ശബരിമല സന്നിധാനത്തെ സ്ട്രോങ് റൂമിൽ സൂക്ഷിച്ചിരുന്ന വിലപിടിപ്പുള്ള സ്വർണക്കിരീടവും കാണാതായതായി കണ്ടെത്തി. തിരുവാഭരണങ്ങളുടെ കണക്കെടുപ്പിനിടെയാണ് യഥാർഥ സ്വർണക്കിരീടത്തിന് പകരം മുക്കുപണ്ടത്തിൽ നിർമിച്ച വ്യാജ കിരീടം സൂക്ഷിച്ചിരിക്കുന്നതായി കണ്ടെത്തിയത്. 55.72 പവൻ (445.78 ഗ്രാം) തൂക്കമുള്ളതായിരുന്നു കാണാതായ സ്വർണക്കിരീടം.
2012-ൽ തമിഴ്‌നാട്ടിൽ നിന്നുള്ള ഭക്തരാണ് വജ്രങ്ങൾ പതിപ്പിച്ച ഈ സ്വർണക്കിരീടം ശബരിമലയിൽ സമർപ്പിച്ചത്.
യഥാർത്ഥ കിരീടത്തിന് 445.78 ഗ്രാം തൂക്കമുണ്ടായിരുന്ന സ്ഥാനത്ത് നിലവിൽ സ്ട്രോങ് റൂമിലുള്ള പകരം കിരീടത്തിന് 240 ഗ്രാം മാത്രമാണ് തൂക്കമുള്ളത്.
ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറി ജസ്റ്റിസ് കെ.ടി. ശങ്കരന്റെ നേതൃത്വത്തിൽ നടത്തിയ തിരുവാഭരണങ്ങളുടെ കണക്കെടുപ്പിലാണ് സ്വർണക്കിരീടം കാണാതായ വിവരം പുറത്തുവന്നത്.
തിരുവാഭരണങ്ങളുടെ കണക്കെടുപ്പിനിടെ കണ്ടെത്തിയ ക്രമക്കേടുകളിൽ കൂടുതൽ പരിശോധനകൾ തുടരുകയാണ്.
സ്വർണക്കിരീടം എപ്പോൾ മാറ്റിയെന്നും ഇതിന് പിന്നിൽ ആരാണെന്നും ഉൾപ്പെടെയുള്ള കാര്യങ്ങൾ അന്വേഷണത്തിലൂടെ വ്യക്തമാകേണ്ടതുണ്ട്.















