അന്തരിച്ച പ്രശസ്ത കലാ-സാംസ്കാരിക പ്രതിഭ സൂര്യ കൃഷ്ണമൂർത്തിയുടെ സംസ്കാരം ഇന്ന് നടക്കും. തിരുവനന്തപുരം തൈക്കാട്ടെ വസതിയിൽ രാവിലെ മുതൽ പൊതുദർശനം ആരംഭിക്കും. വൈകിട്ട് അഞ്ചിന് ശാന്തികവാടത്തിലാണ് സംസ്കാരച്ചടങ്ങുകൾ നടക്കുക.
പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെയായിരിക്കും സംസ്കാരച്ചടങ്ങുകൾ നടക്കുക.
വിയോഗവാർത്ത അറിഞ്ഞതുമുതൽ കലാ-സാംസ്കാരിക, രാഷ്ട്രീയ രംഗത്തെ നിരവധി പ്രമുഖരും ജനങ്ങളും അദ്ദേഹത്തിന് അന്ത്യാഞ്ജലി അർപ്പിക്കാൻ വസതിയിലെത്തുന്നുണ്ട്.
ന്യൂമോണിയ ബാധിച്ച് ചികിത്സയിലിരിക്കെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ഇന്നലെ വൈകിട്ടായിരുന്നു സൂര്യ കൃഷ്ണമൂർത്തിയുടെ അന്ത്യം.
കേരള സംഗീത നാടക അക്കാദമി ചെയർമാൻ എന്ന നിലയിൽ സംസ്ഥാനത്തെ നാടക-ദൃശ്യകലാ രംഗത്ത് നിരവധി വിപ്ലവകരമായ മാറ്റങ്ങൾക്ക് അദ്ദേഹം തുടക്കമിട്ടു. സാംസ്‌കാരിക രംഗത്തെ സമഗ്ര സംഭാവനകൾ പരിഗണിച്ച് രാജ്യം അദ്ദേഹത്തിന് പദ്മശ്രീ ബഹുമതി നൽകി ആദരിച്ചിട്ടുണ്ട്.
കലാസാംസ്‌കാരിക കൂട്ടായ്മകളുടെ മുൻനിരക്കാരനും ലോകത്തിലെ ഏറ്റവും വലിയ സാംസ്‌കാരിക പ്രസ്ഥാനങ്ങളിലൊന്നായ ‘സൂര്യ കൾച്ചറൽ സൊസൈറ്റി’യുടെ സ്ഥാപകനുമാണ്.
ഇന്ത്യൻ ബഹിരാകാശ ഗവേഷണ കേന്ദ്രത്തിൽ ശാസ്ത്രജ്ഞനായി ദീർഘകാലം സേവനമനുഷ്ഠിച്ച ശേഷമാണ് അദ്ദേഹം പൂർണമായും കലാ-സാംസ്‌കാരിക രംഗത്തേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചത്. തിരുവനന്തപുരം കേന്ദ്രീകരിച്ച് അദ്ദേഹം തുടക്കം കുറിച്ച ‘സൂര്യ ഫെസ്റ്റിവൽ’ ലോകമെമ്പാടുമുള്ള കലാസ്നേഹികളുടെ ശ്രദ്ധ പിടിച്ചുപറ്റി.















