സ്വന്തം വസ്തു സഹോദരിയുടെ മകളോടുള്ള സ്‌നേഹക്കൂടുതല്‍ കൊണ്ട് വീടുവെയ്ക്കാന്‍ വേണ്ടി എഴുതിക്കൊടുത്ത വലിയ മനസ്സുള്ള ഒരു വന്ദ്യവയോധികയുടെ കരച്ചില്‍ കേള്‍ക്കാന്‍, തട്ടിപ്പാണെന്ന് പൂര്‍ണ്ണ ബോധ്യമുണ്ടായിട്ടും ആരും തയ്യാറാകുന്നില്ല. എല്ലാം നിയമപരമായി ശരിയാണ് എന്ന ന്യായയത്തില്‍ വൃദ്ധയെ ആട്ടിപായിക്കുകയാണ്. തിരുവനന്തപുരം ജില്ലയില്‍ പേയാട് കാക്കുളം ചെരുവിള പുത്തന്‍ വീട്ടില്‍ വസന്ത (67)യുടെ ഭൂമി ആധാരം ചെയ്‌തെടുത്ത ശേഷം വഴിയാധാരമാക്കിയത് ‘നിയമ’സഭയില്‍ ജോലിയുള്ള സഹോദരിയുടെ മകള്‍ സുഗന്ധിയാണ്. മരണം വരെയും നോക്കിക്കൊള്ളാമെന്ന വാഗ്ദാനം നല്‍കിയും, സ്വന്തമായി വീടുവെച്ചാല്‍ അതില്‍ കഴിയാമെന്നും മോഹിപ്പിച്ചുമാണ് വസന്തയുടെ അഞ്ചുസെന്റ് സ്ഥലം എഴുതി വാങ്ങിയത്.
വിവാഹം കഴിക്കാത്ത വസന്തയ്ക്ക് കുടുംബ ഷെയറായി കിട്ടതാണ് ഈ സ്ഥലം. എന്നാല്‍, സുഗന്ധിക്കും, കൃഷിവകുപ്പില്‍ ജോലിയുള്ള ഭര്‍ത്താവ് ബിജുമോനും പ്രമാണം ചെയ്തു കൊടുക്കുമ്പോള്‍, അതില്‍ തന്റെ വസ്തുവിന്‍മേലുള്ള അധികാരാവകാശങ്ങള്‍ നിര്‍ത്തിക്കൊണ്ടാണ് എഴുതിയിരുന്നത്. എന്നാല്‍, വസ്തുവിന്‍മേല്‍ അധികാരാവകാശം വസന്തയ്ക്കുണ്ടായിരുന്നാല്‍, അത് ഭാവിയില്‍ ബുദ്ധിമുട്ടാകുമെന്ന് സര്‍ക്കാര്‍ സര്‍വ്വീസില്‍ ഇരിക്കുന്ന ഭാര്യയ്ക്കും ഭര്‍ത്താവിനും മനസ്സിലായി. തുടര്‍ന്നാണ് വസ്തുവിന്‍മേലുള്ള വസന്തയുടെ അധികാരാവകാശങ്ങള്‍ ഒഴിഞ്ഞു തരാന്‍ വേണ്ടിയുള്ള നീക്കങ്ങള്‍ നടത്തിയത്. ഇതില്‍ സുഗന്ധിയും ബിജുമോനും വിജയിച്ചു.
50 രൂപ പത്രത്തില്‍ 500 രൂപയ്ക്ക് വിലയാധാരമായി 5 സെന്റ് സ്ഥലം കൊടുക്കുന്നതായും, സ്ഥലത്തിന്‍മേലുള്ള അധികാരാവകാശങ്ങള്‍ കൈമാറുന്നുവെന്നും വസന്തയെ കൊണ്ട് എഴുതി വാങ്ങിപ്പിച്ചു. അങ്ങനെ എഴുത്തും വായനയും അറിയാത്ത വസന്തയെ നിയമപരമായി തെളിവുകള്‍ അനുകൂലമാക്കി പറ്റിച്ചു. ഈ തെളിവും നിയമവും വെച്ചുകൊണ്ടാണ് ഇപ്പോള്‍ വസന്ത എന്ന തിരുമല ചന്തയില്‍ പച്ചക്കറി വില്‍ക്കുന്ന വൃദ്ധയെ പൂട്ടിക്കെട്ടി തെരുവില്‍ നിര്‍ത്തിയിരിക്കുന്നത്. വസന്തയെ കബളിപ്പിച്ച് കൈക്കലാക്കിയ വസ്തു ബാങ്കില്‍ ലോണിനായി സമര്‍പ്പിച്ച്, വീടും വെച്ചു. എന്നാല്‍, ജീവിതകാലം മുഴുവന്‍ നോക്കിക്കൊള്ളാമെന്ന വാക്ക് കൊടുത്തിരിക്കുന്നതിനാല്‍ വസന്തയെ ഒഴിവാക്കാനുള്ള നീക്കങ്ങളായിരുന്നു പിന്നീട് സുഗന്ധി നടത്തിയത്.
മാനുഷിക പരിഗണനയോ, സ്ത്രിയെന്ന പരിഗണനയോ, വന്ദ്യ വയോധികയാണെന്ന പരിഗണനയോ നല്‍കാതെ വസന്തയെ അടിച്ചിറക്കുകയായിരുന്ന് വസന്തയും നാട്ടുകാരും പറയുന്നു. ഭൂമിയിന്‍മേലുള്ള എല്ലാ നിയമപരമായ അവകാശങ്ങളും നഷ്ടപ്പെട്ടതോടെ വസന്തയ്ക്ക് വീടുവിട്ടിറങ്ങേണ്ടി വന്നു. വസന്തയുടെ സഹോദരിയായ രത്‌നമ്മയുടെ മകള്‍ സുഗന്ധിക്ക് വിവാഹത്തിന് 30സെന്റിനു മുകളില്‍ ഭൂമിയും, പണവും സ്വര്‍ണ്ണവും സ്ത്രീധനം നല്‍കിയാണ് കല്യാണം കഴിപ്പിച്ചു വിട്ടത്. എന്നിട്ടും, ആ ഭൂമിയൊന്നും തൊടാതെ വസന്തയുടെ ഭൂമി തട്ടിയെടുക്കാനായിരുന്നു വീടുവെയ്ക്കല്‍ നാടകം നടത്തിയത്. ആദ്യമൊന്നും കൊടുക്കാന്‍ മനസ്സു വന്നില്ലെങ്കിലും വീടില്ലാതെ ജീവിക്കാന്‍ കഴിയാത്ത സാഹചര്യവും, സുഗന്ധിയോടുള്ള സ്‌നേഹവും, തന്നെ നോക്കിക്കൊള്ളുമെന്ന വിശ്വാസവും ഉണ്ടായതാണ് മനസ്സു മാറാന്‍ കാരണം.
ലോണെടുത്തു വെച്ച വീട്ടില്‍ താമസിക്കാന്‍ തയ്യാറാകാതെ സുഗന്ധിയും കുടുംബവും വാടക വീട്ടിലേക്ക് മാറി. തുടര്‍ന്ന് ലോണ്‍ അടയ്ക്കാതെ മുടക്കം വരുത്തി. വീടും സ്ഥലവും ബാങ്ക് ജപ്തി ചെയ്തു. ബാങ്കിനു കിട്ടേണ്ട മുതലും പലിശയും ഒഴിച്ച് ബാക്കിതുക സുഗന്ധിയുടെ അക്കൗണ്ടിലേക്കു മാറ്റി. വീടും സ്ഥലവും ജപ്തി ആയതോടെയാണ് വസന്ത അനാഥമായത്. ഇതോടെ തന്നെ കബളിപ്പിച്ചാണ് വസ്തു വാങ്ങിയതെന്നും, വീടുവെച്ച് ലോണടയ്ക്കാതെ ജപ്തിയിലേക്ക് ബോധപൂര്‍വ്വം കൊണ്ടുപോയതാണെന്ന് വസന്തയ്ക്കു മനസ്സിലായത്. ഇപ്പോള്‍ വസന്തയുടെ വസ്തു ജപ്തി ചെയ്ത വകയില്‍ ബാങ്ക് നല്‍കിയ തുക സുഗന്ധി കൈവശപ്പെടുത്തിയിരിക്കുകയാണ്.
ആ തുകയെങ്കിലും വസന്തയ്ക്കു വാങ്ങി നല്‍കാനുള്ള ഇടപെടലാണ് അധികൃതര്‍ നടത്തേണ്ടത്. കളക്ട്രേറ്റിലും ട്രിബ്യൂണലിലും വര്‍ഷങ്ങളോളം പരാതിയുമായി കയറിയിറങ്ങിയ വസന്തയ്ക്ക് നീതിയും നിയമവും കൂടെ നിന്നില്ല എന്ന പരാതിയുമുണ്ട്. കാരണം, നിയമപരമായി വസന്ത 500രൂപയ്ക്ക് വിലയാധാരം എവുതിയ വസ്തുവിന്‍മേല്‍ ഒരു അവകാശവും പറയാന്‍ കഴിയില്ല എന്നതു കൊണ്ടാണ് നീതിയും നിയമവും കൂടെ നില്‍ക്കാത്തത്. പക്ഷെ ഒരുകാര്യം മാത്രം നോക്കിയാല്‍ നീതിന്യായത്തിനും, നിയമ വ്യവസ്ഥയ്ക്കും മനുഷ്യത്വമുള്ളവര്‍ക്കും മനസ്സിലാകും. സെന്റിന് ലക്ഷങ്ങള്‍ വിലയുള്ള പേയാട് എന്ന സ്ഥലത്ത് 5 സെന്റ് സ്ഥലം വാങ്ങാന്‍ കുറഞ്ഞത് 40 ലക്ഷം രൂപയോളമാകും. 2000 ത്തിന് ശേഷമാണെങ്കില്‍പ്പോലും വിലയില്‍ മാറ്റമുണ്ടാകില്ല.
ആ സ്ഥലത്തിനാണ് സുഗന്ധിയും ബിജുമോനും ചേര്‍ന്ന് സെന്റിന് 100 രൂപ നല്‍കി 5 സെന്റ് സ്ഥലം 500രൂപയ്ക്ക് എവുതി വാങ്ങിയത്. ഇരുവരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമാണ്. ലക്ഷങ്ങള്‍ ശമ്പളം വാങ്ങുന്നവരുമാണ്. സര്‍ക്കാരിന്റെ സംരക്ഷണവുമുണ്ട്. ഈയൊരു കാര്യം മാത്രം നോക്കിയാല്‍ മനസ്സിലാകും വസന്തയെ കബളിപ്പിച്ചതാണെന്ന്. അല്ലെങ്കില്‍, വസ്തു വാങ്ങുമ്പോള്‍ ആധാരത്തില്‍ വിലകുറച്ചു കാണിച്ച്, സര്‍ക്കാരിന് കിട്ടേണ്ട നികുതി പണം വെട്ടിച്ചതാണ്. 500 രൂപ നല്‍കിയതു വഴി വസന്തയെ പറ്റിച്ചതോ, അതുമല്ലെങ്കില്‍ വിലയാധാരത്തില്‍ വിലകുറച്ചു കാണിച്ച് സര്‍ക്കാരിനെ പറ്റിച്ചതോ ആണ്. ഇതില്‍ ഏതാണ് സര്‍ക്കാര്‍ ജീവനക്കാരായ ദമ്പതികള്‍ ചെയ്തതെന്ന് അവരാണ് പറയേണ്ടത്.

















