തേങ്ങാപ്പാൽ ചേർത്തുള്ള കറികൾക്ക് പ്രത്യേക രുചിയാണ്. എന്നാൽ തേങ്ങ ചിരകിയെടുത്ത് മിക്സിയിൽ അടിച്ച് അരിച്ചെടുക്കുന്നത് പലർക്കും മടുപ്പുള്ള ജോലിയാണ്. പ്രത്യേകിച്ച് തിരക്കുള്ള ദിവസങ്ങളിൽ തേങ്ങ ചിരകാൻ തന്നെ ഏറെ സമയം ചെലവാകും.തേങ്ങ ചിരകാതെ തന്നെ എളുപ്പത്തിൽ തേങ്ങാപ്പാൽ തയ്യാറാക്കാൻ സാധിക്കും.
ഇതിനായി ആദ്യം തേങ്ങ മുഴുവനായി (ചിരട്ടയോടുകൂടി) വെള്ളത്തിൽ ഇട്ട് നന്നായി തിളപ്പിക്കണം. തേങ്ങ നന്നായി ചൂടായ ശേഷം പുറത്തെടുത്ത് കുറച്ചുനേരം തണുക്കാൻ അനുവദിക്കണം.തണുത്തശേഷം തേങ്ങ പൊട്ടിച്ച് കാമ്പ് വേർതിരിച്ചെടുക്കുക.
കാമ്പ് ചെറിയ കഷ്ണങ്ങളാക്കി മിക്സിയുടെ ജാറിൽ ഇടാം. ഇതിലേക്ക് ആവശ്യത്തിന് ചെറുചൂടുവെള്ളം ചേർത്ത് നന്നായി അരച്ചെടുക്കുക. അരച്ചെടുത്ത മിശ്രിതം അരിപ്പയിലൂടെയോ വൃത്തിയുള്ള കോട്ടൺ തുണിയിലൂടെയോ അരിച്ചെടുത്ത് നന്നായി പിഴിയുക.
ഇതോടെ കട്ടിയുള്ള ഒന്നാം പാൽ തയ്യാറാകും.ഒന്നാം പാൽ എടുത്തശേഷം ബാക്കിയാകുന്ന തേങ്ങയിലേക്ക് വീണ്ടും അൽപം ചൂടുവെള്ളം ചേർക്കുക.
ഇത് മിക്സിയിൽ ഒന്നുകൂടി അരച്ച് പിഴിഞ്ഞെടുത്താൽ രണ്ടാം പാൽ ലഭിക്കും. തേങ്ങ ചിരകുന്ന ജോലി ഒഴിവാക്കാം എന്നതാണ് ഈ രീതിയുടെ പ്രധാന പ്രത്യേകത.

















