ഗതാഗത സൗകര്യങ്ങൾ കുറവുള്ള വിദൂര പ്രദേശങ്ങളിലേക്ക് അടിയന്തര മരുന്നുകളും മെഡിക്കൽ സാമഗ്രികളും വേഗത്തിൽ എത്തിക്കുന്നതിനായി അത്യാധുനിക ഡ്രോൺ സംവിധാനമൊരുക്കി ഒമാൻ. ‘സ്കൈ ബ്രിഡ്ജ്’ സംരംഭത്തിന്റെ രണ്ടാം ഘട്ടത്തിന് ദോഫാറിൽ തുടക്കമായി. ദോഫാർ ഗവർണറേറ്റിൽ നിന്ന് അൽ ഹലാനിയത്ത് ദ്വീപുകളിലേക്കാണ് ഡ്രോൺ വഴി മരുന്നുകൾ എത്തിക്കുന്നത്.
ദോഫാർ ഗവർണർ സയ്യിദ് മർവാൻ ബിൻ തുർക്കി അൽ സഈദിന്റെ രക്ഷാകർതൃത്വത്തിലാണ് സ്കൈ ബ്രിഡ്ജ് രണ്ടാം ഘട്ടത്തിന് ദോഫാറിൽ തുടക്കമായത്. ഗൾഫ് ഗ്രീൻ മൊബിലിറ്റി ഫോറത്തിന്റെ ഭാഗമായി ഗതാഗത, ആശയവിനിമയ, വിവര സാങ്കേതിക മന്ത്രാലയവും സിവിൽ ഏവിയേഷൻ അതോറിറ്റിയും സംയുക്തമായാണ് പദ്ധതി സംഘടിപ്പിക്കുന്നത്.
പൂർണമായും ഒമാനിൽ കൂട്ടിച്ചേർത്ത “സഹ്ം” ഡ്രോൺ ഉപയോഗിച്ചാണ് ദൗത്യം. മണിക്കൂറിൽ 120 കിലോമീറ്ററിലധികം വേഗതയിൽ 2,000 മീറ്റർ ഉയരത്തിൽ പറക്കാൻ ശേഷിയുള്ള ഡ്രോണിന് 150 കിലോഗ്രാം ഭാരം വരെ വഹിക്കാനാകും.
പദ്ധതിയുടെ ആസൂത്രണം, ഡ്രോൺ പ്രവർത്തനം, വ്യോമ സുരക്ഷാ പരിശോധനകൾ എന്നിവയെല്ലാം പ്രത്യേക പരിശീലനം ലഭിച്ച ഒമാനി സാങ്കേതിക വിദഗ്ദ്ധരാണ് കൈകാര്യം ചെയ്യുന്നത്. ലോജിസ്റ്റിക്സ് മേഖലയിൽ ആധുനിക സാങ്കേതികവിദ്യ പ്രാദേശികവൽക്കരിക്കാനും, പ്രകൃതിദത്തമായ വെല്ലുവിളികളെ മറികടന്ന് അടിയന്തര മരുന്നുകൾ വേഗത്തിൽ എത്തിക്കാനുമാണ് പദ്ധതി. ‘ഒമാൻ വിഷൻ 2040’-ന്റെ ചുവടുവെയ്പ്പാണ് നീക്കം. മിലിറ്ററി ടെക്നിക്കൽ കോളേജിൽ നിന്ന് ജബൽ അൽ അക്ദറിലേക്ക് 100 കിലോഗ്രാം മരുന്നുകൾ എത്തിച്ച സ്കൈ ബ്രിഡ്ജിന്റെ ഒന്നാം ഘട്ടം നേരത്തെ വിജയകരമായി പൂർത്തിയാക്കിയിരുന്നു.

















