നിയമസഭയില്‍ പ്രതിപക്ഷ മുന്നണിയില്‍ നിന്ന് മാറി പ്രത്യേക ബ്ലോക്കായി ഇരിക്കാന്‍ സി.പി.ഐ ആലോചിക്കുന്നുണ്ട്. ഇതാണ് ഒരു തന്ത്രം. ഇതിനു പിന്നാലെ, ഏഴ് മാസത്തിനുള്ളില്‍ നടക്കാനിരിക്കുന്ന നിര്‍ണ്ണായകമായ രാജ്യസഭാ തിരഞ്ഞെടുപ്പ്, സി.പി.എമ്മിനെ സമ്മര്‍ദ്ദത്തിലാക്കാനുള്ള പ്രധാന രാഷ്ട്രീയ തുറുപ്പുചീട്ടാക്കി മാറ്റാനാണ് സി.പി.ഐയുടെ രണ്ടാമത്തെ തന്ത്രം. ഇഥ് തന്ത്രമല്ല, കുതന്ത്രമാണ്. പാളയത്തില്‍ പടയൊരുക്കുന്ന കുതന്ത്രം. നിയമസഭയിലെ നിലവിലെ അംഗബലമനുസരിച്ച് സി.പി.ഐയുടെ വോട്ടില്ലാതെ സി.പി.എമ്മിന് രാജ്യസഭയിലേക്ക് സ്വന്തം സ്ഥാനാര്‍ത്ഥിയെ വിജയിപ്പിച്ചെടുക്കാനാവില്ലെന്ന യാഥാര്‍ത്ഥ്യമാണ് ഇടതുമുന്നണിയിലെ സമവാക്യങ്ങളെ കീഴ്മേല്‍ മറിക്കുന്നത്.
2027 ഏപ്രിലില്‍ കാലാവധി പൂര്‍ത്തിയാക്കുന്ന രാജ്യസഭാ എം.പിമാരുടെ പട്ടികയില്‍ മുസ്ലിം ലീഗിന്റെ പി.വി. അബ്ദുല്‍ വഹാബ്, സി.പി.എമ്മിന്റെ ജോണ്‍ ബ്രിട്ടാസ്, ഡോ. വി. ശിവദാസന്‍ എന്നിവരാണ് ഉള്‍പ്പെടുന്നത്. 140 അംഗ നിയമസഭയില്‍ ഒരാള്‍ക്ക് വിജയിക്കാന്‍ ആദ്യ മുന്‍ഗണനാ വോട്ടായി കുറഞ്ഞത് 36 വോട്ടുകള്‍ ആവശ്യമാണ്. നിലവില്‍ 102 എം.എല്‍.എമാരുള്ള ഭരണപക്ഷമായ യു.ഡി.എഫിന് (UDF) യാതൊരു തടസ്സവുമില്ലാതെ രണ്ട് രാജ്യസഭാ സീറ്റുകള്‍ അനായാസം വിജയിപ്പിക്കാനാകും. എന്നാല്‍ പ്രതിപക്ഷമായ എല്‍.ഡി.എഫിന് ആകെ 35 അംഗങ്ങള്‍ മാത്രമാണുള്ളത് (സി.പി.എം-26, സി.പി.ഐ-8, ആര്‍.ജെ.ഡി-1). സി.പി.എമ്മിന് സ്വന്തമായി ഉള്ളത് വെറും 26 വോട്ടുകള്‍ മാത്രമായതിനാല്‍, സി.പി.ഐയുടെ എട്ട് അംഗങ്ങളുടെ പിന്തുണയില്ലാതെ മൂന്നാമതൊരു സീറ്റ് നേടുക സാധ്യമല്ല.
എല്‍.ഡി.എഫിലെ ഈ പടലപ്പിണക്കം രാഷ്ട്രീയമായി ഉപയോഗിക്കാന്‍ യു.ഡി.എഫ് തയ്യാറെടുത്താല്‍ മത്സരം അത്യന്തം സങ്കീര്‍ണ്ണമാകും. യു.ഡി.എഫ് മൂന്നാമതൊരു സ്ഥാനാര്‍ത്ഥിയെക്കൂടി അധികമായി നിര്‍ത്തുകയോ, സി.പി.ഐ ഒറ്റയ്ക്ക് സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയാല്‍ അവരെ പിന്തുണയ്ക്കുകയോ ചെയ്താല്‍ സി.പി.എമ്മിന് അത് കനത്ത പ്രഹരമാകും. മൂന്നാം സീറ്റിലേക്ക് മത്സരം വന്നാല്‍ യു.ഡി.എഫിന് മിച്ചമുള്ള 30 വോട്ടുകളും എല്‍.ഡി.എഫിന് ആകെ 35 വോട്ടുകളുമാകും ഉണ്ടാവുക. മൂന്ന് അംഗങ്ങളുള്ള ബി.ജെ.പി വിട്ടുനില്‍ക്കുകയാണെങ്കില്‍ 35 വോട്ടുള്ള എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ജയിക്കും.
എന്നാല്‍ സമനിലയോ വോട്ട് ചോര്‍ച്ചയോ ഉണ്ടായാല്‍ ഭാഗ്യപരീക്ഷണത്തിലേക്ക് കാര്യങ്ങള്‍ നീങ്ങും.
ആദ്യ രണ്ട് സീറ്റുകളിലേക്ക് വോട്ട് ചെയ്ത യു.ഡി.എഫ് അംഗങ്ങളുടെ രണ്ടാം മുന്‍ഗണനാ വോട്ടുകള്‍ കൂടി കണക്കാക്കുന്ന സാഹചര്യമുണ്ടായാല്‍ എല്‍.ഡി.എഫ് പൂര്‍ണ്ണമായും പരാജയപ്പെടും. കാരണം 35 സീറ്റുകള്‍ മാത്രമുള്ള എല്‍.ഡി.എഫിന് രണ്ടാം മുന്‍ഗണനാ വോട്ടുകള്‍ ബാക്കി കാണില്ല. ഉപനേതൃപദവി തര്‍ക്കം രൂക്ഷമായതോടെ ഇരുപാര്‍ട്ടികളുടെയും കേന്ദ്ര നേതൃത്വങ്ങള്‍ വിഷയത്തില്‍ എന്ത് നിലപാട് സ്വീകരിക്കും എന്നതിനെ ആശ്രയിച്ചായിരിക്കും മുന്നണിയുടെ ഭാവി. മുന്നണി കണ്‍വീനറും സി.പി.ഐ നേതൃത്വവും തമ്മില്‍ അനുനയ ചര്‍ച്ചകള്‍ നടത്തുമെന്ന പ്രതീക്ഷകള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും തങ്ങളുടെ ന്യായമായ അവകാശം വിട്ടുകൊടുക്കേണ്ടതില്ലെന്ന കടുത്ത വികാരത്തിലാണ് സി.പി.ഐ സംസ്ഥാന നേതൃത്വം.
രാജ്യസഭാ തിരഞ്ഞെടുപ്പില്‍ കാലിടറിയാല്‍ ദേശീയ രാഷ്ട്രീയത്തില്‍ സി.പി.എമ്മിനുണ്ടാകുന്ന ക്ഷീണം വലുതായിരിക്കും എന്നതിനാല്‍ വരും ദിവസങ്ങളില്‍ ഉപനേതൃപദവി വിഷയത്തില്‍ സി.പി.എം വിട്ടുവീഴ്ചകള്‍ക്ക് തയ്യാറാകുമോ എന്നാണ് അറിയേണ്ടത്.

















