Kerala

കാലിഫോർണിയയിൽ കൊല്ലപ്പെട്ട അഞ്ജനയുടെ മൃതദേഹം ഒരാഴ്ചയ്ക്കുള്ളിൽ നാട്ടിലെത്തിക്കും; നടപടികൾ പുരോഗമിക്കുന്നു

തൃശൂർ: അമേരിക്കയിലെ കാലിഫോർണിയയിൽ കൊല്ലപ്പെട്ട മലയാളി യുവതി അഞ്ജനയുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു. കേന്ദ്രമന്ത്രിയും തൃശൂർ എംപിയുമായ സുരേഷ് ഗോപിയുടെ നേതൃത്വത്തിലാണ് മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള ഇടപെടലുകൾ നടക്കുന്നത്. ഒരാഴ്ചയ്ക്കുള്ളിൽ മൃതദേഹം നാട്ടിലെത്തിക്കാനാകുമെന്ന പ്രതീക്ഷയിലാണ് കുടുംബം.

കൊലപാതകക്കേസായതിനാൽ അമേരിക്കൻ അധികൃതരുടെ അന്വേഷണ നടപടികളും ആവശ്യമായ ഡോക്യുമെന്റേഷനും പൂർത്തിയാക്കിയ ശേഷമേ മൃതദേഹം വിട്ടുനൽകുകയുള്ളൂവെന്ന് സുരേഷ് ഗോപി അഞ്ജനയുടെ ബന്ധുക്കളെ അറിയിച്ചിട്ടുണ്ട്. മൃതദേഹം നാട്ടിലെത്തിക്കുന്നതിനായി ഇന്ത്യൻ കോൺസുലേറ്റുമായും ബന്ധപ്പെട്ട അധികൃതരുമായും ഏകോപനം തുടരുകയാണ്.

കാലിഫോർണിയയിലെ മിൽപിറ്റാസിലാണ് അഞ്ജന ഹരി കൊല്ലപ്പെട്ടത്. തൃശൂർ പാണഞ്ചേരി സ്വദേശിനിയായ അഞ്ജനയ്ക്ക് 35 വയസായിരുന്നു. സംഭവത്തിൽ മറ്റൊരു മലയാളി യുവതിയായ ആൻ മേരി മാത്യുവും കൊല്ലപ്പെട്ടിരുന്നു. ഇരുവരും ഒരേ അപ്പാർട്ട്മെന്റ് സമുച്ചയത്തിൽ കുടുംബത്തോടൊപ്പം താമസിച്ചുവരികയായിരുന്നു.

ഓഗസ്റ്റ് 28നാണ് ദാരുണമായ സംഭവം നടന്നത്. അഞ്ജനയെ അപ്പാർട്ട്മെന്റ് സമുച്ചയത്തിലെ പാർക്കിങ് ഏരിയയിൽ വാഹനമിടിച്ച് കൊലപ്പെടുത്തിയ നിലയിലാണ് കണ്ടെത്തിയത്. ആൻ മേരി മാത്യുവിനെ പിന്നീട് അപ്പാർട്ട്മെന്റിനുള്ളിൽ മരിച്ച നിലയിലും കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് ഇവരുടെ പരിചയക്കാരിയായ കോട്ടയം സ്വദേശിനി അനിലയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

കേസിന്റെ യഥാർഥ കാരണം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ അന്വേഷണം തുടരുകയാണ്. അമേരിക്കൻ അധികൃതരിൽ നിന്നുള്ള ഔദ്യോഗിക വിവരങ്ങൾ ലഭിച്ച ശേഷമേ കൊലപാതകത്തിന്റെ പശ്ചാത്തലവും മറ്റ് വിശദാംശങ്ങളും വ്യക്തമാകൂ.

അഞ്ജനയുടെ മൃതദേഹം എത്രയും വേഗം നാട്ടിലെത്തിച്ച് കുടുംബത്തിന് കൈമാറുന്നതിനുള്ള നടപടികളാണ് ഇപ്പോൾ പുരോഗമിക്കുന്നത്.